കാര്യവട്ടത്ത് കരുത്തുകാട്ടി ഇന്ത്യ; ഗില്ലിനും കോലിക്കും സെഞ്ചുറി ; ശ്രീലങ്കയ്ക്ക് 391 റണ്‍സ് വിജയലക്ഷ്യം

കാര്യവട്ടത്ത് കരുത്തുകാട്ടി ഇന്ത്യ; ഗില്ലിനും കോലിക്കും സെഞ്ചുറി ; ശ്രീലങ്കയ്ക്ക് 391 റണ്‍സ് വിജയലക്ഷ്യം


തിരുവനന്തപുരം : കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ നടക്കുന്ന ഇന്ത്യ -ശ്രീലങ്ക മൂന്നാം ഏകദിന മത്സരത്തില്‍ ശ്രീലങ്കയ്ക്ക് 391 റണ്‍സ് വിജയലക്ഷ്യം. ടോസ് നേടി ആദ്യം ബാറ്റുചെയ്ത ഇന്ത്യ ശുഭ്മാന്‍ ഗില്‍, വിരാട് കോലി എന്നിവരുടെ സെഞ്ചുറി കരുത്തിലാണ് ഇന്ത്യ കൂറ്റന്‍ സ്കോര്‍ പടുത്തുയര്‍ത്തിയത്. നിശ്ചിത 50 ഓവറില്‍ 5 വിക്കറ്റ് നഷ്ടത്തില്‍ 390 റണ്‍സ് നേടി.  110 പന്തില്‍ നിന്ന് പുറത്താകാതെ 166 റണ്‍സ് നേടിയ വിരാട് കോലി തന്നെയായിരുന്നു ഇന്ത്യയുടെ കുന്തമുന. അക്ഷര്‍ പട്ടേല്‍ 2 പന്തില്‍ നിന്നായി 2 റണ്‍ നേടി പുറത്താകാതെ നിന്നു.

പരമ്പരയില്‍ രണ്ടാം സെഞ്ചുറി നേടിയ വിരാട് കോലി സച്ചിന്‍ തെണ്ടുല്‍ക്കറുടെ റെക്കോര്‍ഡ് മറികടന്നു. നാട്ടില്‍ ഏറ്റവും കൂടുതല്‍ ഏകദിന സെഞ്ചുറി നേടുന്ന താരമെന്ന സച്ചിന്റെ റെക്കോര്‍ഡാണ് കോലി മറികടന്നത്. ഇന്ത്യയില്‍ കോലിയുടെ 21-ാം സെഞ്ചുറിയാണിത്.


നായകന്‍ രോഹിത് ശര്‍മ്മ 49 പന്തില്‍ 42 റണ്‍സ് നേടി പുറത്തായി. മത്സരത്തിലുടനീളം ഗംഭീര പ്രകടനം കാഴ്ചവെച്ച ശുഭ്മാന്‍ ഗില്‍ 97 പന്തിൽ 116 റൺസ് എടുത്താണ് മടങ്ങിയത്. 32 പന്തിൽ 37 റൺസായിരുന്നു ശ്രേയസ് അയ്യരുടെ സമ്പാദ്യം.  6 പന്തിൽ 7 റൺസ് എടുത്തു കെ എൽ രാഹുലും പുറത്തായി. സൂര്യ കുമാർ യാദവ് 4 റണ്‍സ് നേടി  പുറത്തായി.


കസുന്‍ രജിത, ലഹിരു കുമാര, ചാമിക കരുണരത്നെ എന്നിവരാണ് ശ്രീലങ്കയ്ക്കായി വിക്കറ്റുകള്‍ നേടി. മത്സരത്തിനിടെ ശ്രീലങ്കൻ താരങ്ങളായ ആഷേൻ ഭണ്ഡാര, ജെഫ്രി വാൻഡർസേ പരുക്കേറ്റ് പുറത്തായി. ആദ്യ രണ്ട് മത്സരങ്ങള്‍ ജയിച്ച ഇന്ത്യയ്ക്ക് ഇന്ന് വിജയിച്ചാല്‍ പരമ്പര തൂത്തുവാരാനാകും.