വാഹനങ്ങളിലെ എക്‌സ്ട്രാ ഫിറ്റിങ് സ് ഒഴിവാക്കണമെന്ന് മോടോര്‍ വാഹന വകുപ്പ്; കണ്ണൂരില്‍ റെയ്ഡ് ശക്തമാക്കി.

വാഹനങ്ങളിലെ എക്‌സ്ട്രാ ഫിറ്റിങ് സ് ഒഴിവാക്കണമെന്ന് മോടോര്‍ വാഹന വകുപ്പ്; കണ്ണൂരില്‍ റെയ്ഡ് ശക്തമാക്കി.


കണ്ണൂര്‍: ജില്ലാ ആശുപത്രിക്ക് സമീപം ഓടിക്കൊണ്ടിരിക്കുന്ന കാര്‍ കത്തിനശിച്ച്‌ ഗര്‍ഭിണിയായ യുവതിയും ഭര്‍ത്താവും വെന്തുമരിച്ച സംഭവത്തെ തുടര്‍ന്ന് കണ്ണൂരില്‍ മോടോര്‍ വാഹന വകുപ്പ് വാഹന പരിശോധന ശക്തമാക്കി.

അപകടങ്ങള്‍ ക്ഷണിച്ചുവരുത്തുന്ന വാഹനങ്ങളിലെ എക്സ്ട്രാ ഫിറ്റിങ്ങുകള്‍ നീക്കണമെന്ന മുന്നറിയിപ്പ് ഉടമകള്‍ക്കു നല്‍കുന്നതിനാണ് മോടോര്‍ വാഹനവകുപ്പ് വാഹന പരിശോധന നടത്തി വരുന്നത്.

കണ്ണൂര്‍ ജില്ലയില്‍ വാഹനങ്ങള്‍ കത്തിയുള്ള അപകടം പതിവാകുന്നതോടെയാണ് സുരക്ഷ പരിഗണിക്കാതെയുള്ള കൂട്ടിച്ചേര്‍ക്കലുകള്‍ ഒഴിവാക്കാന്‍ മോടോര്‍ വാഹന വകുപ്പ് പരിശോധയാരംഭിച്ചത്. മിക്ക വാഹനങ്ങളിലും അനധികൃത കൂട്ടിച്ചേര്‍ക്കല്‍ പരിശോധനയില്‍ കണ്ടെത്തുന്നതായും ഉദ്യോഗസ്ഥര്‍ അറിയിച്ചു.

കൂടിയ വിലയില്‍നിന്ന് രക്ഷപ്പെടാനാണ് ഫുള്‍ ഓപ്ഷന്‍ ഒഴിവാക്കി തൊട്ടുതാഴെയുള്ള ഓപ്ഷന്‍ വാഹനങ്ങള്‍ മിക്കവരും തിരഞ്ഞെടുക്കുന്നത്. ഫുള്‍ ഓപ്ഷന്‍ വാഹനങ്ങളുടെ സൗകര്യങ്ങള്‍ മിക്കതും കുറഞ്ഞ ചിലവില്‍ ചെയ്തുകൊടുക്കുന്ന സ്ഥാപനങ്ങളുണ്ട്. എല്ലാ സൗകര്യങ്ങളും ഏര്‍പ്പെടുത്തിയാലും വാഹന കംപനികള്‍ ഫുള്‍ ഓപ്ഷനു വാങ്ങുന്ന തുകയാകില്ലെന്നതാണ് ഇതിലെ മുഖ്യ ആകര്‍ഷണം.

സുരക്ഷയെ കാറ്റില്‍ പറത്തുന്ന ഇത്തരം കൂട്ടിച്ചേര്‍ക്കലുകള്‍ ഒഴിവാക്കണമെന്നാണ് കംപനികളും മോടോര്‍ വാഹനവകുപ്പും പറയുന്നത്. വാഹനങ്ങളിലെ വയറിങ് സംവിധാനത്തില്‍ കൂട്ടിച്ചേര്‍ക്കലുകള്‍ വരുത്തുമ്ബോള്‍ കൃത്യമായി ഇന്‍സുലേഷന്‍ അടക്കമുള്ളവ ചെയ്തില്ലെങ്കില്‍ വയറുകള്‍ തമ്മിലുരഞ്ഞ് ഷോര്‍ട് സര്‍ക്യൂട് ഉണ്ടാകാനോ തീപ്പൊരി ഉണ്ടാകാനോ സാധ്യത ഏറെയാണ്. 

വയറിങ്ങിന്റെ റബര്‍ ആവരണങ്ങള്‍ മാറ്റി പുതിയത് ഇടുമ്ബോള്‍ പഴയതിന്റെ അത്രയും സുരക്ഷിതമാകില്ലെന്നും വിദഗ്ധര്‍ പറയുന്നു. പഴയ വാഹനങ്ങള്‍ വാങ്ങി ആഡംബര കൂട്ടിച്ചേര്‍ക്കലുകള്‍ വരുത്തുന്നവരും ക്ഷണിച്ചുവരുത്തുന്നത് വലിയ അപകടമാണ്.

വാഹനങ്ങള്‍ക്കുള്ളില്‍ സുഗന്ധം നിറയ്ക്കുന്നതിനും മറ്റും വയ്ക്കുന്ന എയര്‍ പ്യൂരിഫയര്‍ പോലുള്ളവയും പെട്ടെന്ന് തീപിടിക്കുന്നവയാണ്. വാഹനങ്ങള്‍ക്കുള്ളില്‍ പെട്ടെന്ന് തീപിടിക്കുന്ന ഇന്ധനങ്ങള്‍ സൂക്ഷിക്കരുതെന്ന മുന്നറിയിപ്പ് ആരും മുഖവിലയ്ക്കെടുക്കാറില്ല.

കുപ്പിയില്‍ പെട്രോളോ ഡീസലോ നല്‍കരുതെന്ന് പമ്പുകള്‍ക്ക് നിര്‍ദേശമുണ്ടെങ്കിലും അതും പാലിക്കപ്പെടാറില്ലെന്നു പൊലീസ് അന്വേഷണത്തില്‍ വ്യക്തമായിട്ടുണ്ട്. കണ്ണൂരിലെ അപകടത്തിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാന വ്യാപകമായി വാഹന പരിശോധന നടത്താന്‍ മോടോര്‍ വാഹന വകുപ്പ് നീക്കം തുടങ്ങിയിട്ടുണ്ട്.