
തലശേരി: കോടികൾ മുടക്കി ആധുനിക ഷോപ്പിംഗ്മാൾ നിർമിക്കാൻ പദ്ധതിയിട്ട പൊന്നും വിലയുള്ള സ്ഥലത്തിനു മുന്നിൽ ആധുനിക ശൗചാലയം പണിത് നഗരസഭാ അധികൃതർ. ഭരണപക്ഷത്തെ ചിലർ നടത്തിയ ആസൂത്രിത നീക്കത്തിൽ തലശേരിക്ക് നഷ്ടപ്പെട്ടത് കോടികളുടെ നിക്ഷേപം.
ഖത്തറിലും യുഎഇയിലും വ്യാപാര-വ്യവസായ ശൃംഖലകളുള്ള പ്രവാസിക്കാണ് രാഷ്ട്രീയ കരുനീക്കങ്ങളിൽ കത്രിക പൂട്ട് വീണത്. തലശേരിയിൽ ഇനി താനൊരു നിക്ഷേപത്തിനില്ലെന്ന് പ്രഖ്യാപിച്ചു കൊണ്ട് ആ വ്യവസായ പ്രമുഖൻ തലശേരിയിലെ വ്യാപാര -വ്യവസായ സ്വപ്നങ്ങളോട് ഗുഡ് ബൈ പറഞ്ഞു.
നിർമാണം പൂർത്തിയാക്കിയ ആറുനില കെട്ടിടം നിയമക്കുരുക്കിൽപ്പെട്ട് രണ്ട് പതിറ്റാണ്ട് കാലം വെറുതെ കിടന്ന പൈതൃക നഗരിയിലാണ് ഒരു പ്രവാസി കൂടി കുരുക്കിലായിട്ടുള്ളത്.
ചിലരുടെ ചില ആവശ്യങ്ങളോട് മുഖം തിരിച്ചതാണ് പ്രവാസിയുടെ സെന്റിന് കാൽകോടി വിലവരുന്ന അരയേക്കർ സ്ഥലത്തിനു മുന്നിൽ ശൗചാലയം വരാൻ കാരണമെന്നാണ് സൂചന.
കോവിഡ് കാലത്ത് നേതാക്കൾ പറഞ്ഞതനുസരിച്ച് നൂറു കണക്കിന് കിറ്റുകൾ നൽകിയ പ്രവാസി തുടരെ തുടരെയുള്ള ആവശ്യങ്ങളോട് മുഖം തിരിച്ചപ്പോഴാണ് അപ്രതീക്ഷിത അതിക്രമം നേരിടേണ്ടി വന്നതെന്നു പറയുന്നു.
തന്റെ കോടികൾ വിലമതിക്കുന്ന സ്ഥലത്തിനു മുന്നിൽ സർക്കാർ സംവിധാനത്തിൽ ശുചിമുറി ഉയരുന്നത് കണ്ട സമ്പന്നൻ അത് മാറ്റി സ്ഥാപിക്കാൻ നടത്തിയ നീക്കങ്ങൾ പരാജയപ്പെടുകയായിരുന്നു.
പ്രവാസ ലോകത്തെ തിരക്കുകൾക്കിടയിൽ സമയം കണ്ടെത്തി നാട്ടിലെത്തിയ പ്രവാസി തന്റെ സങ്കടങ്ങൾ ഭരണ കക്ഷിയിലെ ഉന്നത നേതാവിനെ കണ്ട് ബോധിപ്പിക്കുമ്പോഴേക്കും ശുചിമുറിയുടെ നിർമാണ പ്രവൃത്തി പൂർത്തിയാകുന്ന കാഴ്ചയാണ് കണ്ടത്.
തലശേരിയിൽ ചിലർക്ക് ചോദിക്കുന്നത് നൽകിയില്ലെങ്കിൽ പണി ഏത് വഴിക്കു വരുമെന്ന് പറയുക അസാധ്യമെന്നാണ് ജനസംസാരം. നിലവിലുള്ള ശുചിമുറികൾ വൃത്തിഹീനമായി കിടക്കുകയും ചിലത് പൂട്ടിക്കിടക്കുകയും ചെയ്യുമ്പോഴാണ് നഗരമധ്യത്തിൽ ജനത്തിരക്കേറിയ ഗതാഗതക്കുരുക്ക് നിത്യസംഭവമായുള്ള സ്ഥലത്ത് ശുചിമുറി വന്നിട്ടുള്ളത്.
നിർമാണ പ്രവൃത്തി നടക്കുമ്പോൾ നൂറു കണക്കിനാളുകൾക്ക് തൊഴിൽ ലഭിക്കുകയും ഷോപ്പിംഗ് മാൾ പൂർത്തിയായാൽ നിരവധി കുടുംബങ്ങൾക്ക് ജീവിത മാർഗമാകുകയും ചെയ്യുമായിരുന്ന ഒരു പദ്ധതിയാണ് ഇപ്പോൾ ഇല്ലാതാക്കിയിട്ടുള്ളത്.
കതിരൂരിൽ പൊതുശൗചാലയം