പാനൂരിൽ വീട് അടിച്ചു തകർത്തു; മേഖലയിൽ വ്യാപക അക്രമം

പാനൂരിൽ വീട് അടിച്ചു തകർത്തു; മേഖലയിൽ വ്യാപക അക്രമം


പാനൂർ : പൂക്കോം മേഖലയിൽ വ്യാപക അക്രമം.
ബിജെപി- കോൺഗ്രസ് സംഘർഷം നിലനിൽക്കുന്ന പൂക്കോം പ്രദേശത്ത് അക്രമങ്ങൾ തുടരുന്നു.കോൺഗ്രസ് ബ്ലോക്ക് പ്രസിഡണ്ടും, നഗരസഭ കൗൺസിലറുമായ കെ.പി.ഹാഷിമിനെ അക്രമിച്ചതിനു പുറമെ പൂക്കോം വലിയാണ്ടി പീടികയിൽ കോൺഗ്രസ്സ് ബൂത്ത് പ്രസിഡൻ്റ് കാളാംവീട്ടിൽ രാജീവൻ്റെ വീടും ഒരു സംഘം അടിച്ചു തകർത്തു. ഹാഷിമിന് നേരെയുണ്ടായ അക്രമത്തിനു ശേഷമാണ് വീട് തകർത്തത്. സാരമായി പരിക്കേറ്റ ഹാഷിമിനെ കോഴിക്കോടേക്ക് മാറ്റിയിട്ടുണ്ട്.ക്ഷേത്ര ഉത്സവവുമായി ബന്ധപ്പെട്ട് ഉണ്ടായ സംഘർഷമാണ് തുടരുന്നത്.ആർഎസ്എസ് പാനൂർ ഖണ്ഡ് ശാരീരിക് ശിക്ഷൺ പ്രമുഖ് സിടി കെ.അനീഷിനും, കോൺഗ്രസ് പ്രവർത്തകൻ സന്ദീപിനും സംഘർഷത്തിൽ പരിക്കേറ്റിരുന്നു.ചൊക്ലി, പാനൂർ പോലീസ് പ്രദേശത്ത് നിലയുറപ്പിച്ചിട്ടുണ്ടെങ്കിലും അക്രമം തുടരുകയാണ്.
അക്രമങ്ങളിൽ പ്രതിഷേധിച്ച് ഇന്ന് വൈകുന്നേരം 4 മണിക്ക് പാനൂരിൽ യു.ഡി.എഫിൻ്റെ നേതൃത്വത്തിൽ പ്രതിഷേധ പ്രകടനവും പ്രതിഷേധയോഗവും നടക്കും. പാനൂർ മുസ്ലിം ലീഗ് ഓഫീസ് പരിസരത്ത് നിന്നാരംഭിച്ച് ബസ്റ്റാൻ്റിൽ സമാപിക്കും.