കളരിയിലെ വേറിട്ട പ്രവർത്തനം കാക്കയങ്ങാട് പഴശ്ശിരാജ കളരി അക്കാദമി പരിശീലകൻ ശ്രീജയന്‍ ഗുരിക്കള്‍ക്ക് ഫോക്‌ലോര്‍ അക്കാദമി അവാര്‍ഡ്

കളരിയിലെ വേറിട്ട പ്രവർത്തനം കാക്കയങ്ങാട്  പഴശ്ശിരാജ കളരി അക്കാദമി പരിശീലകൻ
 ശ്രീജയന്‍ ഗുരിക്കള്‍ക്ക് ഫോക്‌ലോര്‍ അക്കാദമി അവാര്‍ഡ്
ഇരിട്ടി: കളരിപ്പയറ്റിനെ നെഞ്ചോട് ചേര്‍ത്ത് നടത്തുന്ന വേറിട്ട പ്രവര്‍ത്തനങ്ങള്‍ക്ക് പി.ഇ. ശ്രീജയന്‍ ഗുരിക്കള്‍ക്ക് ഫോക്‌ലോര്‍ അക്കാദമി അവാര്‍ഡ്. കാക്കയങ്ങാട് സ്വദേശിയും പഴശ്ശിരാജ കളരി അക്കാദമിയിലെ പരിശീലകനുമാണ് ശ്രീജയന്‍ ഗുരിക്കള്‍. 
കഴിഞ്ഞ 35 വര്‍ഷമായി കളരിപ്പയറ്റിനെ ഹൃദയത്തോട് ചേര്‍ത്തുള്ള ജീവിതമാണ് പിഡബ്ല്യുഡി കോണ്‍ട്രാക്ടര്‍ കൂടിയായ ശ്രീജയന്‍ ഗുരിക്കള്‍ക്ക്. വളരെ ചെറുപ്പത്തില്‍ തന്നെ കേരളത്തിന്റെ തനത് ആയോധന കലയായ കളരിപ്പയറ്റ് അഭ്യസിക്കുകയും
പിന്നീട് ശാസ്ത്രീയ പരിശീലനം നല്‍കുന്നതിനായി 2010 ല്‍ പാലപ്പുഴയില്‍ പഴശ്ശിരാജ കളരി അക്കാമദി ആരംഭിക്കുകയും ചെയ്തു. 12 വര്‍ഷമായി 1500 ഓളം വിദ്യാര്‍ഥികള്‍ ഇദ്ദേഹത്തിന്റെ കീഴില്‍ തികച്ചും സൗജന്യമായി കളരി പരിശീലനം പൂര്‍ത്തിയാക്കി. രാവിലെയും വൈകിട്ടും സ്വന്തം വാഹനത്തില്‍ വീട്ടില്‍ നിന്ന് കുട്ടികളെ കൂട്ടികൊണ്ടു വന്നാണ് പരിശീലനം നല്‍കുന്നത്.
കഴിഞ്ഞ 12 വര്‍ഷമായി ജില്ലാ-സംസ്ഥാന-ദേശീയ കളരിപ്പയറ്റ് ചാംപ്യന്‍ഷിപ്പുകളില്‍ തുടര്‍ച്ചയായി ശ്രീജയന്‍ ഗുരിക്കളുടെ ശിഷ്യര്‍ വിജയികളാവുന്നു. 2011 മുതല്‍ 14 കുട്ടികള്‍ക്ക് ഒന്നേകാല്‍ ലക്ഷം രൂപയുടെ ഖേലോ ഇന്ത്യ സ്‌കോളര്‍ഷിപ്പും ലഭിച്ചിട്ടുണ്ട്. സര്‍വകലാശാല മേളകളിലും വിജയികളാവുന്നത് ശ്രീജയന്‍ ഗുരിക്കള്‍ പരിശീലിപ്പിക്കുന്നവരാണ്.
ഭാരതീയാര്‍ സര്‍വ്വകലാശാലയില്‍ നിന്ന് യോഗയിലും സ്‌പോര്‍ട്‌സ് അതോറിറ്റി ഓഫ് ഇന്ത്യയിൽ നിന്ന് സ്‌പോര്‍ട്‌സ് മസാജിലും കളരിപയറ്റ് അസോസിയേഷനില്‍ നിന്ന് കളരി മസാജിലും ഡിപ്ലോമകള്‍ നേടിയിട്ടുണ്ട്. കളരി പരിശീലനത്തിന് പുറമേ പാരമ്പര്യ കളരി മര്‍മ്മ ചികിത്സയും ശ്രീജയന്‍ ഗുരിക്കള്‍ പഴശ്ശിരാജ കളരി അക്കാദമിയില്‍ നടത്തിവരുന്നു. ഇന്ത്യന്‍ കളരിപയറ്റ് ഫെഡറേഷന്‍ ദേശീയ എക്‌സിക്യൂട്ടീവ് കമ്മിറ്റി, ടെക്‌നിക്കല്‍ കമ്മിറ്റി എന്നിവയിലും അംഗമാണ്.
ശ്രീജയന്‍ ഗുരിക്കളുടെ നേതൃത്വത്തില്‍ പഴശ്ശിരാജ കളരി അക്കാദമി താരങ്ങള്‍ കേരളത്തിനകത്തും പുറത്തും നിരവധി ശ്രദ്ധേയമായ പ്രദര്‍ശനങ്ങളും കളരി ശില്‍പ്പശാലകളും നടത്തിയിട്ടുണ്ട്. കണ്ണൂര്‍ എയര്‍പോര്‍ട്ട് ഉദ്ഘാടനത്തിലും ബാംഗ്ലൂരിലും ഏക് ഭാരത് ശ്രേഷ്ഠ ഭാരത് പരിപാടിയുടെ ഭാഗമായി മധ്യപ്രദേശ്, ഗുജറാത്ത്, ഡല്‍ഹി, കര്‍ണ്ണാടക തുടങ്ങിയ സംസ്ഥാനങ്ങളിലും അവതരിപ്പിച്ച പ്രദര്‍ശന പരിപാടി ഏറെ ശ്രദ്ധേയമായിരുന്നു.
പെണ്‍കുട്ടികള്‍ക്ക് സ്വയം പ്രതിരോധത്തിനായി പ്രത്യേകം ചിട്ടപ്പെടുത്തിയ രീതിയില്‍ ഉള്ള പരിശീലന പരിപാടിയും നിരവധി സ്‌കൂളുകളില്‍ നടത്തിവരുന്നു. പാല ഗവണ്‍മെന്റ് ഹൈസ്‌കൂള്‍ റിട്ട. അധ്യാപകന്‍ സി. കുഞ്ഞിരാമന്‍ മാസ്റ്ററുടേയും പി.ഇ. ഓമനയുടെയും മകനാണ് പി.ഇ. ശ്രീജയന്‍. ഭാര്യ: മിനി. ആറാം ക്‌ളാസുകാരി  ശ്രീലക്ഷ്മിയും നാലാംക്‌ളാസുകാരി  ശ്രീജിത്തും മക്കളാണ്. ഇവരും കളരി പരിശീലിക്കുന്നു.
അര്‍ഹതയ്ക്കുള്ള അംഗീകാരമായി ലഭിച്ച ഫോക്‌ലോര്‍ അക്കാദമി അവാര്‍ഡ് ഊര്‍ജ്ജമാക്കി കളരി പരിശീലനത്തിന് പുതുവഴി തേടുകയാണ് ശ്രീജയന്‍ ഗുരിക്കള്‍.