മുഖ്യമന്ത്രിക്ക് പരാതി നല്‍കിയിട്ടും മറുപടിയില്ല; മരുന്ന് വാങ്ങാൻപോയപ്പോള്‍ തടഞ്ഞ സംഭവത്തില്‍ അച്ഛന്‍

മുഖ്യമന്ത്രിക്ക് പരാതി നല്‍കിയിട്ടും മറുപടിയില്ല; മരുന്ന് വാങ്ങാൻപോയപ്പോള്‍ തടഞ്ഞ സംഭവത്തില്‍ അച്ഛന്‍


കൊച്ചി: മുഖ്യമന്ത്രിയ്ക്ക്  സുരക്ഷ ഒരുക്കാൻ വേണ്ടി മകന്‍റെ മരുന്ന് വാങ്ങാന്‍ പോയ അച്ഛനെ തടഞ്ഞ സംഭവത്തില്‍ മുഖ്യമന്ത്രിക്ക് പരാതി നല്‍കിയിട്ടും മറുപടി കിട്ടിയില്ലെന്ന് അച്ഛന്‍ ശരത്. കാരണം പറയാതെയാണ് പൊലീസ് തടഞ്ഞതെന്നും ശരത് ന്യൂസ് അവറില്‍ പറഞ്ഞു. കാലടി കാഞ്ഞൂരിൽ ഇന്നലെയാണ് സംഭവം ഉണ്ടായത്. പൊലീസ് അതിക്രമം ചോദ്യം ചെയ്ത മെഡിക്കൽ ഷോപ്പ് ഉടമയോട് കട പൂട്ടിക്കുമെന്നും എസ്ഐ ഭീഷണിപ്പെടുത്തിയിരുന്നു.

മരുന്ന വാങ്ങാന് മെഡിക്കല്‍ ഷോപ്പില്‍ കയറിയപ്പോള്‍ പൊലീസ് എത്തി വേഗം വണ്ടി എടുത്ത് പോകാനാണ് പറഞ്ഞ്. ഞായറാഴ്ച ആയത് കൊണ്ട് മറ്റ് മെഡിക്കല്‍ ഷോപ്പുകള്‍ ഒന്നും തുറന്നിട്ടുണ്ടായിരുന്നില്ല. അത് വേണ്ട് കൊണ്ട് വീണ്ടും അവിടേക്ക് തന്നെ വരേണ്ടി വന്നു. എതിര്‍ ഭാഗത്തുള്ള ഹോട്ടലിന്‍റെ പാര്‍ക്കിംഗില്‍ കാര്‍ നിര്‍ത്തി സഹോദരനാണ് മരുന്ന് വാങ്ങാന്‍ പോയത്. തിരിച്ച് വന്നപ്പോള്‍ നേരത്തെ വന്ന പൊലീസ് ഉദ്യോഗസ്ഥന്‍ ഭീക്ഷണിപ്പെടുത്തിയെന്ന് ശരത് ന്യൂസ് അവറില്‍ പറഞ്ഞു. പിന്നീട് മുഖ്യമന്ത്രിക്കും ചൈല്‍ഡ് ലൈനും ഡിജിപിക്കും മെയില്‍ വഴി പരാതി നല്‍കിയെങ്കിലും മറുപടി ഒന്നും ലഭിച്ചെന്നും ശരത് പ്രതികരിച്ചു. 


സംഭവം ഇങ്ങനെ

നെടുമ്പാശ്ശേരി വിമനത്താവളത്തിൽ പോയി മടങ്ങുമ്പോഴാണ് കോട്ടയം സ്വദേശിയായ ശരത്തിന്‍റെ നാല് വയസ്സുള്ള കുഞ്ഞിന് പനി ശക്തമായത്. ഞായറാഴ്ച ആയതിനാൽ ഏറെ അന്വേഷിച്ചാണ് കാഞ്ഞൂരിൽ കട കണ്ടുപിടിച്ചത്. മരുന്ന് വാങ്ങാൻ വാഹനം നിർത്താൻ നോക്കിയപ്പോൾ ആദ്യം പൊലീസ്  സമ്മതിച്ചില്ല. അതുവഴി മുഖ്യമന്ത്രി കടന്നുപോകുന്നു എന്നതായിരുന്നു കാരണം. പൊലീസ് നിർദ്ദേശം പാലിച്ച് ഒരു കിലോമീറ്റർ പോയിട്ടും കടയില്ലാതെ വന്നപ്പോഴാണ് തിരിച്ചെത്തി ഇതേ കടയിൽ നിന്ന് മരുന്ന് വാങ്ങിയത്. ഇതോടെ നേരത്തെ ഡ്യൂട്ടിയിലുണ്ടായിരുന്ന എസ്ഐ അടുത്തേക്കെത്തി തട്ടിക്കയറുകയായിരുന്നു.


രത്തിനെയും സഹോദരനെയും എസ്ഐ ഭീഷണിപ്പെടുത്തുന്നത് ശ്രദ്ധയിൽപെട്ടപ്പോൾ മരുന്ന് കട ഉടമ മത്തായിയും സ്ഥലത്ത് എത്തി. എന്നാൽ തന്‍റെ കട അടച്ച് പൂട്ടിക്കുമെന്നായിരുന്നു പൊലീസിന്‍റെ വെല്ലുവിളി. മരുന്ന് പോലും വാങ്ങാൻ സമ്മതിക്കാതെ പൊലീസ് നടത്തിയ ഈ സുരക്ഷാ ക്രമീകരണം നാട്ടുകാരിലും പ്രതിഷേധം ഉണ്ടാക്കിയിട്ടുണ്ട്. സംഭവത്തിൽ ശരത് ആലുവ പോലീസ് മേധാവിക്കും, മുഖ്യമന്ത്രിയ്ക്കും പരാതി നൽകിയിട്ടുണ്ട്.