അയ്യൻകുന്നിലെ ദുരൂഹമായ അടയാളപ്പെടുത്തൽ ആശങ്ക ഒഴിഞ്ഞ ആശ്വാസത്തിൽ ജനപ്രതിനിധികളും ജനങ്ങളും വിവിധ വകുപ്പധികൃതരും

അയ്യൻകുന്നിലെ ദുരൂഹമായ അടയാളപ്പെടുത്തൽ 
ആശങ്ക ഒഴിഞ്ഞ ആശ്വാസത്തിൽ ജനപ്രതിനിധികളും ജനങ്ങളും വിവിധ വകുപ്പധികൃതരും
 ഇരിട്ടി: ബഫർസോണിന്റെ പേരിൽ കർണ്ണാടക അധികൃതരല്ല അയ്യൻകുന്ന് പഞ്ചായത്തിലെ വിവിധ ഇടങ്ങളിൽ ദുരൂഹമായ രീതിയിൽ അടയാളപ്പെടുത്താൽ നടത്തിയത് എന്ന വാർത്ത പുറത്തു വന്നതോടെ ഏറെ ആശ്വാസത്തിലാണ്‌ മേഖലയിലെ ജനങ്ങളും പഞ്ചായത്തു ജനപ്രതിനിധികളും, പോലീസ് , വനം, റവന്യൂ വകുപ്പ് അധികൃതരും. അടയാളപ്പെടുത്തിയത് കർണ്ണാടകാ അധികൃതരല്ലെന്നും ബഫർസോണിനായല്ലെന്നും ധാതു സാമ്പത്തിനെക്കുറിച്ചു പഠിക്കാൻ കേന്ദ്ര ഗവർമ്മെന്റ് നിർദ്ദേശ പ്രകാരം എത്തിയ സ്വകാര്യ ഏജന്സിയാണെന്നും തെളിഞ്ഞതിട് യാണ് എല്ലാവര്ക്കും ആശ്വാസമായത്. 
ഡിസംബർ 28  നാണ് കർണ്ണാടകവുമായി അതിർത്തി പങ്കിടുന്ന അയ്യങ്കുന്ന്‌ പഞ്ചായത്തിലെ കിളിതട്ടും പാറയിൽ ആദ്യം ചുവന്ന അടയാളമിട്ട് ജി പി 118 എന്നെഴുതിയ നിലയിൽ പ്രേദേശവാസി കണ്ടെത്തിയത്. തുടർന്ന് നടത്തിയ അന്വേഷണത്തിൽ പഞ്ചായത്തിന്റെ  വിവിധ മേഖലകളിൽ ഈ രീതിയിലുള്ള അടയാളപ്പെടുത്തലുകൾ കണ്ടെത്തി. കർണ്ണാടകത്തിലെ ബ്രഹ്മഗിരി വന്യജീവി സങ്കേതം അതിരിടുന്ന മേഖലയിൽ നിശ്ചിത അകാലത്തിലായിരുന്നു ഇത്തരം അടയാളപ്പെടുത്തലുകൾ ഉണ്ടായതു എന്നത് കൊണ്ടുതന്നെ അത് ജനങ്ങൾക്കിടയിൽ വലിയ ആശങ്ക സൃഷ്ടിച്ചു. 
രാജ്യത്തെ വന്യജീവി സങ്കേതങ്ങളുടെ അതിർത്തികൾ ബഫർസോൺ ആക്കുന്നതിന്റെ ഭാഗമായാണ് കേരള അതിർത്തിക്കുള്ളിൽ കടന്ന് കർണാടക സംഘം അടയാളപ്പെടുത്തലുകൾ നടത്തിയിട്ടുള്ളത് എന്ന നിഗമനത്തിലെത്തിചേർന്നത്. അയ്യൻകുന്ന്  പഞ്ചായത്ത് പ്രസിഡണ്ട് കുര്യാച്ചൻ പൈമ്പളിക്കുന്നേലിന്റെയും സെക്രട്ടറി സി.വി. വേണുഗോപാലിന്റെയും നേതൃത്വത്തിൽ പഞ്ചായത്ത് അധികൃതർ സ്ഥലത്തെത്തി പരിശോധന നടത്തി. കേരള മണ്ണിൽ ഒരു കടന്നുകയറ്റവും  സമ്മതിക്കില്ലെന്ന് ചൂണ്ടിക്കാട്ടി യൂത്ത് കോൺഗ്രസ്  എത്തി.  കളിതെട്ടും പാറയിലെ അടയാളപ്പെടുത്തൽ ഇവർ  കരിയോയിൽ ഒഴിച്ചു മായ്ച്ചു. 
  14 സ്ഥലങ്ങളിലായി അയ്യൻകുന്ന് പഞ്ചായത്തിന്റെ വനാതിർത്തി മേഖലകളിൽ അടയാളപ്പെടുത്തലുകൾ കണ്ടെത്തിയതോടെ ആശങ്ക കനത്തു.  ജി പി 111 നമ്പർ മുതൽ കണ്ടെത്തിയ അടയാളങ്ങളിൽ കളിതട്ടുംപാറയിലേത് ജി പി 118 എന്നാണ്.  ഇതോടെ വ്യക്തമായ പദ്ധതിയോട് കൂടി തന്നെയാണ് കേരള സംസ്ഥാനത്തിന്റെ അതിർത്തിക്കുള്ളിലേക്ക് കടന്നു കർണാടക അടയാളപ്പെടുത്തലുകൾ നടത്തിയിട്ടുള്ളത് എന്ന് വ്യക്തമായി. 
കണ്ണൂർ വനം വകുപ്പ് പ്രതിനിധി എന്ന നിലയിൽ പി. കാർത്തിക് മടിക്കേരി ഡി എഫ് ഓയെ ഫോണിൽ ബന്ധപ്പെട്ടപ്പോൾ കർണാടക വനം വകുപ്പ് ഇങ്ങനെയൊരു അടയാളപ്പെടുത്തലുകൾ നടത്തിയിട്ടില്ല എന്നാണ് അറിയിച്ചത് . ഇതോടെ കേരളത്തിൻ്റെ ഭൂമിയിൽ കയറി അടയാളപ്പെടുത്തലുകൾ നടത്തിയത് ആര്  എന്ന്  കണ്ടെത്താനുള്ള ഉത്തരവാദിത്വം കേരള സർക്കാരിനായി . കണ്ണൂർ ഫ്ലൈം സ്ക്വാഡ് ഡിഎഫ്ഒ അജിത്ത് കെ രാമൻറെ നേതൃത്വത്തിൽ വനം വകുപ്പ് സംഘം അടയാളങ്ങൾ പരിശോധിച്ച് വിവരങ്ങൾ ശേഖരിച്ചു. 

 രണ്ട് സംസ്ഥാനങ്ങൾ തമ്മിൽ അതിരിടുന്ന  വന മേഖലയോട് ചേർന്നുളള പ്രദേശങ്ങളെ കരുതൽ  മേഖലയിൽ നിന്നും ഒഴിവാക്കണമെന്നാണ് വ്യവസ്ഥയെന്നും  ഇക്കാരണം കൊണ്ടുതന്നെ  ഇക്കാര്യത്തിൽ   ആശങ്കയ്ക്ക് അടിസ്ഥാനമില്ലെന്നും  വനംവകുപ്പ് അധികൃതർ തറപ്പിച്ചു പറഞ്ഞു. ഇത് പറയുമ്പോഴും  പഞ്ചായത്തിലെ  എല്ലാ ഇടങ്ങിളിലും സമാന രീതിയിലുള്ള അടയാളപ്പെടുത്തലിന് പിന്നിലെ  ലക്ഷ്യമെന്തെന്നകാര്യം വനം വകുപ്പിനെ അസ്വസ്ഥമാക്കി. അടയാളപ്പെടുത്തലിന് ഔദ്യോഗിക  തലം ഇല്ലാഞ്ഞതിനാൽ കാര്യമാക്കേണ്ടെന്ന നിലപാടാണ് റവന്യു വകുപ്പും സ്വീകരിച്ചത്. എന്നാലും അറിയിപ്പ് പോലും നൽകാതെ ഏത് ഏജൻസിക്കും സർവ്വെ നടത്താനോ അടയാളപ്പെടുത്താനോ  അവകാശം ഇല്ല എന്ന് അവർ പറഞ്ഞു. പിന്നെ എങ്ങനെ ഇത്രയും പ്രദേശത്ത്   അടയാളപ്പെടുത്തൽ ഉണ്ടായി എന്നതും ഗൗരവമേറിയ കാര്യമായി മാറി. 
സംഭവത്തിൽ യാതൊരു പങ്കുമില്ലെന്നാണ്  കർണ്ണാടക അധികൃതർ പറയുന്നതെങ്കിലും കണ്ണൂർ ജില്ലാ ഭരണകൂടം വൈകിയാണെങ്കിലും ജാഗ്രതയിലായി. എ ഡി എം കെ.കെ. ദിവാകരനും തഹസിൽദാർ സി.വി. പ്രകാശനും മേഖലയിൽ നേരിട്ടെത്തി പരിശോധന നടത്തി.
വനം മന്ത്രിയുടേയും പ്രിൻസിപ്പൽ കൺസർവേറ്ററുടേയും നിർദ്ദേശപ്രകാരം വനം ഉത്തര മേഖല സി സി എഫ് കെ.എസ്. ദീപയും സംഘവും മേഖലയിൽ എത്തി. പാലത്തുംകടവിൽ ബാരാ പോൾ മിനി ജലവൈദ്യുത പദ്ധതിയുടെ കനാലിന് സമീപം അടയാളപ്പെടുത്തലിന്  ആളുകൾ എത്തിയത് ശ്രദ്ധയിൽപ്പെട്ട പ്രദേശത്തെ കർഷകനായ ജോർജ് കുന്നത്ത് പാലക്കലിൽ നിന്നും ഇവർ  വിവരങ്ങൾ ശേഖരിച്ചു. കന്നട ഭാഷ സംസാരിക്കുന്ന മൂന്നുപേർ ഇവിടെയെത്തി ഉപകരണങ്ങൾ ഉപയോഗിച്ച് മാർക്ക് ചെയ്യുന്നത് ശ്രദ്ധയിൽ പെട്ടതായും ഇദ്ദേഹം പറഞ്ഞു. പോലീസ് സംഘം  ജനപ്രതിനിധികളുടെയും നാട്ടുകാരുടെയും സഹായത്തോടെ പ്രദേശത്തെ വിവിധയിടങ്ങളിലെ  നിരീക്ഷണ ക്യാമറകൾ പരിശോധിച്ചെങ്കിലും കാര്യമായ വിവരങ്ങൾ ഒന്നും കണ്ടെത്താനായില്ല.  കഴിഞ്ഞ ദിവസം പാലത്തുംകടവിലും കളിതട്ടുംപാറയിലും കണ്ട കാർ ഏതെന്ന് കണ്ടെത്താനുള്ള ശ്രമം തുടങ്ങി. നിരീക്ഷണ ക്യാമറയിൽ പതിഞ്ഞ കാറിന്റെ നമ്പർ തിരിച്ചറിയാൻ കഴിഞ്ഞിരുന്നില്ല. ശാസ്ത്രീയമാർഗത്തിലൂടെ നമ്പർ കണ്ടെത്താൻ കഴിഞ്ഞാൽ അടയാളപ്പെടുത്തിയവരെ കണ്ടെത്താൻ കഴിയുമെന്ന വിശ്വാസത്തിലായിരുന്നു  വനം, റവന്യു വകുപ്പുകൾ. 
ഇതിനിടയിലാണ് തിങ്കളാഴ്ച വനമേഖല പങ്കിടുന്ന പയ്യാവൂർ  പ്രദേശങ്ങളിൽ സമാനരീതിയിൽ അടയാളപ്പെടുത്തലുകൾ നടത്തുന്ന സംഘത്തെ പ്രദേശവാസികൾ കാണുന്നതും പോലീസിനെ വിവരമറിയിക്കുന്നതും. തുടർന്നാണ് സംഘത്തെ പോലീസിന്റെ സഹായത്തോടെ കണ്ണൂർ കളക്ടറേറ്റിൽ എത്തിച്ച് ജില്ലാ ഭരണകൂടം വിവരങ്ങൾ തിരക്കുന്നത്.