സ്കൂൾ ബസ് അപകടത്തിൽ മലപ്പുറത്ത് കണ്ണീർ; ബൈക്കിൽ സഞ്ചരിച്ച വിദ്യാർഥിനി മരിച്ചു, 16 പേർ ആശുപത്രിയിൽ

സ്കൂൾ ബസ് അപകടത്തിൽ മലപ്പുറത്ത് കണ്ണീർ; ബൈക്കിൽ സഞ്ചരിച്ച വിദ്യാർഥിനി മരിച്ചു, 16 പേർ ആശുപത്രിയിൽ


മലപ്പുറം: മലപ്പുറം പുളിക്കൽ ആന്തിയൂർകുന്നിൽ സ്കൂൾ ബസ് നിയന്ത്രണം വിട്ട് മറിഞ്ഞുണ്ടായ അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ് ആശുപത്രിയിലെത്തിച്ച വിദ്യാർഥിനി മരിച്ചു. നിയന്ത്രണം വിട്ട് മറിഞ്ഞ ബസ് മതിലിലിടിച്ച് മറിഞ്ഞ് ബൈക്കിലേക്ക് വീണ് പരിക്കേറ്റ  ഹയ ഫാത്തിമ എന്ന വിദ്യാ‍ർഥിനിയാണ് മരിച്ചത്. നോവൽ ഇന്റർനാഷാണൽ സ്ക്കൂൾ വിദ്യാർഥിനിയാണ് ഹയ ഫാത്തിമ. ബൈക്കിൽ സഞ്ചരിക്കവെയാണ് ഹയക്ക് പരിക്കേറ്റത്. കുട്ടിയെ ഉടൻ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

മലപ്പുറം പുളിക്കൽ ആന്തിയൂർകുന്നിൽ നോവൽ സ്കൂളിലെ ബസ്സാണ് കുട്ടികളുമായി പോകവെ മറിഞ്ഞ് അപകടത്തിൽപ്പെട്ടത്. ബ്രേക്ക്‌ നഷ്ടമായ ബസ് വീടിന്റെ മതിലിൽ ഇടിച്ചു കയറി മറിയുകയായിരുന്നു. ഓടിയെത്തിയ നാട്ടുകാർ മുഴുവൻ കുട്ടികളെയും രക്ഷപ്പെടുത്തി. ബസ്സിൽ നാൽപ്പതോളം കുട്ടികൾ ഉണ്ടായിരുന്നു. ഇവരുടെ പരിക്ക് സാരമുള്ളതല്ല എന്നാണ് വിവരം.

പരിക്കേറ്റവരെ കോഴിക്കോട് മിംസ്, ബി എം ഹോസ്പ്പിറ്റൽ പുളിക്കൽ എന്നിവിടങ്ങളിലായി പ്രവേശിപ്പിച്ചിട്ടുണ്ട്. മിംസിൽ അഞ്ചു കുട്ടികൾ ഉൾപ്പെടെ 9 പേരെയാണ് പ്രവേശിപ്പിച്ചിട്ടുള്ളത്. ബി എം ഹോസ്പ്പിറ്റലിൽ 7 കുട്ടികളെയും പ്രവേശിപ്പിച്ചിട്ടുണ്ട്. ആരുടെയും നില ഗുരുതരമല്ലെന്നാണ് ആശുപത്രിയിൽ നിന്ന് ലഭിക്കുന്ന വിവരം.