ന്യൂസിലൻഡിനെതിരെ പരമ്പര തൂത്തുവാരി ഇന്ത്യ; മൂന്നാം ഏകദിനത്തിൽ ജയം 90 റൺസിന്

ന്യൂസിലൻഡിനെതിരെ പരമ്പര തൂത്തുവാരി ഇന്ത്യ; മൂന്നാം ഏകദിനത്തിൽ ജയം 90 റൺസിന്


ഇൻഡോർ: ന്യൂസിലന്‍ഡിനെതിരായ ഏകദിന പരമ്പര ഇന്ത്യ തൂത്തുവാരി. പരമ്പരയിലെ മൂന്നാമത്തെയും അവസാനത്തെയും മത്സരത്തില്‍ കിവീസിനെ 90 റണ്‍സിന് തകര്‍ത്താണ് ഇന്ത്യ പരമ്പര തൂത്തുവാരിയത്. ഇന്ത്യ ഉയര്‍ത്തിയ 386 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് പൊരുതിയ ന്യൂസിലന്‍ഡ് 41.2 ഓവറില്‍ 295 റണ്‍സിന് ഓള്‍ ഔട്ടായി. സെഞ്ചുറി നേടിയ ഡെവോണ്‍ കോണ്‍വെ മാത്രമാണ് കിവീസ് നിരയിൽ പിടിച്ചുനിന്നത്.

സെഞ്ചുറി നേടിയ രോഹിത് ശര്‍മയും ശുഭ്മാന്‍ ഗില്ലുമാണ് ഇന്ത്യയുടെ വിജയ ശിൽപികള്‍. ആദ്യ രണ്ട് മത്സരങ്ങളും വിജയിച്ച ഇന്ത്യ നേരത്തേ പരമ്പര സ്വന്തമാക്കിയിരുന്നു.

വൻസ്കോർ പിന്തുടർന്ന ന്യൂസിലന്‍ഡിന് തുടക്കത്തില്‍ തന്നെ തിരിച്ചടി നേരിട്ടു. ആദ്യ ഓവറിലെ രണ്ടാം പന്തില്‍ തന്നെ ഫിന്‍ അലനെ മടക്കി ഹാര്‍ദിക് പാണ്ഡ്യ ന്യൂസിലന്‍ഡിനെ ഞെട്ടിച്ചു. ഹാര്‍ദിക്കിന്റെ ബൗണ്‍സര്‍ പ്രതിരോധിച്ച അലന്റെ ബാറ്റില്‍ തട്ടിയ പന്ത് വിക്കറ്റ് പിഴുതു. മൂന്നാമനായി വന്ന ഹെന്റി നിക്കോള്‍സിനെ കൂട്ടിപിടിച്ച് ഓപ്പണര്‍ ഡെവോണ്‍ കോണ്‍വെ അടിച്ചുതകര്‍ത്തു. രണ്ടാം വിക്കറ്റില്‍ ഇരുവരും സെഞ്ചുറി കൂട്ടുകെട്ട് പടുത്തുയര്‍ത്തി.

എന്നാല്‍ 42 റണ്‍സെടുത്ത നിക്കോള്‍സിനെ വിക്കറ്റിന് മുന്നില്‍ കുടുക്കി കുല്‍ദീപ് യാദവ് ഈ കൂട്ടുകെട്ട് പൊളിച്ചു. എന്നാല്‍ മറുവശത്ത് കോണ്‍വെയുടെ ബാറ്റില്‍ നിന്നും റൺസൊഴുകി. അനായാസം ഇന്ത്യന്‍ ബൗളര്‍മാരെ നേരിട്ട് കോണ്‍വെ സ്‌കോര്‍ ഉയര്‍ത്തി. 73 പന്തില്‍ നിന്നാണ് കോണ്‍വെ സെഞ്ചുറി തികച്ചത്.


ഡാരില്‍ മിച്ചലിനെയും പിന്നാലെ വന്ന നായകന്‍ ടോം ലാഥത്തെയും അടുത്തടുത്ത പന്തുകളില്‍ പുറത്താക്കി ശാല്‍ദൂല്‍ ഠാക്കൂര്‍ ഇന്ത്യയ്ക്ക് പ്രതീക്ഷ നല്‍കി. ഇതോടെ ഇന്ത്യ മത്സരത്തിലേക്ക് തിരിച്ചുവന്നു.

32-ാം ഓവറില്‍ അപകടകാരിയായ കോണ്‍വെയെ മടക്കി ഉമ്രാന്‍ മാലിക്ക് ഇന്ത്യയ്ക്ക് പ്രതീക്ഷ നല്‍കി. കോണ്‍വെയുടെ ഷോട്ട് രോഹിത് ശര്‍മയുടെ കൈകളിൽ അവസാനിച്ചു. 100 പന്തുകളില്‍ നിന്ന് 12 ഫോറിന്റെയും എട്ട് സിക്‌സിന്റെയും സഹായത്തോടെ 138 റണ്‍സെടുത്താണ് താരം ഡ്രസിങ് റൂമിലേക്ക് മടങ്ങിയത്.

മൈക്കിള്‍ ബ്രേസ്‌വെല്‍ 26 റണ്‍സെടുത്ത് പൊരുതിയെങ്കിലും പിടിച്ചുനില്‍ക്കാനായില്ല. വാലറ്റത്ത് മിച്ചല്‍ സാന്റ്‌നര്‍ നടത്തിയ പോരാട്ടമാണ് ടീം സ്‌കോര്‍ 300ന് അടുത്തെത്തിച്ചത്. സാന്റ്‌നര്‍ 34 റണ്‍സെടുത്ത് പുറത്തായി ലോക്കി ഫെര്‍ഗൂസന്‍ (7), ജേക്കബ് ഡഫി (0) എന്നിവര്‍ നിരാശപ്പെടുത്തി. ഇതോടെ ഇന്ത്യ വിജയം നേടി.


ഇന്ത്യയ്ക്ക് വേണ്ടി കുല്‍ദീപ് യാദവും ശാര്‍ദൂല്‍ ഠാക്കൂറും മൂന്ന് വിക്കറ്റ് വീതം വീഴ്ത്തിയപ്പോള്‍ ഉമ്രാന്‍ മാലിക്കും ഹാര്‍ദിക് പാണ്ഡ്യയും ഓരോ വിക്കറ്റ് വീതം സ്വന്തമാക്കി.

ആദ്യം ബാറ്റുചെയ്ത ഇന്ത്യ നിശ്ചിത ഓവറില്‍ ഒന്‍പത് വിക്കറ്റ് നഷ്ടത്തില്‍ 385 റണ്‍സെടുത്തു. 112 റണ്‍സെടുത്ത ശുഭ്മാന്‍ ഗില്‍, 101 റണ്‍സ് നേടിയ രോഹിത് ശര്‍മ, 54 റണ്‍സെടുത്ത ഹാര്‍ദിക് പാണ്ഡ്യ എന്നിവര്‍ ഇന്ത്യയ്ക്ക് വേണ്ടി മികച്ച പ്രകടനം പുറത്തെടുത്തു.