നെയ്യാട്ടവും കുടക് കോമരങ്ങളുടെ കൂടിക്കാഴ്ചയും നടന്നു വയത്തൂർ ഊട്ട് മഹോത്സവം വ്യാഴാഴ്ച സമാപിക്കും

നെയ്യാട്ടവും കുടക് കോമരങ്ങളുടെ കൂടിക്കാഴ്ചയും നടന്നു 
വയത്തൂർ ഊട്ട് മഹോത്സവം വ്യാഴാഴ്ച   സമാപിക്കും 


ഉളിക്കൽ: മലയാളികളും കുടകരും ചേർന്ന് ആഘോഷിക്കുന്ന വയത്തൂർ കാലിയാർ ഊട്ട് മഹോത്സവം വ്യാഴാഴ്ച  സമാപിക്കും. ബുധനാഴ്ച രാവിലെ ഉത്സവത്തിലെ പ്രധാന ചടങ്ങായ നെയ്യാട്ടം നടന്നു. തുടർന്നായിരുന്നു കുടക് കോമരങ്ങളുടെ കൂടിക്കാഴ്ച. കുടകിലെ എഴുപതോളം ദേവസ്ഥാനങ്ങളിൽ നിന്നുമെത്തിയ കോമരങ്ങളാണ് ചടങ്ങിൽ പങ്കെടുത്തത്. തങ്ങളുടെ ആചാരപരമായ തിരുവായുധങ്ങളുമേന്തി എത്തിയ പല കോമരങ്ങളും ക്ഷേത്രമുറ്റത്ത് ഉറഞ്ഞാടുകയായിരുന്നു. 
 രണ്ടു വർഷത്തെ  കൊവിഡ് വ്യാപന കാലഘട്ടത്തിനു ശേഷം നടക്കുന്ന ഉത്സവം എന്ന നിലയിൽ വൻ ജനബാഹുല്യമാണ് ഇത്തവണ വയത്തൂരിൽ ഉണ്ടായത്. കുടകരുടെ വരവും ഇത്തവണ ഇരട്ടിച്ചു. കോമരങ്ങളുടെ കൂടിക്കാഴ്ച നടന്നതോടെ കുടകർ നാട്ടിലേക്കു മടങ്ങിത്തുടങ്ങി. ഉച്ചയോടെ നെയ്യമൃത് വ്രതക്കാരുടെ അടീലൂണ് നടന്നു. ഉത്സവത്തിന്റെ സമാപനദിവസമായ വ്യാഴാഴ്ച  രാവിലെ പള്ളിവേട്ട നടക്കും. തിടമ്പ് നൃത്തത്തിനും തിടമ്പ് എഴുന്നള്ളത്തിനു ശേഷം ഉത്സവം സമാപിക്കും.