വിവാഹ മോചനത്തിന് ഒരു വര്‍ഷം കാത്തിരിക്കണമെന്ന വ്യവസ്ഥ ഭരണഘടനാവിരുദ്ധം: ഹൈക്കോടതി

വിവാഹ മോചനത്തിന് ഒരു വര്‍ഷം കാത്തിരിക്കണമെന്ന വ്യവസ്ഥ ഭരണഘടനാവിരുദ്ധം: ഹൈക്കോടതികൊച്ചി: പരസ്പര സമ്മതപ്രകാരമുള്ള വിവാഹ മോചനത്തിന് അപേക്ഷിക്കുന്ന ദമ്പതികള്‍ ഒരു വര്‍ഷം കാത്തിരിക്കണമെന്ന വ്യവസ്ഥ ഭരണഘടനാവിരുദ്ധമെന്ന് ഹൈക്കോടതി. കാത്തിരിപ്പ് നിബന്ധന മൗലിക അവകാശങ്ങളുടെ ലംഘനമാണ്. ഇതിന്റെ പേരില്‍ കുടുംബക്കോടതികള്‍ അപേക്ഷ നിരസിക്കരുതെന്നും ഹൈക്കോടതി ഉത്തരവിട്ടു.


 ഈ നിബന്ധന ചൂണ്ടിക്കാട്ടി തങ്ങളുടെ വിവാഹമോചന അപേക്ഷ നിരസിച്ച കുടുംബ കോടതിയുടെ ഉത്തരവ് ചോദ്യം ചെയ്ത ദമ്പതികളുടെ ഹര്‍ജി പരിഗണിക്കുമ്പോള്‍ ആണ് ഹൈക്കോടതിയില്‍ നിന്നും ഈ വിമര്‍ശനം ഉണ്ടായത്. ക്രിസ്ത്യന്‍ ആചാരപ്രകാരമുള്ള വിവാഹങ്ങളെ കുറിച്ചാണ് കോടതിയുടെ പരാമര്‍ശം ഉണ്ടായത്. പരസ്പര സമ്മതത്തോടെയുള്ള വിവാഹ മോചനത്തിനായി വിവാഹം കഴിഞ്ഞ് ഒരു വര്‍ഷം കാത്തിരിക്കണമെന്ന നിബന്ധന മൗലികാവകാശങ്ങളുടെ ലംഘനവും ഭരണഘടന വിരുദ്ധവുമാണെന്ന് ഹൈക്കോടതി ചൂണ്ടിക്കാട്ടി. 


അപേക്ഷ അടിയന്തരമായി പരിഗണിക്കാനും രണ്ടാഴ്ചയ്ക്കകം വിവാഹമോചന ഹര്‍ജി തീര്‍പ്പാക്കാനും ബന്ധപ്പെട്ട കുടുംബ കോടതിക്ക് ഹൈക്കോടതി നിര്‍ദേശം നല്‍കി. തിരുവനന്തപുരം സ്വദേശി ആയ യുവാവും എറണാകുളം സ്വദേശിനിയായ യുവതിയുമാണ്  കുടുംബക്കോടതിക്കെതിരെ ഹൈക്കോടതിയെ സമീപിച്ചത്.