പ്രീപെയ്ഡ് ഓട്ടോ കൗണ്ടർ ഉടൻ പുനരാരംഭിക്കും

കണ്ണൂർ റെയിൽവെ സ്റ്റേഷനിലെ പ്രീപെയ്ഡ് ഓട്ടോ കൗണ്ടർ ഉടൻ പുനരാരംഭിക്കും. ജില്ലാ വികസന സമിതിയുടെ നിർദേശമനുസരിച്ച് പൊലീസിന്റെ നേതൃത്വത്തിലാവും കൗണ്ടർ പ്രവർത്തിക്കുക. മറ്റ് ഏജൻസികളില്ലാത്ത സാഹചര്യത്തിൽ തുടക്കമെന്ന നിലയിൽ സിറ്റി പൊലീസ് കൗണ്ടറിന്റെ പ്രവർത്തനം ഏകോപിപ്പിക്കാമെന്ന് ബന്ധപ്പെട്ട ഉദ്യോഗസ്ഥർ ജില്ലാ വികസന സമിതി യോഗത്തെ അറിയിച്ചു. രാമചന്ദ്രൻ കടന്നപ്പള്ളി എം എൽ എ യുടെ യോഗ പരാമർശത്തെ തുടർന്നാണീ തീരുമാനം.
ജില്ലയിൽ കൊവിഡ് കാലത്ത് നിർത്തലാക്കിയ കെ എസ് ആർ ടി സി സർവീസുകൾ ശബരിമല സീസൺ കഴിയുന്ന മുറയ്ക്ക് ജനുവരി 20 ന് ശേഷം പുനരാരംഭിക്കുമെന്ന് കെ എസ് ആർ ടി സി ജില്ലാ ട്രാൻസ്‌പോർട്ട് ഓഫീസർ അറിയിച്ചു. ജില്ലയിൽ നിന്ന് 22 ബസുകളാണ് പമ്പയിലുള്ളത്. സജീവ് ജോസഫ് എം എൽ എ ആണ് വിഷയം ഉന്നയിച്ചത്.