ലോട്ടറി ചൂതാട്ടം: ആപ്പ് നിർമിച്ചുനൽകി, പ്രതിഫലം ഒരു ലക്ഷം, മാസം തോറും 10000, മലപ്പുറം സ്വദേശി എഞ്ചിനിയർ പിടയിൽ

ലോട്ടറി ചൂതാട്ടം: ആപ്പ് നിർമിച്ചുനൽകി, പ്രതിഫലം ഒരു ലക്ഷം, മാസം തോറും 10000, മലപ്പുറം സ്വദേശി എഞ്ചിനിയർ പിടയിൽ


മലപ്പുറം:  ലോട്ടറി ചൂതാട്ട സംഘത്തിന് മൊബൈല്‍ ആപ്ലിക്കേഷനുകള്‍ തയ്യാറാക്കി നല്‍കിയിരുന്ന എഞ്ചിനീയറിംഗ് ബിരുദധാരിയായ യുവാവ് തിരൂര് പൊലീസിന്റെ പിടിയില്‍. പള്ളിക്കല്‍ ബസാര്‍ സ്വദേശിയായ ആലിശ്ശേരിപ്പുറായ് ഷഹലി(25) നെയാണ് തിരൂര്‍ ഡി വൈ എസ് പി. കെ എം ബിജുവിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം തിരുവനന്തപുരത്തു നിന്നും പിടികൂടിയത്.

 കഴിഞ്ഞ ദിവസങ്ങളിലായി ലോട്ടറി കേസില്‍ പൊലീസ് അറസ്റ്റ് ചെയ്ത രണ്ട് പ്രതികളില്‍ നിന്നും ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തിലാണ് ഇയാളെ കുറിച്ചുള്ള വിവരം ലഭിക്കുന്നത്. ക്യാബിന്‍ ഫോര്‍ എന്ന സ്വകാര്യ ഐടി കമ്പനി ഉദ്യോഗസ്ഥനായ പ്രതി ഒരു വര്‍ഷം മുമ്പാണ് സംഘത്തിലെ പ്രധാനിയായ തിരൂര്‍ സ്വദേശി ഷാഫി എന്നയാള്‍ക്ക് ആപ്ലിക്കേഷനുകള്‍ നിര്‍മിച്ച് നല്‍കിയത്. ടെക്‌നോപാര്‍ക്കില്‍ പ്രത്യേക കോഴ്‌സ് ചെയ്യുന്നതിനായി തിരുവനന്തപുരത്ത് എത്തിയതായിരുന്നു പ്രതി. 

ഇയാള്‍ പ്രതിഫലമായി ഒരു ലക്ഷം രൂപ കൈപ്പറ്റിയതായും പിന്നീട് മാസംതോറും പതിനായിരങ്ങള്‍ വീതം കൈപ്പറ്റിയതായും അന്വേഷണത്തില്‍ മനസ്സിലായിട്ടുണ്ട്. ആമസോണ്‍ കമ്പനിക്ക് സെര്‍വര്‍ ഉപയോഗത്തിനായി ലക്ഷങ്ങള്‍ വാടകയിനത്തില്‍ സംഘം നല്‍കി വരാറുള്ളതായും മാസംതോറും കോടിക്കണക്കിന് രൂപയാണ്  പ്രതികള്‍ക്ക് ലഭിച്ചിരുന്നതെന്നും അപ്ലിക്കേഷനുകളില്‍ നിന്നും പോലീസിന് വിവരം ലഭിച്ചിട്ടുണ്ട്.   വിദേശത്ത് ജോലിയുള്ള പിടിയിലായ ഷാഫിയെയും ഗഫൂറിനെയും കേന്ദ്രീകരിച്ച് കേരളത്തിലുടനീളമുള്ള ഏജന്റുമാരെ കണ്ടെത്തിക്കൊണ്ടിരിക്കുകയാണെന്നും പ്രതികള്‍ ഉപയോഗിച്ചിരുന്ന ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിക്കുന്നതിനുള്ള നടപടികള്‍ തുടങ്ങി.