'സംസ്ഥാന സ്കൂൾ കലോത്സവത്തിലെ സ്വാഗതഗാനത്തില്‍ മുസ്ലീംവേഷധാരിയെ തീവ്രവാദിയാക്കി' മുന്‍ മന്ത്രി പി കെ അബ്ദുറബ്ബ്

'സംസ്ഥാന സ്കൂൾ കലോത്സവത്തിലെ സ്വാഗതഗാനത്തില്‍ മുസ്ലീംവേഷധാരിയെ തീവ്രവാദിയാക്കി' മുന്‍ മന്ത്രി പി കെ അബ്ദുറബ്ബ്


മലപ്പുറം:സംസ്ഥാന സ്കൾ കലോത്സവത്തിലെ സ്വാഗത ഗാനത്തിനെതിരെ  മുൻ വിദ്യാഭ്യാസ മന്ത്രി പികെ അബ്ദുറബ്ബ് രംഗത്ത്. മുസ്ലീംവേഷധാരിയെ തീവ്രവാദിയാക്കി ചിത്രീകരിച്ചെന്നാണ് ആക്ഷേപം.മുജാഹിദ് സമ്മേളനത്തിൽ മുസ്ലീം സമുദായത്തിന് വേണ്ടി സംസാരിച്ച് മുഖ്യമന്ത്രി  കയ്യടി വാങ്ങി.ഇതേ മുഖ്യമന്ത്രിയുടെ സാന്നിധ്യത്തിൽ   മുസ്ലീം സമുദായത്തെ തീവ്രവാദിയാക്കി എന്നും അബ്ദുറബ്ബ് ആരോപിച്ചു.സ്വാഗതഗാനം തയ്യാറാക്കിയതിൽ  സൂക്ഷ്മതയുണ്ടായില്ല.ഫെയ്സ്ബുക്ക് പേജിൽ ആണ് പി.കെ അബ്ദുറബ്ബിന്‍റെ വിമർശനം.

 

അബ്ദുറബ്ബിന്‍റെ പോസ്റ്റിന്‍റെ പൂര്‍ണരൂപം ഇങ്ങിനെ..

കോഴിക്കോട്

മുജാഹിദ് സമ്മേളനത്തിൽ

വെച്ച് മുഖ്യമന്ത്രി

ഘോര ഘോരം നമ്മെ

ഓർമ്മപ്പെടുത്തി

'മഴു ഓങ്ങി നിൽപ്പുണ്ട്

അതിന് ചുവട്ടിലേക്ക്

ആരും കഴുത്ത് നീട്ടി

കൊടുക്കരുത്'

കേട്ടപാതി കേൾക്കാത്ത

പാതി എല്ലാവരും

നിർത്താതെ കയ്യടിച്ചു.

രണ്ടു ദിവസം കഴിഞ്ഞില്ല,

അതെ, കോഴിക്കോട്;

സംസ്ഥാന സ്കൂൾ

യുവജനോത്സവമാണ് വേദി,

മുഖ്യമന്ത്രിയുടെയും, വിദ്യഭ്യാസ

മന്ത്രിയുടെയും, പൊതുമരാമത്ത്

വകുപ്പ് മന്ത്രിയുടെയും സാന്നിധ്യം.

സ്വാഗത ഗാനത്തോടൊപ്പമുള്ള

ചിത്രീകരണത്തിൽ തലയിൽകെട്ട്

ധരിച്ച ഒരാൾ വരുന്നു. തീർത്തും

മുസ്ലിം വേഷധാരിയായ അയാളെ

ഭീകരവാദിയെന്നു തോന്നിപ്പിക്കും

വിധമാണ് ചിത്രീകരണം. ഒടുവിൽ

പട്ടാളക്കാർ വന്നു അയാളെ

കീഴ്പ്പെടുത്തുന്നതാണ് രംഗം.

ഇളം തലമുറകളുടെ മനസ്സിലേക്ക്

പോലും ഇസ്ലാം ഭീതി സൃഷ്ടിക്കുന്ന

ഈ ചിത്രീകരണം നടക്കുമ്പോൾ

സംഘാടകരോട് തിരിഞ്ഞു നിന്നു

ചോദിക്കാൻ ആരുമുണ്ടായില്ല.

ഓങ്ങി നിൽക്കുന്ന മഴുവിന്

ചുവട്ടിലേക്ക് ആരും കഴുത്ത്

നീട്ടിക്കൊടുക്കണ്ട!

മുഖ്യമന്ത്രി പറഞ്ഞതെത്ര കൃത്യം.

'അതായത് കോയാ...നിങ്ങൾ

അങ്ങോട്ട് പോണ്ടാ, ഓരെ

ഞമ്മള് ഇങ്ങോട്ട് കൊണ്ടു വരും,

എന്താല്ലേ!