നൂല്‍പ്പുഴ വള്ളുവാടിയില്‍ കടുവയിറങ്ങി, ഗര്‍ഭിണിയായ പശുവിനെ ആക്രമിച്ചു; ഭീതിയില്‍ ജനം

നൂല്‍പ്പുഴ വള്ളുവാടിയില്‍ കടുവയിറങ്ങി, ഗര്‍ഭിണിയായ പശുവിനെ ആക്രമിച്ചു; ഭീതിയില്‍ ജനം


സുല്‍ത്താന്‍ബത്തേരി: നൂല്‍പ്പുഴ പഞ്ചായത്തിലെ വള്ളുവാടിയില്‍ വീണ്ടും കടുവയിറങ്ങി പശുവിനെ ആക്രമിച്ച് പരിക്കേല്‍പ്പിച്ചു. ഇന്ന് ഉച്ചക്ക് ഒന്നരയോടെ നൂല്‍പ്പുഴ പഞ്ചായത്ത് മൂന്നാവാര്‍ഡിലുള്‍പ്പെട്ട മാടക്കുണ്ട് പണിയകോളനിക്ക് സമീപമാണ് സംഭവം. കരവെട്ടാറ്റിന്‍കര പൗലോസിന്റെ ഗര്‍ഭിണിയായ പശുവിനെയാണ് ആക്രമിച്ചത്. വീടിന് സമീപത്തെ പറമ്പില്‍ മേയുന്നതിനിടെയായിരുന്നു കടുവയുടെ ആക്രമണം. 

പശുവിന്റെ കരച്ചില്‍ കേട്ടെത്തിയ മാടക്കുണ്ട് കോളനിവാസികളില്‍ ചിലരാണ് കടുവയെ ആദ്യം കണ്ടത്. ആളുകള്‍ ബഹളം വെച്ചതോടെ പശുവിനെ ഉപേക്ഷിച്ച് സമീപത്തെ വനത്തിലേക്ക് ഓടിമറയുകയായിരുന്നു കടുവയെന്ന് പഞ്ചായത്തംഗം ജയചന്ദ്രന്‍ പറഞ്ഞു. പതിനഞ്ച് ദിവസം മുമ്പും പൗലോസിന്റെ പശുവിനെ കടുവ ആക്രമിച്ചിരുന്നു. വനത്തിനുള്ളില്‍ മേയുന്നിതിനിടെയായിരുന്നു അന്ന് കടുവയെത്തിയത്. പഞ്ചായത്ത് അധികൃതര്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് വനംവകുപ്പ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി പരിശോധന നടത്തി.