രണ്ടു കാമുകൻമാർ ഒരുമിച്ച് വീട്ടിലെത്തി; പെൺകുട്ടി കിണറ്റിൽ ചാടി;

രണ്ടു കാമുകൻമാർ ഒരുമിച്ച് വീട്ടിലെത്തി; പെൺകുട്ടി കിണറ്റിൽ ചാടി; 


മുൻ കാമുകനും നിലവിലെ കാമുകനും ഒരുമിച്ച് വീട്ടിലെത്തി ബഹളം വെച്ചതോടെ പെൺകുട്ടി കിണറ്റിൽ ചാടി. മധ്യപ്രദേശിലെ ബേതുളിൽ അമിനോർ എന്ന സ്ഥലത്താണ് നാടകീയസംഭവങ്ങളുണ്ടായത്. പെൺകുട്ടി കിണറ്റിൽ ചാടുന്നത് കണ്ട സമീപവാസികൾ ഓടിയെത്തി, പെൺകുട്ടി രക്ഷിച്ച് കരയ്ക്ക് എത്തിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ പെൺകുട്ടിയെ ആദ്യം സമീപത്തെ കമ്മ്യൂണിറ്റി ഹെൽത്ത് സെന്‍ററിലും പിന്നീട് ജില്ലാ ആശുപത്രിയിലെ അത്യാഹിതവിഭാഗത്തിലും പ്രവേശിപ്പിച്ചു. പെൺകുട്ടിയുടെ ആരോഗ്യനില ഗുരുതരമാണെന്നാണ് റിപ്പോർട്ട്.

ഒരേസമയം പെൺകുട്ടിയുടെ കാമുകനും മുൻ കാമുകനും വീട്ടിലെത്തിയതോടെയാണ് പ്രശ്നങ്ങൾക്ക് തുടക്കമായത്. തങ്ങളിൽ ആരെയാണ് യഥാർഥത്തിൽ സ്നേഹിക്കുന്നതെന്ന് വ്യക്തമാക്കണമെന്ന് ആവശ്യപ്പെട്ട് ഇരുവരും പെൺകുട്ടിയെ മർദിക്കാൻ തുടങ്ങി. ഇതോടെയാണ് പെൺകുട്ടി ഓടി കിണറ്റിലേക്ക് ചാടിയത്.

ബോർഡേഹി പോലീസ് സ്റ്റേഷൻ പരിധിയിൽ മധ്യപ്രദേശിലെ ബേത്തുൽ ജില്ലയിൽ നിന്നാണ് സംഭവം റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ബഹളം കേട്ട് സമീപവാസികൾ എത്തിയപ്പോഴാണ് പെൺകുട്ടി വീട്ടിലെ കിണറ്റിലേക്ക് ചാടിയത്. പെൺകുട്ടി കിണറ്റിൽ ചാടിയതുകണ്ട് നാട്ടുകാർ അവളെ രക്ഷിക്കുകയും ഉടൻ ആശുപത്രിയിൽ എത്തിക്കുകയും ചെയ്തു. ചികിൽസയ്ക്കായി ബോർഡെഹിയിലെ കമ്മ്യൂണിറ്റി ഹെൽത്ത് സെന്ററിൽ പ്രവേശിപ്പിച്ച പെൺകുട്ടിയുടെ ആരോഗ്യനില വഷളായപ്പോൾ ജില്ലാ ആശുപത്രിയിലേക്ക് റഫർ ചെയ്തു. പെൺകുട്ടിയെ പിന്നീട് ജില്ലാ ആശുപത്രിയിലെ അത്യാഹിത വിഭാഗത്തിലേക്ക് മാറ്റി.

പെൺകുട്ടിയുടെ വീടിനുള്ളിൽ കയറി ബഹളമുണ്ടാക്കിയ രണ്ടു യുവാക്കളെ നാട്ടുകാർ പിടികൂടി പോലീസിൽ ഏൽപ്പിച്ചു. ഇവരെ ചോദ്യം ചെയ്തുവരികയാണ്. പെൺകുട്ടി തന്റെ മുൻ കാമുകനുമായി സംസാരിക്കുന്നത് നിർത്തി പുതിയൊരാളുമായി അടുപ്പത്തിലാകുകയായിരുന്നു.

അതിനിടെയാണ് പെൺകുട്ടിക്ക് മറ്റൊരു ബന്ധമുണ്ടെന്ന വിവരം പുതിയ കാമുകൻ അറിയുന്നത്. വൈകാതെ ഇരു കാമുകൻമാരും തമ്മിൽ കണ്ടുമുട്ടിയതോടെ, പെൺകുട്ടിയെ നേരിൽ കണ്ട് വിവരം ചോദിച്ചറിയാമെന്ന് തീരുമാനിക്കുകയായിരുന്നു. ഇതോടെയാണ് രണ്ടു യുവാക്കളും ഒരുമിച്ച് പെൺകുട്ടിയുടെ വീട്ടിലെത്തിയത്. മൂവരും തമ്മിൽ വാക്കേറ്റമുണ്ടായി, ഇത് വൻ സംഘർഷത്തിലേക്ക് എത്തുകയായിരുന്നു.

അതേസമയം, പെൺകുട്ടിയുടെ പിതാവ് ബോർഡെഹി പോലീസ് സ്റ്റേഷനിൽ വീട്ടിൽ അതിക്രമിച്ചു കയറിയതിന് യുവാക്കൾക്കെതിരെ പരാതി നൽകി. രണ്ട് പ്രതികളെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇവർക്കൊപ്പം പെൺകുട്ടിയുടെ വീട്ടിലെത്തിയ ഇരുവരുടെയും സുഹൃത്തുക്കൾ ഒളിവിലാണ്. ഇവരെ കണ്ടെത്താൻ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.