പായത്തെ ഭൂമിദാന വിവാദം; മലനാട് എഡ്യുക്കേഷണൽ സൊസൈറ്റിക്കെതിരെ നടക്കുന്നത് വ്യാജ സമരവും കള്ളപ്രചാരണവും- സൊസൈറ്റി ഭരണ സമിതി

പായത്തെ ഭൂമിദാന വിവാദം; മലനാട് എഡ്യുക്കേഷണൽ സൊസൈറ്റിക്കെതിരെ നടക്കുന്നത് വ്യാജ സമരവും  കള്ളപ്രചാരണവും- സൊസൈറ്റി ഭരണ സമിതി

ഇരിട്ടി: മലനാട് എഡ്യുക്കേഷണൽ സൊസൈറ്റിക്ക് കോളേജ് നിർമ്മിക്കാൻ 40 വർഷം മുൻമ്പ് പായം പഞ്ചായത്തിലെ  കോളിക്കടവ് നാരായണി തട്ടിൽ ഭൂമി ദാനം നൽകിയതുമായി ബന്ധപ്പെട്ട് ഇപ്പോൾ നടക്കുന്ന സമരം വ്യാജമാണെന്നും കള്ളപ്രചാരണവുമാണെന്ന് കോളേജ് ഭരണ സമിതി അംഗങ്ങളും ഭൂമിദാനം നൽകിയ കുടുംബത്തിലെ അംഗവും പത്ര സമ്മേളനത്തിൽ പറഞ്ഞു. സ്ഥലം ദാനം കിട്ടി 17 വർഷങ്ങൾക്ക് ശേഷം കേസ് വരികയും 15 വർഷത്തോളം കേസ് തീർപ്പാകാതെ പോവുകയും ചെയ്തു. ഈ കാലയളവിൽ കേസിന് പോയ രാമചന്ദ്രൻ ഉൾപ്പെടെയുള്ള ആളുകൾ പ്രശ്‌നം പരിഹരിക്കണം എന്ന് ആവശ്യപ്പെട്ട് സ്ഥലം എം എൽ എയോട് ആവശ്യപ്പെട്ടു. ഇതിന്റെ ഭാഗമായി ഉണ്ടായ ഒത്തു തീർപ്പ് വ്യവസ്ഥപ്രകാരം  അഞ്ച് ഏക്കർ സ്ഥലം കോളേജിനും നാല് ഏക്കർ സ്ഥലം കുടുംബത്തിനും നൽകി കേസ് കോടതി മുഖാന്തരം ഒത്തു തീർന്നു.  പത്ത് സെന്റ് സ്ഥലം സ്മാരകം നിർമ്മിക്കനായും മാറ്റിവെച്ചു. കോളേജ് ആരംഭിക്കുന്നതിന്റെ ഭാഗമായി എം എൽ എ ഫണ്ടും ജില്ലാ പഞ്ചായത്ത് ഫണ്ടും ഉപയോഗിച്ച് റോഡ് ടാറിംങ്ങും പൂർത്തിയാക്കി.കോളേജിന് വേണ്ടി മാടത്തിയിൽ താല്ക്കാലിക ഓഫീസും തുടങ്ങി. കോളേജിന് സർക്കാറിൽ നിന്നും ഭരണാനുമതിയും ഉന്നത വിദ്യാഭ്യാസ വകുപ്പിൽ നിന്നും എൻ ഒ സിയും ലഭ്യമായി. കണ്ണൂർ സർവ്വകലാശാലയിൽ അഫിലിയേഷന് വേണ്ടി അപേക്ഷ നൽകിയപ്പോൾ ഇപ്പോൾ സമരം നടത്തുന്ന രാമചന്ദ്രൻ ഉൾപ്പെടെയുള്ളവർ നൽകിയ പരാതിയെ തുടർന്ന് സർവ്വകലാശാല അഫിലിയേഷൻ നിഷേധിച്ചു. കോളേജിന് കെട്ടിടം പണിയുന്നതിനാണ് ഒരേക്കർ സ്ഥലത്തെ ചെങ്കല്ല് കൊത്തിയെടുത്തത്. സൊസൈറ്റിക്കെതിരെ മുഖ്യമന്ത്രിയുൾപ്പെടെയുള്ളവർക്ക്  നൽകിയ പരാതിയെ തുടർന്ന് നിരവധി അന്വേഷണവും നടക്കുകയും  പരാതിയിൽ അടിസ്ഥാനമില്ലെന്ന് കണ്ടെത്തിയതുമാണ്. കോളേജ് വരുന്നതിനെ ഇല്ലാതാക്കാനും മാന്യമായി പൊതു പ്രവർത്തനം നടത്തുന്നവരെ താറടിച്ചുകാണിക്കാനുമുളള്ള ശ്രമമാണ് നടക്കുന്നത്. ഇത്തരം ശ്രമങ്ങൾക്കെതിരെ നടപടി സ്വീകരിക്കുന്നതുമായി ബന്ധപ്പെട്ട് നിയമ വിദഗ്ധരുമായി ആലോചിച്ച് വരികയാണെന്നും  മലനാട് എഡ്യുക്കേഷണൽ സൊസൈറ്റി പ്രസിഡന്റ് തോമസ് വർഗീസ്, സെക്രട്ടറി പി.ഡി. മാനുവെൽ, ഡയരക്ടർ എം.കെ. കരുണാകരൻ, സൊസൈറ്റിക്ക് ഭൂമി ദാനം നൽകിയ കുടുംബത്തിലെ അംഗം വി.എം. മാധവൻ നമ്പ്യാർ എന്നിവർ പത്ര സമ്മേളനത്തിൽ പറഞ്ഞു.