
ന്യൂഡല്‍ഹി: ക്യൂആര്‍ കോഡ് അടിസ്ഥാനമാക്കി നാണയങ്ങള്‍ ലഭ്യമാക്കുന്ന വെന്‍ഡിംഗ് മെഷീനുകള്‍ പുറത്തിറക്കാൻ റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ പദ്ധതിയിടുന്നതായി റിപ്പോര്‍ട്ട്. നാണയങ്ങളുടെ വിതരണവും ലഭ്യതയും സമൂഹത്തില്‍ വര്‍ധിപ്പിക്കുക എന്നതാണ് ഈ പരീക്ഷണ പദ്ധതിയുടെ ലക്ഷ്യം. ഫെബ്രുവരി എട്ടിനാണ് പുതിയ തീരുമാനവുമായി റിസര്‍വ് ബാങ്ക് രംഗത്തെത്തിയത്. 2023ലെ ആര്‍ബിഐയുടെ മോണിറ്ററി പോളിസിയുടെ ഭാഗമായാണ് ഈ പുതിയ പദ്ധതി പ്രഖ്യാപിച്ചത്.
ഇന്ത്യയിലെ 12 നഗരങ്ങളിലാണ് ഈ പദ്ധതി പരീക്ഷണടിസ്ഥാനത്തില്‍ നടപ്പിലാക്കുക. പരീക്ഷണ ഘട്ടത്തിലെ വിജയം കണക്കാക്കിയ ശേഷം ക്യൂആര്‍ ബേസ്ഡ് സംവിധാനത്തില്‍ ഇന്ത്യയിലാകമാനം പദ്ധതി വ്യാപിക്കുന്നതിനെപ്പറ്റി ആര്‍ബിഐ ആലോചിക്കുമെന്നാണ് വിവരം. അതേസമയം മോണിറ്ററി പോളിസിയിലെ ചില മാറ്റങ്ങളെപ്പറ്റിയും റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ ശക്തികാന്ത ദാസ് വിശദീകരിച്ചു.
റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ ശക്തികാന്ത ദാസ് വിശദീകരിച്ചു.
Also read- RBI Monetary Policy 2023 | എന്താണ് മോണിറ്ററി പോളിസി? റിപ്പോ നിരക്കും റിവേഴ്സ് റിപ്പോ നിരക്കും തമ്മിലുള്ള വ്യത്യാസമെന്ത്?
കഴിഞ്ഞ മൂന്ന് വര്‍ഷമായി മോണിറ്ററി പോളിസി റിപ്പോര്‍ട്ടുകള്‍ വിശദമായി പരിശോധിക്കപ്പെട്ടുവരികയാണ്. ആഗോള തലത്തിലെ പണപ്പെരുപ്പത്തിലുണ്ടാകുന്ന മാറ്റങ്ങള്‍ക്ക് അനുസരിച്ച് മോണിറ്ററി റിപ്പോര്‍ട്ടിലും മാറ്റങ്ങള്‍ വരുത്തേണ്ടിവരുമെന്നും അദ്ദേഹം പറഞ്ഞു.’ആഗോള സാമ്പത്തിക സ്ഥിതി കുറച്ച് മാസങ്ങള്‍ക്ക് മുമ്പ് ഉള്ളത് പോലെയല്ല. പണപ്പെരുപ്പം താഴുന്ന സാഹചര്യത്തില്‍ പ്രധാന സമ്പദ് വ്യവസ്ഥകളിലെ വളര്‍ച്ചാ സാധ്യതകള്‍ മെച്ചപ്പെടുന്നുണ്ട്’ ഗവര്‍ണര്‍ പറഞ്ഞു.
അതേസമയം ഇന്ത്യന്‍ സമ്പദ് വ്യവസ്ഥ വളരെ ശക്തമായി തന്നെ നിലനില്‍ക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ആഗോളതലത്തില്‍ വന്‍ മാറ്റങ്ങള്‍ സംഭവിക്കുന്നു. ഒപ്പം ഉയര്‍ന്ന നിക്ഷേപ സാഹചര്യങ്ങളും വര്‍ധിക്കുന്നു. ഈ സാഹചര്യത്തിലും വളരെ ശക്തമായി നിലനില്‍ക്കുകയാണ് ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയെന്നാണ് ആര്‍ബിഐ ഗവര്‍ണറുടെ വാദം.
മോണിറ്ററി പോളിസി കമ്മിറ്റിയുടെ പ്രധാന നിര്‍ദ്ദേശങ്ങള്‍
ആര്‍ബിഐ റിപ്പോ നിരക്ക് 25 ബേസിസ് പോയിന്റ് വർധനവോടെ 6.5 ശതമാനമാക്കി ഉയര്‍ത്തി.
2023-24 നും ഇടയ്ക്ക് റിയല്‍ ജിഡിപി വളര്‍ച്ചാനിരക്ക് 6.4 ശതമാനമാകും.
2022-23 സാമ്പത്തിക വര്‍ഷത്തില്‍ പ്രതീക്ഷിക്കുന്ന പണപ്പെരുപ്പ നിരക്ക് 6.5 ശതമാനമാണ്.
2023–24 സാമ്പത്തിക വര്‍ഷത്തിലെ പ്രതീക്ഷിക്കുന്ന CPI പണപ്പെരുപ്പ നിരക്ക് 5.3% ആണ്.
സര്‍ക്കാര്‍ ബോണ്ട് മാര്‍ക്കറ്റ് സമയം രാവിലെ 9 മുതല്‍ വൈകിട്ട് അഞ്ച് വരെയാക്കി.
രാജ്യത്ത് എത്തുന്ന സഞ്ചാരികള്‍ക്ക് അവരുടെ ഇന്‍-കണ്‍ട്രി പര്‍ച്ചേസുകള്‍ക്ക് യുപിഐ പേയ്‌മെന്റുകള്‍ ഉപയോഗിക്കാന്‍ അനുവദിക്കണമെന്ന് ആര്‍ബിഐ പറഞ്ഞു.
സാമ്പത്തിക വളര്‍ച്ചക്കാവശ്യമായ നയങ്ങള്‍ രൂപീകരിക്കുന്നതിനും പ്രോത്സാഹിപ്പിക്കുന്നതിനുമായുള്ളതാണ് ആര്‍ബിഐയുടെ മോണിറ്ററി പോളിസി. സാമ്പത്തിക വളര്‍ച്ച എന്ന ലക്ഷ്യം മനസില്‍ കണ്ടുകൊണ്ടും അതില്‍ സ്ഥിരത നിലനിര്‍ത്തുക എന്ന ലക്ഷ്യത്തോടെയുമാണ് ആര്‍ബിഐ മോണിറ്ററി പോളിസി രൂപീകരിക്കുന്നത്.
ഏതൊരു രാജ്യത്തിന്റെയും സെന്‍ട്രല്‍ ബാങ്കിന്റെയും നിര്‍ണായ യോഗങ്ങളിലൊന്നാണ് മോണിറ്ററി പോളിസി അവലോകന യോഗങ്ങള്‍. വാണിജ്യ ബാങ്കുകള്‍ക്കും വ്യക്തിഗത ഉപയോക്താക്കള്‍ക്കും വിതരണം ചെയ്യേണ്ട പണം എങ്ങനെയാകണം എന്നു തീരുമാനിക്കുന്നത് ഇത്തരം മോണിറ്ററി പോളിസി യോഗങ്ങളാണ്.