തുടർച്ചയായി നാലാം വിജയവുമായി കേരള ബ്ലാസ്റ്റേഴ്സ്

തുടർച്ചയായി നാലാം വിജയവുമായി കേരള ബ്ലാസ്റ്റേഴ്സ് 


ഐ എസ് എല്ലിൽ കേരള ബ്ലാസ്റ്റേഴ്സിന് തുടർച്ചയായ നാലാം വിജയം. ഇന്ന് എവേ മത്സരത്തിൽ ജംഷദ്പൂരിനെ നേരിട്ട കേരള ബ്ലാസ്റ്റേഴ്സ് മറുപടിയില്ലാത്ത ഒരു ഗോളിന് ആണ് വിജയിച്ചത്. ദിമിത്രിയോസ് നേടിയ ഗോളാണ് കേരള ബ്ലാസ്റ്റേഴ്സിന് വിജയം നൽകിയത്.

മത്സരത്തിന്റെ 17ആം മിനുട്ടിൽ ആയിരുന്നു കളിയിലെ ആദ്യ ഗോൾ. ലൂണ വിജയിച്ച ഫ്രീകിക്ക് താരം തന്നെ എടുത്തു. ലൂണയുടെ ഫ്രീകിക്ക് പെനാൾട്ടി ബോക്സിൽ അണ്മാർക്കിഡ് ആയിരുന്ന ദിമിത്രിയോ അനായാസം വലയിൽ എത്തിച്ചു. ദിമിത്രിയോസിന്റെ അവസാന നാലു മത്സരങ്ങളിൽ നിന്നുള്ള നാലാം ഗോളായിരുന്നു ഇത്.

35ആം മിനുട്ടിൽ ലൂണയുടെ ഒരു പാസിൽ നിന്ന് സഹലിന് ലീഡ് ഇരട്ടിയാക്കാനുള്ള അവസരം ലഭിച്ചു എങ്കിലും രണ്ടാം ഗോൾ വന്നില്ല. 37ആം മിനുട്ടിൽ ഗിലിന്റെ ഒരു നല്ല സേവ് കേരള ബ്ലാസ്റ്റേഴ്സിനെ ലീഡിൽ നിൽക്കാൻ സഹായിച്ചു.

രണ്ടാം പകുതിയിൽ തുടക്കത്തിൽ തന്നെ ഇവാന്റെ ഒരു സ്ക്രീമർ ഗോൾ വലക്ക് മുകളിലേക്ക് പോയി. ഇതിനു ശേഷം ജംഷദ്പൂർ പതിയെ കളിയിലേക്ക് വന്നു. ചിമയുടെയും ഹാർട്ലിയുടെയും ഹെഡറുകൾ ഇടക്ക് കേരള ബ്ലാസ്റ്റേഴ്സിന് ഭീഷണി ആയി. ബ്ലാസ്റ്റേഴ്സ് ജിയാനുവിനെയും ജെസ്സലിനെയും മാറ്റി കളിയിൽ ഫ്രഷ്നസ് കൊണ്ടു വരാൻ ശ്രമിച്ചു.

ഈ വിജയത്തോടെ കേരള ബ്ലാസ്റ്റേഴ്സ് ലീഗിൽ 15 പോയിന്റുമായി അഞ്ചാം സ്ഥാനത്ത് നിൽക്കുകയാണ്. കേരള ബ്ലാസ്റ്റേഴ്സിന്റെ തുടർച്ചയായ നാലാം വിജയം ആണെങ്കിൽ ജംഷദ്പൂരിന് ഇത് തുടർച്ചയായി അഞ്ചാം പരാജയമാണ്.