വയനാട്ടിൽ കർഷകന്റെ ജീവനെടുത്ത കടുവയെ പിടികൂടാൻ ശ്രമം തുടരുന്നു, മാനന്തവാടി താലൂക്കിൽ ഇന്ന് ഹർത്താൽ

വയനാട്ടിൽ കർഷകന്റെ ജീവനെടുത്ത കടുവയെ പിടികൂടാൻ ശ്രമം തുടരുന്നു, മാനന്തവാടി താലൂക്കിൽ ഇന്ന് ഹർത്താൽ


കൽപ്പറ്റ : വയനാട് പുതുശ്ശേരി വെള്ളാരംകുന്നിൽ കർഷകന്റെ ജീവനെടുത്ത കടുവയെ പിടികൂടാൻ വനം വകുപ്പ് ശ്രമം തുടരുന്നു. കടുവയുടെ സാന്നിധ്യം സ്ഥിരീകരിച്ച പ്രദേശത്ത് കൂട് സ്ഥാപിച്ചു. വിവിധയിടങ്ങളിലായി എട്ട് നിരീക്ഷണ ക്യാമറകളും ഒരുക്കിയിട്ടുണ്ട്. മുത്തങ്ങ ആനപന്തിയിൽ നിന്ന് കുങ്കിയാനയെയും വെള്ളാരംകുന്നിൽ എത്തിച്ചു. കടുവ കൂട്ടിൽ കുടുങ്ങിയില്ലെങ്കിൽ മയക്കുവെടിവച്ച് പിടികൂടാനാണ് ശ്രമം. 

സംഭവത്തിൽ പ്രതിഷേധിച്ച് യുഡിഎഫും ബിജെപിയും മാനന്തവാടി താലൂക്കിൽ ഇന്ന് ഹർത്താലിന് ആഹ്വാനം ചെയ്തിട്ടുണ്ട്. കടുവഭീതി തുടരുന്നതിനാൽ തൊണ്ടർനാട്, തവിഞ്ഞാൽ പഞ്ചായത്തുകളിലെ മുഴുവൻ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും എടവക പഞ്ചായത്തിലെ രണ്ട് സ്കൂളുകൾക്കും ജില്ലാ കലക്ടർ അവധി പ്രഖ്യാപിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസമാണ് കടുവയുടെ ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന തോമസ് മരിച്ചത്.