ഒരുകോടി വിലയുള്ള സമ്മാനം അയച്ചെന്ന് കാമുകൻ, കൈപ്പറ്റാൻ യുവതി നൽകിയത് എട്ടര ലക്ഷം: ഒടുവിൽ ഫേസ്ബുക്ക് സുഹൃത്ത് അറസ്റ്റിൽ

ഒരുകോടി വിലയുള്ള സമ്മാനം അയച്ചെന്ന് കാമുകൻ, കൈപ്പറ്റാൻ യുവതി നൽകിയത് എട്ടര ലക്ഷം: ഒടുവിൽ ഫേസ്ബുക്ക് സുഹൃത്ത് അറസ്റ്റിൽ


പാലക്കാട്:  സമ്മാനമെന്ന് കേട്ടാൽ മൂക്കുംകുത്തി വീഴുന്നവർ പുതുമയല്ല.  അപ്പോൾ പിന്നെ ഒരു കോടി രൂപ വിലയുള്ള സമ്മാനം ലഭിച്ചുവെന്ന് കേട്ടാലോ. ഇല്ലാത്ത സമ്മാനത്തിന് കസ്റ്റംസ് ഡ്യൂട്ടി വേണമെന്ന് പറഞ്ഞ് യുവതിയിൽ നിന്നും എട്ടര ലക്ഷം രൂപ തട്ടിയെടുത്ത കേസിൽ മുംബൈ സ്വദേശിയെ പാലക്കാട് കസബ പൊലീസ് അറസ്റ്റ് ചെയ്തതോടെയാണ് പുതിയ തട്ടിപ്പ് തെളിഞ്ഞത്.

പുതുശ്ശേരി കുരുടിക്കാട് സ്വദേശിയായ യുവതി നൽകിയ പരാതിയിലാണ് നടപടി.  മുംബൈ ജിടിബി നഗർ സ്വദേശി ദിപേഷ് സന്തോഷ് മാസാനി എന്നയാളെയാണ് കസബ പോലീസ് ഇൻസ്പെക്ടർ രാജീവും സംഘവും ചേർന്ന് മുബൈയിൽ നിന്ന് അതിവിദഗ്ധമായി പിടികൂടിയത്.


2021 ഓഗസ്റ്റിലാണ് കേസിനാസ്പദമായ സംഭവം. യുവാവിൻ്റെ ഫേസ്ബുക്ക് അക്കൗണ്ടിൽ നിന്നും യുവതിക്ക് ഫ്രണ്ട് റിക്വസ്റ്റ് ലഭിച്ചിരുന്നു. ആദ്യമൊന്നും യുവതി റിക്വസ്റ്റ് സ്വീകരിച്ചില്ല. പിന്നീട്  സ്ഥിരമായി ചാറ്റ് ചെയ്ത് യുവാവ്,  യുവതിയെ വലയിൽ വീഴ്ത്തുകയായിരുന്നു. യുവതിയെ കാണാൻ നാട്ടിലേക്ക് വരുന്നുണ്ടെന്നും അപ്പോൾ നേരിൽ കാണാമെന്നും ഉറപ്പു നൽകി.

താൻ നാട്ടിലേക്ക് വരുന്നതിനു മുൻപായി ഒരു കോടി രൂപ വിലപിടിപ്പുള്ള സമ്മാനം നാട്ടിലേക്ക് അയച്ചിട്ടുണ്ടെന്ന് ഇയാൾ യുവതിയെ പറഞ്ഞ് വിശ്വസിപ്പിച്ചു. കസ്റ്റംസിൻ്റെ കൈയിൽ നിന്നും അത് നേരിട്ട് വാങ്ങണമെന്ന് പറഞ്ഞ ഇയാൾ, ആ സമ്മാനം കൈപ്പറ്റാൻ കസ്റ്റംസിന് പണം അടക്കണമെന്നും യുവതിയോട് പറഞ്ഞു.

ആദ്യം യുവതി മടിച്ചെങ്കിലും കോടിക്കണക്കിന് രൂപ വിലയുള്ള സമ്മാനമാണ് താൻ യുവതിക്കായി നാട്ടിലേക്ക് അയച്ചിരിക്കുന്നത് എന്നും  അതുകൊണ്ട് 8.5 ലക്ഷം രൂപ ഒരിക്കലും ഒരു നഷ്ടമാകില്ല എന്ന് ഇയാൾ പറഞ്ഞു വിശ്വസിപ്പിച്ചു. ഇതിനിടെ കസ്റ്റംസ് ഓഫീസിൽ നിന്നാണെന്നും പറഞ്ഞ് മറ്റൊരാൾ വിളിച്ചു. നിങ്ങൾക്ക് സ്വർണവും വജ്രവും അടങ്ങിയ സമ്മാനമുണ്ടെന്നും എട്ടര ലക്ഷം രൂപ നൽകണമെന്നും ആവശ്യപ്പെട്ടു.


ഇതോടെ സംഭവം വിശ്വസിച്ച യുവതി രണ്ട് അക്കൗണ്ടുകളിലായി നാല് തവണകളായി യുവതി 8,55,500 രൂപ അയച്ചു കൊടുത്തു. എന്നാൽ അതിനുശേഷം അയാളുടെ ഒരു വിവരവും ഉണ്ടായില്ല. ഇതോടെയാണ് താൻ ചതിക്കപ്പെടുകയായിരുന്നുവെന്ന് യുവതിക്ക് മനസ്സിലായത്. ഇതേ തുടർന്നാണ് യുവതി കസബ പോലീസിൽ പരാതിയുമായി എത്തിയത്. മാസങ്ങൾ നീണ്ട അന്വേഷണത്തിനൊടുവിലാണ് പ്രതി വലയിലാകുന്നത്.

ഡോക്ടർ ആണെന്ന് പറഞ്ഞാണ് യുവതിയെ പ്രതി കബളിപ്പിച്ചതെന്ന് പൊലീസ് പറഞ്ഞു. പാലക്കാട് ജില്ലാ പോലീസ് മേധാവി ആർ വിശ്വനാഥ്, പാലക്കാട് എ എസ് പി ഷാഹുൽ ഹമീദ്. എ എന്നിവരുടെ നിർദ്ദേശപ്രകാരം കസബ ഇൻസ്പെക്ടർ രാജീവ്  എൻ എസിൻ്റെ നേതൃത്വത്തിൽ സബ് ഇൻസ്പെക്ടർ ജഗ്മോഹൻ ദത്ത, സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ കാജാഹുസൈൻ, നിഷാദ്, മാർട്ടിൻ എന്നിവരടങ്ങുന്ന സംഘമാണ് മുബൈയിൽ പോയി പ്രതിയെ പിടികൂടിയത്. ഈ കേസ്സുമായി ബന്ധപ്പെട്ട് കൂടുതൽ അറസ്റ്റ് ഉടൻ ഉണ്ടാകുമെന്ന് കസബ ഇൻസ്പെക്ടർ രാജീവ് എൻ എസ് അറിയിച്ചു.