
ഗാന്ധിനഗർ: ഗുജറാത്തിൽ ആദ്യഘട്ട വോട്ടെടുപ്പ് അവസാനിച്ചു. 52 ശതമാനമായിരുന്നു പോളിംഗ്. കാര്യമായ അനിഷ്ട സംഭവങ്ങൾ റിപ്പോർട്ട് ചെയ്തില്ല. നാടിളക്കി നടത്തിയ പ്രചാരണ പരിപാടികൾക്കൊടുവിൽ നടന്ന വോട്ടെടുപ്പിന് പ്രതീക്ഷിച്ച പ്രതികരണം ഉണ്ടായില്ല. കനത്ത പോരാട്ടമാണ് നടക്കുന്നതെങ്കിലും സൗരാഷ്ട്ര കച്ച് മേഖലയിലും തെക്കൻ ഗുജറാത്തിലും മന്ദഗതിയിൽ ആയിരുന്നു തുടക്കം മുതൽ പോളിംഗ്. ഗുജറാത്തികൾക്കൊപ്പം മലയാളി വോട്ടർമാരും രാവിലെതന്നെ പോളിംഗ് ബൂത്തിലേക്ക് എത്തി.
സൂറത്തിലെ കദർഗാമിൽ പോളിംഗ് ബോധപൂർവ്വമായി മന്ദഗതിയിലാക്കി എന്ന ആരോപണവുമായി ആം ആദ്മി പാർട്ടി രാവിലെ തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ചു. ആപ്പ് സംസ്ഥാന അധ്യക്ഷൻ ഗോപാൽ ഇത്താലിയ മത്സരിക്കുന്ന മണ്ഡലം ആണിത് . കോൺഗ്രസ് നേതാവും അംരേലിയിലെ സ്ഥാനാർത്ഥിയുമായ പരേഷ് ധാനാനി വിലക്കയറ്റത്തിൽ പ്രതിഷേധിച്ച് സൈക്കിളിൽ ഗ്യാസ് സിലിണ്ടറുമായാണ് പോളിംഗ് ബൂത്തിലേക്ക് എത്തിയത്.