കലോത്സവം മൂന്നാം ദിനം, മുന്നിൽ കണ്ണൂർ, തൊട്ടുപിന്നിൽ കോഴിക്കോട്; സ്വർണക്കപ്പിനായി ഇഞ്ചോടിഞ്ച് പോരാട്ടം

കലോത്സവം മൂന്നാം ദിനം, മുന്നിൽ കണ്ണൂർ, തൊട്ടുപിന്നിൽ കോഴിക്കോട്; സ്വർണക്കപ്പിനായി ഇഞ്ചോടിഞ്ച് പോരാട്ടം


കോഴിക്കോട്: 61ാം സംസ്ഥാന സ്കൂൾ കലോത്സവം മൂന്നാം ദിനത്തിലേക്ക്. ഇന്ന് 56 ഇനങ്ങളിലാണ് മത്സരം നടക്കുക. പ്രധാന വേദിയിലെ കുച്ചിപ്പുഡി മത്സരത്തോടെയാണ് ഇന്ന് മത്സരങ്ങൾ ആരംഭിക്കുക. മറ്റ് കലോത്സവങ്ങളെ അപേക്ഷിച്ച് ഇക്കൊല്ലത്തെ ഏറ്റവും വലിയ പ്രത്യേകത, സമയക്രമമാണ്. മത്സരങ്ങൾ എല്ലാം തന്നെ സമയവ്യത്യാസമില്ലാതെ കൃത്യസമയത്ത് തന്നെ നടന്നു.

ആദ്യദിനത്തിൽ കോൽക്കളി വേദിയിലുണ്ടായ പ്രശ്നമല്ലാതെ മറ്റ് വലിയ പ്രതിസന്ധികൾ ഒന്നും തന്നെയുണ്ടായില്ല എന്ന് വേണം പറയാൻ. ഇന്നലെ നടന്ന ഹയർസെക്കണ്ടറി വിഭാ​ഗം നാടക മത്സരം കൃത്യ സമയത്ത് തന്നെ ആരംഭിച്ചിരുന്നു. അർദ്ധ രാത്രിയോടെ നാടകം അവസാനിച്ച സാഹചര്യം വരെ മുൻവർഷങ്ങളിൽ ഉണ്ടായിരുന്നു. എന്നാൽ ഇത്തവണ അങ്ങനെ ആയിരുന്നില്ല. അതുപോലെ തന്നെ നിറഞ്ഞ സദസ്സിലായിരുന്നു നാടകം. 

കലോത്സവം മൂന്നാം ദിനത്തിലേക്ക് എത്തുമ്പോൾ 458 പോയിന്റോടെ കണ്ണൂരാണ് മുന്നിലുളളത്. അഞ്ച് പോയിന്റിന്റെ വ്യത്യാസത്തിൽ 453 പോയിന്റോട് കോഴിക്കോട് തൊട്ടുപിന്നിലുണ്ട്. പാലക്കാട്, തൃശൂർ, മലപ്പുറം എന്നീ ജില്ലകളാണ് യഥാക്രമം മൂന്നും നാലും അഞ്ചും സ്ഥാനങ്ങളിൽ. നിലവിലെ ചാമ്പ്യൻമാരായ പാലക്കാട് 448 പോയിന്റാണ് നേടിയിരിക്കുന്നത്. 56 ഇനങ്ങളിലാണ് ഇന്ന് മത്സരം നടക്കുന്നത്. തിരുവാതിര, ഓട്ടൻതുള്ളൽ, ചവിട്ടുനാടകം, ഹയർസെക്കണ്ടറി വിഭാ​ഗം ഒപ്പന എന്നീ ഇനങ്ങളും ഇന്നുണ്ട്. 

അതേ സമയം കലോത്സവ വേദിയിലെ ഭക്ഷണവുമായി ബന്ധപ്പെട്ട് വലിയ രീതിയിലുള്ള വിവാദം ഉയർന്നു വരുന്നുണ്ട്. സ്കൂൾ കലോത്സവത്തിൽ നോൺ വെജ് ഭക്ഷണം വിളമ്പണോ എന്ന് തീരുമാനിക്കേണ്ടത് സർക്കാരാണെന്ന് പാചകക്കാരനായ പഴയിടത്തിന്റെ അഭിപ്രായം. നന്നായി മത്സ്യ മാംസ ഭക്ഷണങ്ങൾ പാചകം ചെയ്യുന്നവർ തനിക്കൊപ്പമുണ്ടെന്നും പഴയിടം പറയുന്നു.

ഇറച്ചിയും മീനും വിളമ്പണ്ടാ എന്നൊരു നിർബന്ധം സർക്കാരിന് ഇല്ലെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻ കുട്ടി വ്യക്തമാക്കി. അടുത്തവർഷം മാംസാഹാരം നൽകുമെന്നും മന്ത്രി ഏഷ്യാനെറ്റ്‌ ന്യൂസിനോട് പറഞ്ഞു. കഴിക്കുന്നത് കുട്ടികളാണല്ലോ, നോൺ വെജ് കൊടുത്തതിന്റെ പേരിൽ ശാരീക പ്രശങ്ങൾ ഉണ്ടായാലോ എന്നൊരു ആശങ്ക മാത്രമാണുള്ളതെന്നും മന്ത്രി പറഞ്ഞു.  സംസ്ഥാന സ്കൂള്‍ കലോത്സവം രണ്ടാം ദിനം മത്സരങ്ങള്‍ അവസാനിച്ചപ്പോൾ ജില്ലകള്‍ തമ്മില്‍ ഇഞ്ചോടിഞ്ച് പോരാട്ടമാണ് നടന്നു കൊണ്ടിരിക്കുന്നത്. മൂന്നാം ദിനത്തിൽ ഈ പോരാട്ടം കൂടുതൽ ശക്തമാകുമെന്ന് തീർച്ച.