റോഡരികിൽ തള്ളിയ മാലിന്യം തിരിച്ചെടുപ്പിച്ച് പിഴയീടാക്കി പായം ഗ്രാമപഞ്ചായത്ത്

റോഡരികിൽ തള്ളിയ മാലിന്യം തിരിച്ചെടുപ്പിച്ച് പിഴയീടാക്കി പായം ഗ്രാമപഞ്ചായത്ത്



ഇരിട്ടി: റോഡരികിൽ തള്ളിയ മാലിന്യം ഉടമകളെ കണ്ടെത്തി തിരിച്ചെടുപ്പിച്ച് പിഴയീടാക്കി പായം പഞ്ചായത്ത്.  പായം ഗ്രാമപഞ്ചായത്തിലെ കൂട്ടുപുഴ വളവുപാറയിൽ റോഡരികിൽ കണ്ട മാലിന്യമാണ് പായം പഞ്ചായത്തംഗം അനിൻ്റെ നേതൃത്വത്തിൽ പരിശോധിച്ച് മാലിന്യത്തിന്റെ ഉടമകളെ കണ്ടെത്തിയത്.  വിവിധ ചാക്കുകളിലാക്കിയ പഴയ തുണിക്കെട്ടുകളാണ് റോഡരികിൽ തള്ളിയത്. ഇത് തുറന്നു പരിശോധിച്ചപ്പോഴാണ് ഇതിന്റെ ഉറവിടം വടകരയിലെ ഫാമിലി വെഡിങ് സെൻറർ, ഹൈ ലുക്ക് ടൈലർ സെൻറർ എന്നീ സ്ഥാപനങ്ങളാണെന്ന് കണ്ടെത്തി. ഇതുസംബന്ധിച്ച്  ഇരിട്ടി പോലീസിലും പഞ്ചായത്ത് അധികൃതർ പരാതി നൽകി. സ്ഥാപങ്ങൾ  തിരിച്ചറിഞ്ഞതിന്റെ അടിസ്ഥാനത്തിൽ അവരെ വിളിച്ചുവരുത്തുകയും  പഞ്ചായത്ത് അധികൃതർ പത്തായിരം രൂപ പിഴ ഈടാക്കി  ഈ മാലിന്യങ്ങൾ തിരിച്ചെടുപ്പിക്കുകയും ചെയ്തു. മാക്കൂട്ടം ചുരം പാതയിലെ വനമേഖലയിൽ തള്ളുവാനായി കൊണ്ടുവന്ന മാലിന്യങ്ങളാണോ ഇത് എന്ന് സംശയിക്കുന്നുണ്ട്.   കേരളത്തിൽ നിന്നുള്ള മാലിന്യങ്ങൾ മാക്കൂട്ടം വനമേഖലയിൽ കൊണ്ടുവന്ന് തള്ളുന്നതിനെതിരെ കർണ്ണാടകാ അധികൃതർ കർശന നടപടികൾ സ്വീകരിച്ചിരിക്കുന്ന കാരണം അതിർത്തിയിലെ കൂട്ടുപുഴ പാലത്തിന് സമീപം  വളവുപറയിൽ മാലിന്യം തള്ളി കടന്നതാവാനാണിട എന്നാണ് സംശയിക്കുന്നത്.