
വിജിലൻസ് ഡ്രൈവർ ആയ ഗിരീഷിന് ചില കുടുംബ പ്രശ്നങ്ങളും സാമ്പത്തിക പ്രശ്നങ്ങളും ഉണ്ടായിരുന്നു. ഇന്നലെ ഉച്ചയോടെ വീട്ടുകാർ ഗിരീഷിന്റെ ഒരു കത്ത് വീട്ടിൽ കണ്ടെടുത്തു. ‘ഞാൻ പോകുന്നു’ എന്ന തരത്തിൽ ആയിരുന്നു കത്ത്. ഇതോടെ വീട്ടുകാർ ആധിയിലായി. വിവിധ പോലീസ് സ്റ്റേഷനുകളിലേക്ക് സന്ദേശം പാഞ്ഞു. ഒടുവിൽ ആഴിമല ക്ഷേത്രത്തിനു സമീപം കടൽത്തീരത്ത് ഗിരീഷിന്റെ ബൈക്ക് കണ്ടെത്തി.
തീരത്തേക്ക് പോകുന്നതിന്റെ സിസിടിവി ദൃശ്യങ്ങളും ലഭിച്ചു. കടൽ ചാടി ആത്മഹത്യ ശ്രമിച്ചു എന്ന നിഗമനത്തിൽ പോലീസ് എത്തി. തുടർന്ന് വിപുലമായ പരിശോധന. കോസ്റ്റൽ പോലീസിന്റെ ബോട്ട് ഉൾപ്പെടെ ഉപയോഗിച്ച് കടലിൽ തിരച്ചിൽ നടത്തി. ഇന്ന് രാവിലെ മുതൽ കടലിലും പാറക്കെട്ടിന്റെ പല ഭാഗങ്ങളിലും പരിശോധന നടന്നു.
തെരച്ചിൽ തുടരുന്നതിനിടെ ഒരു സന്ദേശം എത്തി. പാലക്കാട് സൗത്ത് പോലീസ് സ്റ്റേഷനിൽ നിന്നാണ് സന്ദേശം. കടലിൽ ചാടിയെന്ന് കരുതിയ പോലീസുകാരൻ പാലക്കാട്ട് ഉണ്ട് ! കൈലി മുണ്ടുടുത്ത് കടൽ ഭാഗത്തേക്ക് പോയ ഗിരീഷിനെ വെള്ളമുണ്ട് ധരിച്ച അവസ്ഥയിലാണ് പാലക്കാട് കണ്ടെത്തിയത്. വസ്ത്രം മാറി പാറക്കെട്ടുകളുടെ മറ്റൊരു വശം വഴി കടന്നതായാണ് വിവരം. ബസ്സിൽ പാലക്കാട്ട് എത്തിയെന്നാണ് അവിടെ ഗിരീഷ് പോലീസുകാരോട് പറഞ്ഞത്.