
ശ്രീഹരിക്കോട്ട: പുതിയ റോക്കറ്റ് സ്മോള്‍ സാറ്റലൈറ്റ് ലോഞ്ച് വെഹിക്കിളായ എസ്എസ്എല്‍വി ഡി2 വിജയകരമായി വിക്ഷേപിച്ച് ഐഎസ്ആര്‍ഒ. ഈ വര്‍ഷത്തെ ആദ്യ ദൗത്യം തന്നെ വിജയത്തില്‍ എത്തിക്കാനായി.
ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ സ്‌പേസ് സെന്ററില്‍ നിന്നും രാവിലെ 9.18 നായിരുന്നു ഉപഗ്രഹം വിക്ഷേപിച്ചത്. മൂന്ന് ഉപഗ്രഹങ്ങള്‍ ഭ്രമണപഥത്തില്‍ എത്തിച്ചു. ഐഎസ് ആര്‍ഒ യുടെ പുതിയ റോക്കറ്റ് സ്മോള്‍ സാറ്റലൈറ്റ് ലോഞ്ച് വെഹിക്കിളിന്റെ രണ്ടാം പരീക്ഷണ വിക്ഷേപണം ആയിരുന്നു. ഐഎസ്ആര്‍ഒയുടെ ഭൗമ നിരീക്ഷണ ഉപഗ്രഹമായ ഇഒഎസ് 07, അമേരിക്കന്‍ കമ്പനി അന്റാരിസിന്റെ ജാനസ് 1, ഇന്ത്യന്‍ സ്റ്റാര്‍ട്ടപ്പ് സ്‌പേസ് കിഡ്‌സ് ഇന്ത്യയുടെ ആസാദി സാറ്റ് 2 എന്നിവയാണ് ദൗത്യത്തില്‍ ഉണ്ടായിരുന്നത്.
450 കിലോമീറ്റര്‍ ദൂരത്തുള്ള ഭ്രമണപഥത്തിലാണ് ഉപഗ്രഹങ്ങളെ എത്തിച്ചത്. 34 മീറ്റര്‍ ഉയരവും രണ്ട് മീറ്റര്‍ വ്യാസവുമുള്ള എസ്എസ്എല്‍വിയുടെ ഭാരം 120 ടണ്ണാണ്. 500 കിലോഗ്രാം ഭാരമുള്ള ഒരു ഉപഗ്രഹത്തെ 500 കിലോമീറ്റര്‍ ഉയരത്തിലുള്ള ഭ്രമണപഥത്തില്‍ സ്ഥാപിക്കാനുള്ള ശേഷിയുണ്ട്.
ഐഎസ്ആര്‍ഒയുടെ എറ്റവും ചെലവ് കുറഞ്ഞ റോക്കറ്റാണ് എസ്എസ്എല്‍വി. ഇന്ത്യന്‍ സ്റ്റാര്‍ട്ടപ്പ് സ്‌പേസ് കിഡ്‌സ് ഇന്ത്യയിലൂടെ 750ഓളം പെണ്‍കുട്ടികള്‍ വികസിപ്പിച്ചെടുത്ത് ഉപഗ്രഹമാണ് 8.7 കിലോഗ്രാം ഭാരമുള്ള ആസാദി സാറ്റ് 2. മൂന്ന് ഘട്ടങ്ങളാണ് റോക്കറ്റിനുള്ളത്. ഒന്നാംഘട്ടം 94.3 സെക്കന്റ്, രണ്ടാം ഘട്ടം 113.1 സെക്കന്റ്, മൂന്നാം ഘട്ടം 106.9 സെക്കന്റ്. കഴിഞ്ഞ ഓഗസ്റ്റ് 7 ന് നടന്ന എസ്എസ്എല്‍വി ദൗത്യം പരാജയപ്പെട്ടിരുന്നു