
ധാക്ക: പാക്കിസ്ഥാന് പിന്നാലെ ബംഗ്ലാദേശിലും സാമ്പത്തിക പ്രതിസന്ധി കനക്കുന്നു. വിലക്കയറ്റം രൂക്ഷമായതോടെ ഷെയ്ഖ് ഹസീന സർക്കാരിനെതിരെ ജനം പലയിടത്തും തെരുവിലിറങ്ങി. പ്രതിപക്ഷ കക്ഷികളും ഹസീനയുടെ രാജി ആവശ്യപ്പെട്ടു. കോവിഡ് പ്രതിസന്ധിയിൽ വസ്ത്ര നിർമാണ മേഖല തകർന്നതാണ് ബംഗ്ലാദേശിന് തിരിച്ചടി ആയത്.
470 കോടി ഡോളറിന്റെ സാമ്പത്തിക സഹായം കഴിഞ്ഞ ദിവസം ഐ എം എഫ് ബംഗ്ലാദേശിന് അനുവദിച്ചിട്ടുണ്ട്. ഈ സഹായത്തിലൂടെ താൽക്കാലികമായി എങ്കിലും പിടിച്ച നിൽക്കാം എന്നാണ് സർക്കാർ പ്രതീക്ഷിക്കുന്നത്. എന്നാൽ ഇന്ധന ഇറക്കുമതിക്ക് അടക്കം പണമില്ലാതായത് പ്രതിസന്ധി രൂക്ഷമാക്കും.
അതേസമയം, കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുന്ന പാകിസ്ഥാനിൽ അവശ്യസാധനങ്ങളുടെ വില കുത്തനെ ഉയരുകയാണ്. പാക് രൂപയുടെ മൂല്യവും കുത്തനെ ഇടിഞ്ഞു. പണപ്പെരുപ്പം 21-23 ശതമാനത്തിൽ ഉയർന്ന നിലയിൽ തുടരുമെന്നും നടപ്പ് സാമ്പത്തിക വർഷത്തിന്റെ ആദ്യ ക്വാർട്ടറിൽ ധനക്കമ്മി 115 ശതമാനത്തിലധികം വർധിക്കുമെന്നുമാണ് വിദഗ്ധരുടെ മുന്നറിയിപ്പ്.