പാലക്കാട് നിന്ന് കാണാതായ 17കാരന്‍ തൃശൂരില്‍ ആറ് നില കെട്ടിടത്തില്‍ നിന്ന് ചാടിമരിച്ച നിലയിൽ

പാലക്കാട് നിന്ന് കാണാതായ 17കാരന്‍ തൃശൂരില്‍ ആറ് നില കെട്ടിടത്തില്‍ നിന്ന് ചാടിമരിച്ച നിലയിൽ
പാലക്കാട് പേഴുംകരയില്‍നിന്ന് കാണാതായ പതിനെഴുകാരനെ മരിച്ച നിലയില്‍ കണ്ടെത്തി. പേഴുംകര സ്വദേശി അനസ് ആണ് മരിച്ചത്. തൃശ്ശൂരില്‍ ആറ് നില കെട്ടിടത്തിനു മുകളില്‍നിന്ന ചാടി മരിക്കുകയായിരുന്നെന്ന് പോലീസ് അറിയിച്ചു. ചൊവ്വാഴ്ച മുതലാണ് അനസിനെ കാണാതായത്.

ജോലിചെയ്യുന്ന കടയിലേക്ക് പോകുന്നു എന്നുപറഞ്ഞ് വീട്ടില്‍ നിന്നിറങ്ങിയ അനസിനെ കണ്ടെത്താന്‍ കഴിയാതെ വന്നതോടെ വീട്ടുകാര്‍ പോലീസില്‍ വിവരമറിയിക്കുകയും അനസിനായി അന്വേഷണം നടത്തിവരികയുമായിരുന്നു. ഇതിനിടെ കഴിഞ്ഞദിവസം ചാവക്കാട് വെച്ച് അനസിനെ കണ്ടതായുള്ള വിവരം വീട്ടുകാര്‍ക്ക് ലഭിച്ചിരുന്നു. ഇതനുസരിച്ച് ചാവക്കാടെത്തി പരിശോധന നടത്തിയെങ്കിലും കണ്ടെത്താന്‍ കഴിഞ്ഞിരുന്നില്ല.

വ്യാഴാഴ്ച പുലര്‍ച്ചെ 1.30-ഓടെയാണ് അനസ് ആറ് നില കെട്ടിടത്തിനു മുകളില്‍നിന്ന് ചാടി മരിച്ചു എന്ന വിവരം ലഭിച്ചത്. അനസിനെ വീടുവിട്ടിറങ്ങാനും തുടര്‍ന്ന് മരിക്കാനും പ്രേരിപ്പിച്ച കാരണം എന്താണെന്ന് വ്യക്തമല്ല. ഇതു സംബന്ധിച്ച് കൂടതല്‍ അന്വേഷണം നടത്തിവരികയാണെന്ന് പോലീസ് വ്യക്തമാക്കി.