
ലണ്ടൻ: ഏഴുവർഷത്തെ പ്രണയത്തിന് ശേഷം, വേര്‍പിരിയാനാകില്ലെന്ന് മനസ്സിലായതോടെ കന്യാസ്ത്രീയും പുരോഹിതനും ഒരുമിച്ച് ജീവിക്കാന്‍ തീരുമാനിച്ചു. ഏറെ വെല്ലുവിളികള്‍ നേരിട്ട്, ബ്രഹ്മചര്യം ഉപേക്ഷിച്ചാണ് ഇരുവരും പ്രണയസാഫല്യത്തിനായി ഇറങ്ങിത്തിരിച്ചത്. ബിബിസി പുരോഹിതന്‍റെയും കന്യാസ്ത്രീയുടെയും വിവാഹ വാര്‍ത്ത റിപ്പോർട്ട് ചെയ്തതോടെ സംഭവം ലോകമറിഞ്ഞു. കന്യാസ്ത്രീയായി ഇരുപത്തിനാല് വർഷങ്ങൾക്ക് ശേഷമാണ് സിസ്റ്റർ മേരി എലിസബത്ത് എന്നറിയപ്പെടുന്ന ലിസ ടിങ്ക്‌ലർ പുരോഹിതനായ ഫ്രിയാർ റോബർട്ടിനെ വിവാഹം ചെയ്തത്. റോമൻ കത്തോലിക്കാ മതവിഭാഗത്തിൽപ്പെട്ട ലങ്കാഷെയറിലെ പ്രെസ്റ്റണിലെ കോൺവെന്റിൽ 19 വയസ്സ് മുതൽ ടിങ്ക്‌ലർ കന്യാസ്ത്രീയായിരുന്നു.
2015-ൽ ഓക്‌സ്‌ഫോർഡിൽ നിന്നുള്ള പുരോഹിതനായ ഫ്രിയാർ റോബർട്ടിനെ കോൺവെന്റിൽ കണ്ടുമുട്ടി. തുടർന്ന് പരിചയം പ്രണയത്തിലേക്ക് വഴിമാറുകയും ഒരുമിച്ച് ജീവിക്കാൻ തീരുമാനിക്കുകയും ചെയ്തു. ഒരിക്കൽ പുരോഹിതനായ റോബർട്ട് ഓക്സ്ഫോർഡിലെ പ്രിയറിയിൽ സന്ദർശനത്തിനെത്തി. റോബർട്ടിന് കഴിയ്ക്കാൻ എന്തെങ്കിലും ആവശ്യമുണ്ടോ എന്ന് അന്വേഷിക്കാൻ മുറിയിൽ പോയ സമയത്ത് ഇരുവരും തനിച്ചായി. ഇതിന് മുമ്പ് റോബർട്ട് പ്രസംഗിക്കുന്നതാണ് ടിങ്ക്ലർ കണ്ടിരുന്നത്. ആദ്യമായാണ് റോബർട്ടിനൊപ്പം മുറിയിൽ ഒറ്റക്ക് നിൽക്കുന്നത്. റോബർട്ട് മുറിയിൽ നിന്ന് പുറത്തുപോകാൻ ഇറങ്ങിയപ്പോൾ ടിങ്ക്‌ലറിന്റെ കൈ തന്റെ കൈയിൽ തട്ടിയെന്നും അത് ഒരു ഊർജ്ജം അഴിച്ചുവിട്ടെന്നും റോബർട്ട് പറഞ്ഞു.
പിന്നീടുള്ള പരിചയം പ്രണയമാണെന്ന് ഇരുവരും തിരിച്ചറഞ്ഞു. സാധാരണ പ്രണയ വികാരങ്ങളെക്കാൾ കൂടുതൽ ഇരുവരും ചിന്തിക്കാൻ തുടങ്ങിയെന്നും ഇരുവരും ബിബിസിയോട് പറഞ്ഞു. കണ്ടുമുട്ടി ഒരാഴ്ചക്ക് ശേഷം വിവാഹം കഴിയ്ക്കാമോ എന്ന് ചോദിച്ച് റോബർട്ട് ഒരു കത്തയച്ചു. പ്രണയബന്ധം പിന്നീട് ഉന്നതരെ അറിയിച്ചു. എന്റെ എല്ലാ സാമഗ്രികളുമെടുത്ത് മഠത്തിന് പുറത്തിറങ്ങി. ഒരിക്കലും സിസ്റ്റർ മേരി എലിസബത്ത് ആയി അങ്ങോട്ട് മടങ്ങില്ലെന്ന് തീരുമാനിച്ചു. സന്ന്യാസം ഉപേക്ഷിക്കാനുള്ള തീരുമാനത്തിൽ ബുദ്ധിമുട്ടിയെങ്കിലും ഇപ്പോൾ അതിൽ ഖേദിക്കുന്നില്ലെന്ന് ദമ്പതികൾ വെളിപ്പെടുത്തി.
നോർത്ത് യോർക്ക്ഷെയറിലെ ഹട്ടൺ റഡ്ബി ഗ്രാമത്തിലെ ഒരു വീട്ടിലാണ് ഇപ്പോൾ താമസിക്കുന്നത്. താൻ ഇനി കർമ്മലീറ്റ് ഓർഡറിൽ അംഗമല്ലെന്ന് കാണിച്ച് റോമിൽ നിന്ന് ഒരു കത്ത് ലഭിച്ചതായി റോബർട്ട് വെളിപ്പെടുത്തി. ടിങ്ക്‌ലർ ആശുപത്രിയിൽ ജോലിക്ക് കയറി. റോബർട്ട് ചർച്ച് ഓഫ് ഇംഗ്ലണ്ടിൽ അംഗീകരിക്കപ്പെടുകയും പ്രാദേശിക പള്ളിയുടെ വികാരി ആയി ജോലി നോക്കുകയും ചെയ്യുകയാണെന്ന് റിപ്പോർട്ടിൽ പറയുന്നു