ഹോംസ്റ്റേ ഉടമയെ ഹണിട്രാപ്പിൽപ്പെടുത്തി 10 ലക്ഷം ആവശ്യപ്പെട്ട് മർദ്ദിച്ചു, യുവതി അറസ്റ്റിൽ

ഹോംസ്റ്റേ ഉടമയെ ഹണിട്രാപ്പിൽപ്പെടുത്തി 10 ലക്ഷം ആവശ്യപ്പെട്ട് മർദ്ദിച്ചു, യുവതി അറസ്റ്റിൽ 


ആലപ്പുഴ: ഹണിട്രാപ്പിൽപ്പെടുത്തി പത്ത് ലക്ഷം രൂപ ആവശ്യപ്പെട്ട് മാരാരിക്കുളം വാറാൻകവല ഭാഗത്തെ ഹോംസ്റ്റേ ഉടമയെ മർദ്ദിച്ച കേസിലെ ഒന്നാം പ്രതിയും മുഖ്യ ആസൂത്രകയുമായ യുവതി അറസ്റ്റിൽ. സംഭവത്തിന് ശേഷം വിദേശത്തേക്ക് കടന്ന തൃശൂർ മോനടി വെള്ളികുളങ്ങര മണമഠത്തിൽ സൗമ്യ(35) ആണ് അറസ്റ്റിലായത്. മണ്ണഞ്ചേരി പൊലീസ് ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്ന പ്രതി ഒന്നരവർഷത്തോളം ഒളിവിലായിരുന്നു. ഇന്ന് വിദേശത്തുനിന്ന് മടങ്ങിവരുന്ന വഴി തിരുവനന്തപുരം വിമാനത്താവളത്തിൽ വച്ച് സൗമ്യയെ പൊലീസ് പിടികൂടുകയായിരുന്നു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

അതിനിടെ, തലസ്ഥാനത്ത് വിദേശ വനിതയ്ക്ക് നേരെ അതിക്രമം നടത്താൻ അഞ്ചംഗ സംഘത്തിൻ്റെ ശ്രമം എന്ന് പരാതി. വിഴിഞ്ഞം അടിമലത്തുറയിൽ ആണ് സംഭവം. രക്ഷപ്പെടുത്തിയ വെസ്റ്റ് ബംഗാൾ സ്വദേശിയെ മർദ്ദിച്ചതായും പരാതിയിൽ പറയുന്നു. വിദേശ വനിതയെ ശല്യം ചെയ്ത കേസിൽ ടാക്സി ഡ്രൈവറെ പൊലീസ് അറസ്റ്റ് ചെയ്ത് സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ചു. 

അടിമലതുറ ഹൗസ് നമ്പർ 685-ൽ താമസിക്കുന്ന ശിലുവയ്യൻ (35) ആണ് വിഴിഞ്ഞം പൊലീസിൻ്റെ പിടിയിലായത്. കൂട്ടു പ്രതികളായ മറ്റു നാല് പേരെ പിടികൂടാനായിട്ടില്ല എന്ന് പൊലീസ് പറയുന്നു. ഇക്കഴിഞ്ഞ 31- നു രാത്രി 10 മണിയോടെയാണ് സംഭവം. അടിമലത്തുറ വഴി വരുകയായിരുന്ന ആയുർ സോമ ആയുർവേദ ആശുപത്രിയിൽ ചികിത്സയ്ക്കായി താമസിക്കുന്ന വിദേശ വനിതക്ക് നേരെ ടാക്സി ഡ്രൈവറായ ശിലുവയ്യൻ്റെ നേതൃത്വത്തിലുള്ള സംഘം അതിക്രമം നടത്താൻ ശ്രമിച്ചു എന്നാണ് പരാതി.