ഇസ്രായേലിൽ ചിട്ടി നടത്തി പ്രവാസി മലയാളികളിൽനിന്ന് കോടികൾ തട്ടിയ ആൾ പിടിയിൽ

ഇസ്രായേലിൽ ചിട്ടി നടത്തി പ്രവാസി മലയാളികളിൽനിന്ന് കോടികൾ തട്ടിയ ആൾ പിടിയിൽ


  • തൃശൂർ: ഇസ്രായേലിൽ അധികൃതമായി ചിട്ടി നടത്തി കോടികളുടെ നിക്ഷേപട്ടിപ്പ് നടത്തിയ പ്രതിയെ അറസ്റ്റ് ചെയ്തു. ചാലക്കുടി സ്വദേശിയെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ഇസ്രായേലിൽനിന്ന് നൂറുകണക്കിന് പ്രവാസികളിൽനിന്ന് പണം തട്ടിയെടുത്ത് മുങ്ങുകയായിരുന്നു ഇയാൾ.

ഇന്ത്യയിലെത്തി ഒളിവിൽ കഴിഞ്ഞ പ്രതിയെ ഈ കേസിന്‍റെ അന്വേഷണ ഉദ്യോഗസ്ഥനായ ക്രൈംബ്രാഞ്ച് കുറ്റാന്വേഷണ വിഭാഗം തൃശൂർ യൂണിറ്റ് പോലീസ് സൂപ്രണ്ട് സന്തോഷ് ടി.ആറിന്‍റെ നേതൃത്വത്തിലാണ് അറസ്റ്റ് ചെയ്തത്. ഇസ്രായേലിൽ ജോലി ചെയ്തിരുന്ന പ്രതി നിയമവിരുദ്ധമായി പെർമാറ്റ് റിസ് എന്ന പേരിൽ ചിട്ടി നടത്തുകയായിരുന്നു.

ഫേസ്ബുക്ക്, വാട്സാപ്പ് എന്നീ സോഷ്യൽ മീഡിയകൾ വഴി പരസ്യം നൽകിയാണ് പ്രതി ചിട്ടിയിലേക്ക് ആളുകളെ ചേർത്തിരുന്നത്. കൂടുതലും ടേക്കർമാരായി ജോലി ചെയ്തുവന്നിരുന്ന നിരവധി മലയാളികളെയാണ് ഇയാൾ പറ്റിച്ചത്.


പ്രവാസികളിൽ നിന്നും കോടികണക്കിന് രൂപയുടെ നിക്ഷേപങ്ങൾ തട്ടിയെടുത്ത് ഇസ്രായിൽ നിന്നും ഇന്ത്യയിലേയ്ക്ക് കടന്ന് ഒളിവിൽ കഴിഞ്ഞു വരികയായിരുന്നു. ഇയാൾക്കെതിരെ നിരവധി പരാതികളാണ് വിവിധ പൊലീസ് സ്റ്റേഷനുകളിൽ ലഭിച്ചത്. നിലവിൽ ക്രൈംബ്രാഞ്ച് സാമ്പത്തിക കുറ്റാന്വേഷണ വിഭാഗമാണ് അന്വേഷണം നടത്തി പ്രതിയെ പിടികൂടിയത്. ഇയാളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.