തലശ്ശേരി ആശുപത്രിയിൽ അതിക്രമം: രണ്ടു പേർ അറസ്റ്റിൽ

തലശ്ശേരി ആശുപത്രിയിൽ അതിക്രമം: രണ്ടു പേർ അറസ്റ്റിൽ
തലശ്ശേരി: പരിശോധന വൈകിയെന്നാരോപിച്ച്  ആശുപത്രി അത്യാഹിത വിഭാഗത്തിൽ അതിക്രമം നടത്തിയ രണ്ടു പേരെ തലശ്ശേരി പൊലീസ് അറസ്റ്റ് ചെയ്തു.  സുജിൻ ബാബു, സുധീഷ് കുമാർ എന്നിവരാണ് അറസ്റ്റിലായത്.

അത്യാഹിത വിഭാഗത്തിലുണ്ടായിരുന്ന ഡോക്ടർ മറ്റൊരു രോഗിയെ പരിശോധിക്കുകയായിരുന്നു. ബന്ധുവുമായി ആശുപത്രിയിലെത്തിയ ഇരുവരും പരിശോധിക്കാൻ വൈകിയെന്നാരോപിച്ച് വനിത ഡോക്ടറുടെ അടുത്തുചെന്ന് ബഹളംവെക്കുകയും അസഭ്യം പറയുകയും മേശപ്പുറത്തുണ്ടായിരുന്ന രജിസ്റ്ററും മറ്റുള്ള സാധനങ്ങളും വലിച്ചെറിയുകയും അത്യാഹിത വിഭാഗത്തിന്റെ ജോലി തടസ്സപ്പെടുത്തിയെന്നുമാണ് പരാതി.

സുരക്ഷ ജീവനക്കാർ വിവരമറിയിച്ചതിനെ തുടർന്ന് പൊലീസെത്തി ഇവരെ കസ്റ്റഡിയിലെടുത്തു. ആശുപത്രിയിൽ അതിക്രമം നടത്തിയതിനും ഡോക്ടറോടും സ്റ്റാഫ് നഴ്സിനോടും അസഭ്യം പറഞ്ഞതിനും കൃത്യനിർവഹണം തടസ്സപ്പെടുത്തിയതിനുമാണ് കേസ്.