
ഫിഫ ലോകകപ്പിന് ആതിഥേയത്വം വഹിക്കുന്ന ഖത്തറിൽ നിന്ന് കൈക്കൂലി വാങ്ങിയെന്ന് ആരോപണത്തെ തുടർന്ന് നടത്തിയ അന്വേഷണത്തിൽ യൂറോപ്യൻ പാർലമെന്റ് വൈസ് പ്രസിഡന്റ് അറസ്റ്റിൽ. ബെൽജിയൻ പൊലീസാണ് അറസ്റ്റ് ചെയ്തത്. ഗ്രീക്ക് സോഷ്യലിസ്റ്റ് നേതാവായ ഇവ കൈലിയാണ് അറസ്റ്റിലായത്.
കേസിൽ ഇറ്റലിയിൽ നിന്നുള്ള നാലു പേരെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തതിന് പിന്നാലെയാണ് ഇവയെ പൊലീസ് അറസ്റ്റ് ചെയ്തത്. ഗ്രീക്ക് സോഷ്യലിസ്റ്റ് നേതാവായ ഇവ കൈലിയോടൊപ്പം കസ്റ്റഡിയിലെടുത്ത ഇറ്റലിയിൽ നിന്നുള്ളവരുടെയും അറസ്റ്റ് രേഖപ്പെടുത്തി. ഇവരുടെ വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല
അറസ്റ്റിന് പിന്നാലെ ഇവയെ പാർട്ടിയിൽ നിന്ന് പുറത്താക്കിയതായി ഗ്രീക്ക് സോഷ്യലിസ്റ്റ് പ്രസിഡന്റ് ട്വീറ്റ് ചെയ്തു. കൂടാതെ യൂറോപ്യൻ പാർലമെന്റിലെ അധികാരങ്ങളിൽ നിന്ന് ഇവയെ മാറ്റി നിർത്തുകയും ചെയ്തിട്ടുണ്ട്. അതേസമയം ബ്രസ്സല്‍സിൽ 16 ഇടങ്ങളിൽ പൊലീസ് നടത്തിയ പരിശോധനയിൽ 600,000 യൂറോ പിടികൂടിയിരുന്നു. ഇവിടങ്ങളിൽ നിന്ന് മൊബൈൽ ഫോണുൾപ്പെടെയുള്ളവ പൊലീസ് പിടിച്ചെടുത്തിട്ടുണ്ട്. കേസിൽ ഇപ്പോഴും അന്വേഷണം തുടരുകയാണ്.
പണമോ സമ്മാനങ്ങളോ നൽകി യൂറോപ്യൻ പാർലമെന്റ് തീരുമാനങ്ങളെ സ്വാധീനിക്കാൻ ഗൾഫ് രാജ്യം ശ്രമിച്ചതായി ബെല്‍ജിയന്‍ അധികൃതര്‍ പറയുന്നു. ലോകകപ്പ് ആതിഥേയരായ ഖത്തർ തൊഴിലാളികളുടെ സംരക്ഷണത്തിലും മനുഷ്യാവകാശങ്ങളിലും വിമര്‍ശനങ്ങള്‍ നേരിടുന്ന പശ്ചാത്തലത്തിൽ പ്രതിച്ഛായ മെച്ചപ്പെടുത്താൻ വലിയ ശ്രമങ്ങള്‍ ക്കിടെയാണ് കൈക്കൂലി ആരോപണം ഉയർന്നിരിക്കുന്നത്.