വയനാട്ടിൽ വീണ്ടും കടുവയുടെ ആക്രമണം; ഒരാൾക്ക് ഗുരുതര പരിക്ക്

വയനാട്ടിൽ വീണ്ടും കടുവയുടെ ആക്രമണം; ഒരാൾക്ക് ഗുരുതര പരിക്ക്


മനന്തവാടി: വയനാട്ടിൽ വീണ്ടും കടുവ ആക്രമണം ഉണ്ടായി. കടുവയുടെ ആക്രമണത്തിൽ ഒരാൾക്ക് ഗുരുതരമായി പരിക്കേറ്റു. മാനന്തവാടി വാളാട് പുതുശ്ശേരി വെള്ളാരംകുന്നിലാണ് കടുവാ ആക്രമണമുണ്ടായത്. പള്ളിപ്പുറത്ത് സാലുവിനാണ് കടുവയുടെ കടിയേറ്റത്.

ഇയാളെ ആദ്യം വയനാട് മെഡിക്കൽ കോളേജിലും പിന്നീട് കോഴിക്കോട് മെഡിക്കൽ കോളേജിലും പ്രവേശിപ്പിച്ചു. ഇദ്ദേഹത്തിൻറെ കാലിന്റെ എല്ലടക്കം കടുവയുടെ ആക്രമത്തിൽ തകർന്നിട്ടുണ്ട്. സാലുവിനെ അടിയന്തര ശസ്ത്രക്രിയയ്ക്ക് വിധേയമാക്കുമെന്ന് ഡോക്ടർമാർ അറിയിച്ചു.

അതിനിടെ കടുവാ ആക്രമണം ഉണ്ടായതിനെ തുടർന്ന് നാട്ടുകാർ ശക്തമായ പ്രതിഷേധവുമായി രംഗത്തെത്തി. വാളാട് വെള്ളാരംകുന്നിൽ നാട്ടുകാർ വനം വകുപ്പ് ജീവനക്കാരെ തടഞ്ഞു വച്ചു.

വനപാലകര്‍ സ്ഥലത്തെത്തി തിരച്ചില്‍ നടത്തിയെങ്കിലും കടുവയെ കണ്ടെത്താനായില്ല. കടുവ കാട്ടിലേക്ക് തിരികെ പോയിട്ടുണ്ടാകുമെന്നാണ് വിലയിരുത്തല്‍. അതേസമയം കടുവ വീണ്ടുമെത്തിയേക്കുമോയെന്ന ഭയത്തിലാണ് നാട്ടുകാര്‍.

ഇന്നു രാവിലെ പത്ത് മണിയോടെ പ്രദേശവാസിയായ നടുപ്പറമ്പിൽ ലിസി എന്നായാളാണ് വാഴത്തോട്ടത്തിന് സമീപം ആദ്യം കടുവയെ കണ്ടത്. തുടർന്ന് ആലക്കൽ ജോമോന്റെ വയലിലും കണ്ടതായി നാട്ടുകാർ പറഞ്ഞു.