കുടുംബത്തോടൊപ്പം സൗദിയിലെത്തിയ ക്രിസ്റ്റ്യാനോ റൊണാൾഡോയ്ക്ക് വൻ സ്വീകരണം; കാണാനെത്തിയത് കാൽ ലക്ഷത്തോളം ഫുട്ബോൾ പ്രേമികൾ

കുടുംബത്തോടൊപ്പം സൗദിയിലെത്തിയ ക്രിസ്റ്റ്യാനോ റൊണാൾഡോയ്ക്ക് വൻ സ്വീകരണം; കാണാനെത്തിയത് കാൽ ലക്ഷത്തോളം ഫുട്ബോൾ പ്രേമികൾ


സൗദിയിലെത്തിയ ഫുട്ബാൾ താരം ക്രിസ്റ്റ്യാനോ റൊണാൾഡോയ്ക്ക് ലഭിച്ചത് ആവേശോജ്ജ്വല സ്വീകരണം. സൗദിയിലെ അൽ നസ്ർ ക്ലബുമായി കരാറിലേർപ്പെട്ടതിന് ശേഷം കുടുംബത്തോടൊപ്പം റിയാദിലെത്തിയ റൊണാൾഡോയ്ക്ക് മർസൂൽ പാർക്കിൽ ഒരുക്കിയ വൻ സ്വീകരണ പരിപാടിയിലേക്ക് കാൽ ലക്ഷത്തോളം ഫുട്ബോൾ പ്രേമികളാണ് ഒഴുകിയെത്തിയത്. ( Cristiano Ronaldo Arrives In Riyadh Ahead Of Unveiling In Saudi Club Al-Nassr ).

റിയാദിലെ മർസൂൽ പാർക്കിലേക്ക് ഒഴുകിയെത്തിയ കാൽ ലക്ഷത്തോളം വരുന്ന ഫുടബോൾ ആരാധകരുടെ ആർപ്പുവിളികളുടെ അകമ്പടിയോടെയാണ് ഫുട്ബാൾ ഇതിഹാസം ക്രിസ്റ്റ്യാനോ റൊണാൾഡോ മൈതാനത്തേക്ക് എത്തിയത്. അപ്പോഴും ആരാധകർ വിളിച്ചു പറഞ്ഞു കൊണ്ടേയിരുന്നു ഹലാ റൊണാൾഡോ.

സൗദിയിലെ അൽ നസ്ർ ക്ലബുമായി കരാറിലേർപ്പെട്ടത് മുതൽ ഈ നിമിഷത്തിനായി ആരാധകർ കാത്തിരിക്കുകയായിരുന്നു. ആരാധകരുടെ സ്നേഹത്തിനും കരുതലിനും ഒട്ടും കുറവ് വരുത്താതെ, തന്നെ കാണാനും കേൾക്കാനുമായി എത്തിയ ആരാധക ലകഷങ്ങളോട് കൈവീശി നന്ദി പറഞ്ഞുകൊണ്ടാണ് ഈ ഫുടബോൾ ഇതിഹാസം നടന്നുനീങ്ങിയത്.


സൗദിയുടെ മണ്ണിൽ എത്തിയ നിമിഷം മുതൽ തനിക്കും കുടുംബത്തിനും നിർലോഭമായ സ്നേഹവും പിന്തുണയുമാണ് ലഭിക്കുന്നതെന്നും ഏറെ സന്തോഷത്തോടെയാണ് ഈ മൈതാനത്ത് നിൽക്കുന്നതെന്നും റൊണാൾഡോ പറഞ്ഞു. ജനങ്ങളെ സന്തോഷത്തിലാക്കാനും ആഹ്ളാദിപ്പിക്കാനും കഴിയേണ്ടതുണ്ട്. അതിൽ ഏറെ താൻ സന്തോഷിക്കുന്നുവെന്നും കരഘോഷങ്ങൾക്കിടയിൽ ഫുട്ബാൾ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ വ്യക്തമാക്കി. അഞ്ച് തവണ ലോകത്തിലെ ഏറ്റവും മികച്ച കളിക്കാരനുള്ള ‘ അവാർഡ് നേടിയ താരം സൗദി ക്ലബിൽ എത്തിയത്തോടെ സൗദി ജനത വലിയ ആവേശത്തിരയിലാണ്.

സ്വീകരണ പരിപാടിയിലേക്കുള്ള ടിക്കറ്റിനും വലിയ തിരക്കായിരുന്നു. ടിക്കറ്റ് ബുക്കിംഗ് ആരംഭിച്ച് മണിക്കൂറുകൾക്കകം ടിക്കറ്റ് വിറ്റു പോയതും ഫുട്‍ബോൾ ആരാധകരുടെ ആവേശത്തയെയാണ് ചൂണ്ടിക്കാട്ടുന്നത്. മൂന്നു മണിക്കൂറുകളോളം നീണ്ടു നിന്ന സ്വീകരണ പരിപാടിയിൽ പ്രമുഖർ അണിനിരന്ന സംഗീത പരിപാടിയും അരങ്ങേറി.