
തിരുവനന്തപുര/ആലപ്പുഴ/ഇടുക്കി/കോഴിക്കോട്/പത്തനംതിട്ട : പുതുവർഷത്തെ ആദ്യദിനത്തിൽ സംസ്ഥാനത്ത് വാഹനാപകടങ്ങളിൽ 9 മരണം. ആലപ്പുഴയിൽ രണ്ട് യുവാക്കൾ പൊലീസ് വാഹനമിടിച്ച് മരിച്ചു. ഇടുക്കി അടിമാലിയിൽ വിദ്യാർത്ഥികൾ സഞ്ചരിച്ച വാഹനം നിയന്ത്രണം വിട്ട ടൂറിസ്റ്റ് ബസ് കൊക്കയിലേക്ക് മറിഞ്ഞ് ഒരു കുട്ടി മരിച്ചു.
ഇടുക്കി അടിമാലിയിൽ നിയന്ത്രണം വിട്ട ടൂറിസ്റ്റ് ബസ് കൊക്കിലേക്ക് മറിഞ്ഞതറിഞ്ഞ വാർത്ത കേട്ട പുതുവർഷം പുലർന്നത്. ആലപ്പുഴ ബീച്ചിൽ പുതുവർഷ ആഘോഷത്തിനെത്തിയ രണ്ട് യുവാക്കൾ മടങ്ങുന്നതിനിടെയാണ് പൊലീസ് വാഹനമിടിച്ച് മരിച്ചത്. കോട്ടയം സ്വദേശികളായ ജസ്റ്റിൻ, അലക്സ് എന്നിവരാണ് മരിച്ചത്. പുലർച്ചെ മൂന്ന് മണിക്കാണ് സംഭവം. തലവടിയിൽ വെച്ച് എതിരെ വന്ന ഡിവൈഎസ്പിയുടെ ജീപ്പ് ഇവർ സഞ്ചരിച്ച ബൈക്ക് ഇടിച്ച് തെറിപ്പിക്കുകയായിരുന്നു. പിന്നീട് സമീപത്തെ ഒരു വീടിന്റെ മതിലിലേക്കും ജീപ്പ് ഇടിച്ച് കയറി. വാഹനത്തിൽ ഡ്രൈവർ മാത്രമാണ് ഉണ്ടായിരുന്നത്. ഡിവൈഎസ്പിയെ വീട്ടിൽ വിട്ട ശേഷം തിരികെ വരികയായിരുന്നു. ഡ്രൈവർ ഉറങ്ങിപ്പോയതാണ് അപകടത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം.
പത്തനംതിട്ടയിൽ തിരുവല്ലയിലും ഏനാത്തും പുലർച്ചെ ഉണ്ടായ രണ്ട് വാഹനാപടങ്ങളിലായി മൂന്ന് പേർ മരിച്ചു. തിരുവല്ല ബൈപ്പാസിലെ ചിലങ്ക ജംഗ്ഷനിൽ നടന്ന അപകടത്തിൽ കുന്നന്താനം സ്വദേശി അരുൺകുമാറും ചിങ്ങവനം സ്വദേശി ശ്യാമുമാണ് മരിച്ചത്. ഇരുവരും സഞ്ചരിച്ച ബൈക്ക് എതിരെ വന്ന ടാങ്കർ ലോറിയിൽ ഇടിച്ചു കയറുകയായിരുന്നു. ഏനാത്ത് വൈദ്യുതി പോസ്റ്റിൽ ബൈക്ക് ഇടിച്ചുകയറി ഇളംഗമംഗലം സ്വദേശി തുളസീധരൻപിള്ള മരിച്ചു.
കോഴിക്കോട് കൊയിലാണ്ടിയില്‍ സ്വകാര്യ ബസ് കയറിയിറങ്ങി കാല്‍നടയാത്രക്കാരി മരിച്ചു. കൊയിലാണ്ടി നെല്ല്യാടി സ്വദേശി വിയ്യൂര്‍ വളപ്പില്‍താഴെ ശ്യാമളയാണ് ആണ് മരിച്ചത്. രാവിലെ കൊയിലാണ്ടി പുതിയ ബസ് സ്റ്റാൻഡിന് സമീപമാണ് സംഭവം. കൊയിലാണ്ടി കോഴിക്കോട് റൂട്ടിലോടുന്ന സ്വകാര്യ ബസാണ് അപകടമുണ്ടാക്കിയത്. കക്കോടിയിൽ ബൈക്കും കാറും കൂട്ടിയിടിച്ച് ബൈക്ക് യാത്രക്കാരൻ മരിച്ചു. കക്കോടി സ്വദേശി ബിജു ആണ് മരിച്ചത്.
വാഹനാപകടത്തിൽ സൈനികൻ മരിച്ചു
കിളിമാനൂർ, പുളി മാത്ത് ബൈക്ക് അപകടത്തിൽ സൈനികനായ യുവാവ് മരിച്ചു. കാരേറ്റ് സ്വദേശി ഇരുപത്തിയഞ്ചുകാരനായ ആരോമലാ(25) ണ് മരിച്ചത്. ഇന്നലെ രാത്രിയിൽ പുളി മാത്ത് ക്ഷേത്രം റോഡിൽ ബൈക്ക് നിയന്ത്രണം വിട്ട് അപകടത്തപ്പെട്ടത്. ആരോമലിൻറെ അച്ഛൻ പത്മരാജൻ രണ്ടാഴ്ച മുമ്പ് കാരേറ്റ് വെച്ച് വാഹനമിടിച്ച് പരിക്കേറ്റ് മെഡിക്കൽകോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്. അപകടവിരമറിഞ്ഞാണ് ആരോമൽ ഒരാഴ്ച മുമ്പ് നാട്ടിലെത്തിയത്.
ശബരിമല പാതയിൽ കെഎസ്ആർടിസി ബസ് മറിഞ്ഞു
ശബരിമല പാതയിൽ ളാഹയിൽ കെഎസ്ആർടിസി ബസ് മറിഞ്ഞ് അപകടം. പമ്പയിൽ നിന്ന് തിരുവനന്തപുരത്തെക്ക് പോയ ബസാണ് അപകടത്തിൽപ്പെട്ടത്. പരിക്കേറ്റവരെ പെരുനാട് ആശുപത്രിയിൽ എത്തിച്ച് പ്രാഥമിക ചികിത്സ നൽകി. ആരുടേയും പരിക്ക് ഗുരുതരമല്ല.