പുലിഭീതി ഒഴിയാതെ ആയിത്തറ.. വീണ്ടും കണ്ടെന്ന് നാട്ടുകാർ

*പുലിഭീതി ഒഴിയാതെ ആയിത്തറ..  വീണ്ടും കണ്ടെന്ന് നാട്ടുകാർ*


കൂത്തുപറമ്പ് :നാട്ടുകാരിൽ ചിലർ പുലിയെ വീണ്ടും കണ്ടതായി പറഞ്ഞതോടെ ആയിത്തറ പ്രദേശം വീണ്ടും ഭീതിയിൽ. രണ്ടാഴ്ചക്ക് ഇടയിൽ ആയിത്തറയിലെ വിവിധ പ്രദേശങ്ങളിൽ പല തവണയായി പുലിയെ കണ്ടതായി നാട്ടുകാർ പറയുന്നു. കഴിഞ്ഞ ദിവസം ആയിത്തറ പാറയിൽ ആടിനെ കടിച്ചു കൊന്ന നിലയിൽ കണ്ടിരുന്നു. അതും പുലി കൊന്നത് തന്നെ ആണെന്നാണ് നാട്ടുകാരുടെ സംശയം.

രണ്ടാഴ്ച മുൻപ്‌ മട്ടന്നൂർ അയ്യലൂരിൽ വനപാലകർ സ്ഥാപിച്ച ക്യാമറയിൽ പുലി പ്രത്യക്ഷപ്പെട്ടതിന്റെ തൊട്ടടുത്ത ദിവസമാണ് കമ്പിനിക്കുന്നിൽ റബ്ബർ ടാപ്പിങ് തൊഴിലാളിയായ ജോസ് പുലിയെ ആദ്യമായി കണ്ടത്. പിന്നീട് ആയിത്തറ പാറയിലും വെങ്ങിയാർ ഭാഗത്തും പുലിയെ കണ്ടതായി അഭ്യൂഹമുണ്ട്. ആയിത്തറ മീൻചിറയിൽ പി ഷീജയുടെ വീടിനു സമീപം വെളിയാഴ്ച രാത്രി 10.30-ഓടെയും സമീപത്ത് തന്നെ ശനിയാഴ്ച പുലർച്ചെ റബ്ബർ ടാപ്പിങ്ങിന് പോകുന്നതിനിടയിൽ അനിൽ നിവാസിൽ വി അച്യുതനും പുലിയെ കണ്ടെന്ന് പറഞ്ഞതോടെ നാട്ടുകാർ പരിഭ്രാന്തിയിലായി.

വെള്ളിയാഴ്ച രാത്രി അടുക്കളവശത്ത് നിന്ന് പാത്രം കഴുകുന്നതിനിടയിൽ തൊട്ടടുത്ത പറമ്പിൽ നിന്ന് ശബ്ദം കേട്ടാണ് ഷീജ ടോർച്ച് അടിച്ചു നോക്കിയത്. പുലിയെ കണ്ടതോടെ നാട്ടുകാരെ വിവരം അറിയിക്കുകയും പ്രദേശത്ത് തിരച്ചിൽ നടത്തുകയും ചെയ്‌തെങ്കിലും കണ്ടെത്താനായില്ല. അയൽവാസിയായ അച്യുതൻ രാവിലെ റബ്ബർ ടാപ്പിങ്ങിന് പോകുന്നതിനിടയിൽ മുരൾച്ച കേട്ടാണ് റോഡിനരികിലെ പറമ്പിൽ ടോർച്ച് അടിച്ചപ്പോൾ പുലി സമീപത്തെ പുഴ ലക്ഷ്യമാക്കി ചാടുന്നത് കണ്ടത്.

രണ്ടാഴ്ച മുൻപ്‌ വനപാലകർ ആയിത്തറ ഭാഗത്ത് തിരച്ചിൽ നടത്തിയിരുന്നു. പുലി ഭീതിയിൽ റബ്ബർ ടാപ്പിങ് ഉൾപ്പെടെയുള്ള ജോലികൾ താത്കാലികമായി നിർത്തി വെച്ചിരിക്കുകയാണ് നാട്ടുകാർ. മറ്റ് ഉപജീവന മാർഗമില്ലാത്തവർ പേടിയോടെയാണ് പുലർച്ചെ ജോലിക്ക് ഇറങ്ങുന്നത്.