ഹജ്ജ് സുരക്ഷാസേനയിലേക്ക് പ്രത്യേക പരിശീലനം പൂർത്തിയാക്കി 255 വനിതാ കേഡറ്റുകൾ

ഹജ്ജ് സുരക്ഷാസേനയിലേക്ക് പ്രത്യേക പരിശീലനം പൂർത്തിയാക്കി 255 വനിതാ കേഡറ്റുകൾ 


റിയാദ്: സൗദി നയതന്ത്രകാര്യ സുരക്ഷക്കും ഹജ്ജ് ഉംറ സുരക്ഷക്കും വേണ്ടിയുള്ള പ്രത്യേക സേനയിലേക്ക് 255 വനിതാ കേഡറ്റുകൾ കൂടി പരിശീലനം പൂർത്തിയാക്കി. ആഭ്യന്തര മന്ത്രി അമീർ അബ്ദുൽ അസീസ് ബിൻ സഊദ് ബിൻ നായിഫിന്‍റെ രക്ഷാകർതൃത്വത്തിൽ പബ്ലിക് സെക്യൂരിറ്റി ഡയറക്ടർ ലഫ്. ജനറൽ മുഹമ്മദ് അൽ - ബസ്സാമി കഴിഞ്ഞ ദിവസം സേനയിലെ വനിതാ കേഡറ്റുകൾക്ക് ബിരുദദാനം നിർവഹിച്ചു. ഡിപ്ലോമാറ്റിക് സെക്യൂരിറ്റിക്കും ഹജ്ജ്, ഉംറ സെക്യൂരിറ്റിക്കും വേണ്ടിയുള്ള സായുധ സേനയുടെ വിമൻസ് ട്രെയിനിങ് ഇൻസ്റ്റിറ്റ്യൂട്ടിൽനിന്ന് ബിരുദം നേടിയ നാലാം ബാച്ചാണ് ഇപ്പോൾ പരിശീലനം പൂർത്തിയാക്കിയത്.

ഇവർക്ക് വിവിധ സെക്യൂരിറ്റി ആപ്ലിക്കേഷനുകളിലും വിവരസാങ്കേതികവിദ്യയിലും പ്രത്യേക പരിശീലനം ലഭ്യമാക്കിയിട്ടുണ്ട്. സുരക്ഷാ ചുമതല നിർവഹിക്കുന്നതിന് ആവശ്യമായ വൈദഗ്ധ്യം അവർ സിദ്ധിച്ചിട്ടുണ്ട്. തിയറിറ്റക്കലും പ്രാക്ടിക്കലുമായ ക്ലാസുകളാണ് അവർക്ക് നൽകിയത്. 2019-ൽ സൗദി അറേബ്യ സായുധ സേനയുടെ വിവിധ ശാഖകളിലേക്ക് സ്ത്രീകളെ റിക്രൂട്ട് ചെയ്യാൻ തുടങ്ങിയിരുന്നു. സൗദി അറേബ്യൻ ആർമി, റോയൽ സൗദി എയർ ഡിഫൻസ്, റോയൽ സൗദി നേവി, റോയൽ സൗദി സ്ട്രാറ്റജിക് മിസൈൽ ഫോഴ്‌സ്, ആംഡ് ഫോഴ്‌സ് മെഡിക്കൽ സർവിസസ് എന്നിവയിൽ ചേരാൻ വനിതകൾക്ക് അനുമതി നൽകിയത് അന്നായിരുന്നു