കാണാതായ മൂന്നുവയസ്സുകാരന്റെ മൃതദേഹം തല വെട്ടിമാറ്റിയ നിലയിൽ വയലിൽ, നരബലിയെന്ന് സംശയിക്കുന്നതായി പൊലീസ്

കാണാതായ മൂന്നുവയസ്സുകാരന്റെ മൃതദേഹം തല വെട്ടിമാറ്റിയ നിലയിൽ വയലിൽ, നരബലിയെന്ന് സംശയിക്കുന്നതായി പൊലീസ്


ദില്ലി: ദില്ലിയിൽ നിന്നും കാണാതായ മൂന്നുവയസ്സുകാരന്റെ മൃതദേഹം വികൃതമാക്കപ്പെട്ട നിലയിൽ ഉത്തർപ്രദേശിലെ മീററ്റിൽ നിന്നും കണ്ടെത്തിയതായി പൊലീസ്. നവംബർ 30 ന് ദില്ലി പ്രീത് വിഹാറിലെ വസതിയിൽ നിന്ന് കുട്ടിയെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തുകയായിരുന്നു എന്ന് പൊലീസ് വ്യക്തമാക്കി. മീററ്റിലെ വയലിൽ നിന്നാണ് കുട്ടിയുടെ തലയില്ലാത്ത മൃതദേഹം കണ്ടെടുത്തത്. നരബലിയുടെ ഭാ​ഗമായിട്ടാകാം കുട്ടിയെ ഇത്തരത്തിൽ മൃ​ഗീയമായി കൊലപ്പെടുത്തിയതെന്ന് സംശയിക്കുന്നതായും പൊലീസ് പറഞ്ഞു. സംഭവത്തിൽ 16കാരനെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. 

പ്രതിയെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. തുടർച്ചയായ ചോദ്യം ചെയ്യലിൽ കുട്ടിയെ മീററ്റിലെ വയലിൽ ഉപേക്ഷിച്ചതായി പ്രതി പൊലീസിനോട് സമ്മതിച്ചു. തുടർന്ന് പൊലീസ് സംഘത്തെ മീററ്റിലേക്ക് അയച്ചു. തലയും കയ്യുമില്ലാത്ത മൃതദേഹം ഇതിനോടകം തന്നെ മീററ്റ് പൊലീസ് കണ്ടെത്തിയിരുന്നു. മുതിർന്ന പൊലീസ് ഉദ്യോ​ഗസ്ഥ പറഞ്ഞു. മൃതദേഹത്തിന്റെ അടുത്തു നിന്ന് പിന്നീട് തല കണ്ടെത്തിയിരുന്നു. കാണാതാകുമ്പോൾ കുട്ടി ധരിച്ചിരുന്ന വസ്ത്രം നോക്കിയാണ് മൃതദേഹം തിരിച്ചറിഞ്ഞത്. നവംബർ 30നാണ് കുട്ടിയെ ദില്ലിയിലെ പ്രീത് വിഹാറിലെ വീട്ടിൽ നിന്നും കാണാതാകുന്നത്. 

കുട്ടിയുടെ ദാരുണ മരണത്തെക്കുറിച്ച് വാർത്ത പുറത്തു വന്നതോടെ കുടുംബാം​ഗങ്ങളും നാട്ടുകാരും വൻപ്രതിഷേധമാണ് ഉയർത്തുന്നത്. പ്രീത് വിഹാർ പ്രദേശത്ത് റോഡ് ഉപരോധിച്ചു. ജനക്കൂട്ടത്തെ പിരിച്ചുവിടാൻ  ശ്രമിച്ച പൊലീസിന് നേർക്ക് പ്രതിഷേധക്കാർ കല്ലെറിയുകയും ചെയ്തു.