പുലിഭീഷണി - പാലുകാച്ചിയില്‍ കണ്ണൂര്‍ ഡിഎഫ് ഒ പി. കാര്‍ത്തിക് സന്ദര്‍ശനം നടത്തി

പുലിഭീഷണി - പാലുകാച്ചിയില്‍ കണ്ണൂര്‍ ഡിഎഫ് ഒ പി. കാര്‍ത്തിക് സന്ദര്‍ശനം നടത്തി



കൊട്ടിയൂർ : പുലി പശുക്കിടാവിനെ കൊന്നുഭക്ഷിച്ച കൊട്ടിയൂർ  പാലുകാച്ചിയില്‍ കണ്ണൂര്‍ ഡിഎഫ് ഒ പി. കാര്‍ത്തിക് സന്ദര്‍ശനം നടത്തി. തിങ്കളാഴ്ച കൊട്ടിയൂര്‍ പഞ്ചായത്ത് ഭരണസമിതി അംഗങ്ങള്‍ ഡി എഫ് ഒയുടെ ഓഫീസില്‍ എത്തി എത്രയും വേഗം പുലിയെ പിടികൂടണമെന്ന് ആവശ്യപ്പെട്ടിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ഡി എഫ് ഒ സ്ഥലം സന്ദര്‍ശിച്ചത്. ഡി എഫ് ഒ എത്തുന്നത് അറിഞ്ഞതോടെ ജനപ്രതിനിധികളും നാട്ടുകാരും സ്ഥലത്ത് എത്തിയിരുന്നു. പുലികളെ എത്രയും വേഗം പിടികൂടി ജനവാസമേഖലയില്‍ നിന്ന് ഒഴിവാക്കി ജനങ്ങള്‍ക്ക് സമാധനപരമായി തൊഴില്‍ ചെയ്തു ജീവിക്കാനുളള സാഹചര്യം ഉണ്ടാക്കണമെന്ന് ജനപ്രതിനിധികളും നാട്ടുകാരും ഡി എഫ് ഒയോടു ആവശ്യപ്പെട്ടു. ജനങ്ങളുടെ ഭീതി മാറ്റാനായി സ്ഥലത്ത് പെട്രോളിങ് നടത്തുന്നുണ്ട്. അത് തുടരാനും തീരുമാനിച്ചിട്ടുളളതായി ഡി എഫ് ഒ അറിയിച്ചു. നിലവിലെ സ്ഥിതിഗതികള്‍ സംബന്ധിച്ച് സി സി എഫിനും, ചീഫ്് വൈല്‍ഡ് ലൈഫ് വാര്‍ഡനും റിപ്പോര്‍ട്ട് നല്‍കിയിട്ടുണ്ട്. പുലികളെ പിടിക്കുന്നത് അനുമതി നല്‍കേണ്ടത് ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡനാണ്. അനുമതി ലഭിച്ചാല്‍ പുലിയെ പിടിക്കുന്നതിന് ആവശ്യമായ നടപടികള്‍ സ്വീകരിക്കുമെന്നും ഡി എഫ് ഒ പറഞ്ഞു. അതേസമയം കൊട്ടിയൂരിലെ പന്ന്യാമലയില്‍ ചൊവ്വാഴ്ച പുലിയെ കണ്ടതായി റബര്‍ ടാപ്പിങ് തൊഴിലാളി പറഞ്ഞു. ചെമ്പകപ്പളളി സിനോജാണ് പന്ന്യാമല അംഗന്‍വാടിക്ക് സമീപം പുലര്‍ച്ചെ പുലിയെ കണ്ടെതായി അറിയിച്ചത്.