'ഇരുമ്പ് കമ്പിക്ക് പകരം മരത്തടി ഉപയോഗിച്ച് കോൺക്രീറ്റിംഗ് കൗതുകവാർത്ത; പൊതുമരാമത്ത് വകുപ്പിന്റെ പ്രവൃത്തി അല്ല'; മന്ത്രി മുഹമ്മദ് റിയാസ്

'ഇരുമ്പ് കമ്പിക്ക് പകരം മരത്തടി ഉപയോഗിച്ച് കോൺക്രീറ്റിംഗ് കൗതുകവാർത്ത; പൊതുമരാമത്ത് വകുപ്പിന്റെ പ്രവൃത്തി അല്ല'; മന്ത്രി മുഹമ്മദ് റിയാസ്


  • തിരുവനന്തപുരം: പത്തനംതിട്ട റാന്നിയിൽ ഇരുമ്പ് കമ്പിക്ക് പകരം മരത്തടി ഉപയോഗിച്ച് കോൺക്രീറ്റിങ് നടത്തിയ സംഭവത്തിൽ വിശദീകരണവുമായി മന്ത്രി മുഹമ്മദ് റിയാസ്. റോഡിന്റെ പാർശ്വഭിത്തി നിർമ്മാണത്തിനാണ് കോൺഗ്രീറ്റ് പീസുകളിൽ കമ്പിക്ക് പകരം മരത്തടി ഉപയോഗിച്ചത് വാർത്തകളിൽ നിറഞ്ഞിരുന്നു. സംഭവത്തിൽ പൊതുമരാമത്ത് വകുപ്പിനെതിരെ വമർശനവും ഉയർന്നിരുന്നു.

ഈ സാഹചര്യത്തിലാണ് റോഡ് പണിയിൽ‌ വ്യക്തത വരുത്തി മന്ത്രി തന്നെ രംഗത്തെത്തിയത്. കമ്പിക്ക് പകരം തടിക്കഷ്ണം ഉപയോഗിച്ചു എന്നത് കൗതുകകരമായ ഒരു വാർത്തയാണ്. മനസ്സിൽ പ്രതിഷേധം ഉയരുക സ്വാഭാവികവുമാണെന്ന് മന്ത്രി ഫേസ്ബുക്കിൽ കുറിച്ചു. എന്നാല്‍ ഈ റോഡ് നിർമാണം പൊതുമരാമത്ത് വകുപ്പിന്റേതല്ലെന്ന് മന്ത്രി വ്യക്തമാക്കി.


തെറ്റായ പ്രവണതകൾ പൊതുമരാമത്ത് വകുപ്പിലും ഉണ്ടാകാറുണ്ട്. അവയെ പരമാവധി ഇല്ലായ്മ ചെയ്യുവാനുള്ള കഠിന ശ്രമം തുടരുക തന്നെ ചെയ്യുമെന്നും അറിയിക്കുന്നതായി മന്ത്രി ഫേസ്ബുക്കിൽ കുറിച്ചു.

മന്ത്രിയുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം

പത്തനംതിട്ട ജില്ലയിലെ റാന്നിയിൽ റോഡ് പണിയുടെ ഭാഗമായുള്ള കോൺക്രീറ്റ് പ്രവൃത്തിയിൽ കമ്പിക്ക് പകരം തടിക്കഷ്ണം ഉപയോഗിച്ചു എന്നത് കൗതുകകരമായ ഒരു വാർത്തയാണ്. മനസ്സിൽ പ്രതിഷേധം ഉയരുക സ്വാഭാവികവുമാണ്.

പൊതുമരാമത്ത് വകുപ്പിനെതിരെ സോഷ്യൽ മീഡിയയിൽ ഇതുമായി ബന്ധപ്പെട്ട് തുടർച്ചയായ പ്രചരണം നടത്തുന്നവരുണ്ട്. പൊതുമരാമത്ത് വകുപ്പുമായി ബന്ധപ്പെട്ട റോഡ് പ്രവൃത്തി അല്ല ഇത് എന്ന വസ്തുത ശ്രദ്ധയിൽപ്പെടുത്തുന്നു.

ചില തെറ്റായ പ്രവണതകൾ പൊതുമരാമത്ത് വകുപ്പിലും ഉണ്ടാകാറുണ്ട്. അവയെ പരമാവധി ഇല്ലായ്മ ചെയ്യുവാനുള്ള കഠിന ശ്രമം തുടരുക തന്നെ ചെയ്യുമെന്നും അറിയിക്കുന്നു.

പൊതുമരാമത്ത് വകുപ്പുമായി ബന്ധപ്പെട്ട ക്രിയാത്മക നിർദ്ദേശങ്ങൾ വിമർശനങ്ങൾ അഭിപ്രായങ്ങൾ തുടർന്നും ശ്രദ്ധയിൽപ്പെടുത്തണമെന്ന് അഭ്യർത്ഥിക്കുന്നു