ഗർഭിണിയായ യുവതിക്ക് ഇൻസുലിൻ നൽകിയതില്‍ പിഴവെന്ന് ആരോപണം; സ്വകാര്യ ആശുപത്രിക്ക് നേരെ ആക്രമണം

ഗർഭിണിയായ യുവതിക്ക് ഇൻസുലിൻ നൽകിയതില്‍ പിഴവെന്ന് ആരോപണം; സ്വകാര്യ ആശുപത്രിക്ക് നേരെ ആക്രമണം


തിരുവനന്തപുരം: ഗർഭിണിയായ യുവതിക്ക് ഇൻസുലിൻ നൽകിയതില്‍ പിഴവ് പറ്റിയെന്ന് ആരോപിച്ച്  നെയ്യാറ്റിൻകരയിൽ സ്വകാര്യ ആശുപത്രിക്ക് നേരെ ആക്രമണം. പൂവാർ പഴയകട റോയൽ പ്രവർത്തിക്കുന്ന റോയൽ മെഡിസിറ്റി ആശുപത്രിക്ക് നേരെയാണ് ആക്രമണം നടന്നത്. വെള്ളിയാഴ്ച രാത്രിയായിരുന്നു സംഭവം. പഴയകട സ്വദേശി ആതിര(28) ഗർഭധാരണത്തെ തുടർന്ന് തിരുവനന്തപുരം എസ് എ ടി ആശുപത്രിയിൽ ആയിരുന്നു ചികിത്സ തേടിയിരുന്നത്. ആതിരയ്ക്ക് ഷുഗര്‍ കൂടുതൽ ആയതിനാൽ എസ് എ ടി ആശുപത്രി നിർദ്ദേശിച്ച പ്രകാരം വീടിനു സമീപത്തെ റോയൽ മെഡിസിറ്റി ആശുപത്രിയിൽ ഇൻസുലിൻ എടുക്കാൻ വരുന്നത് പതിവായിരുന്നു. 

വെള്ളിയാഴ്ച ഇൻസുലിൻ  എടുത്തപ്പോൾ അളവിൽ കൂടുതൽ ഇൻസുലിൻ എടുത്തതായിരുന്നു പ്രശ്നങ്ങൾക്ക് കാരണം എന്ന് ബന്ധുക്കൾ പറയുന്നു. ആശുപത്രി ജീവനക്കാര്‍ ആതിരയ്ക്ക് നാല് യൂണിറ്റ് ഇൻസുലിൻ അധികം എടുത്തതായി ആണ് പൂവാർ പൊലീസ് രജിസ്റ്റർ ചെയ്ത എഫ്.ഐ.ആറിൽ പറയുന്നത്. അമിത പ്രമേഹം ഉള്ളതിനാൽ രണ്ടു തരത്തിലുള്ള ഇൻസുലിനുകാളാണ് എസ് എ റ്റി ആശുപത്രിയിലെ ഡോക്ടർമാർ ആതിരയ്ക്ക് നിർദ്ദേശിച്ചിരുന്നത്. അതിനാൽ റോയൽ ഹോസ്പിറ്റലിൽ ഉണ്ടായിരുന്ന ഡ്യൂട്ടി നേഴ്സ് ഡോക്ടറെ കണ്ടതിനു ശേഷം ഇൻസുലിൻ എടുക്കാൻ ആതിരയോട് നിർദ്ദേശിച്ചിരുന്നുവെങ്കിലും ഇത് ഇവർ മുഖവിലക്കെടുത്തില്ല എന്നാണ് ആശുപത്രി അധികൃതർ പറയുന്നത്

ഇൻസുലിൻ പിഴവ് ചൂണ്ടിക്കാട്ടി ബന്ധുക്കളും ജീവനക്കാരും തമ്മിലുണ്ടായ വാക്കുതർക്കം പിന്നീട് സംഘർഷത്തിൽ കലാശിക്കുകയായിരുന്നു. യുവതിയുടെ ബന്ധുക്കള്‍ ഫർണിച്ചറുകൾ ഉൾപ്പെടെ തല്ലിത്തകർത്തതുവെന്ന് ആശുപത്രി അധികൃതര്‍ പറഞ്ഞു.  ഡോക്ടറിനും, ഒരു നഴ്സിനും ഉൾപ്പെടെ മർദ്ദനമേറ്റതായും ചൂണ്ടിക്കാട്ടി ആശുപത്രി അധികൃതർ പൂവാർ പൊലീസ് സ്റ്റേഷനിൽ  ആറു പേർക്കെതിരെ പരാതി നൽകിയിട്ടുണ്ട്. ആതിരയുടെ അച്ഛൻ ബിജു, ഭർത്താവ് മിഥുൻ ചന്ദ്രൻ, ആതിരയുടെ പിതാവിൻറെ സഹോദരൻ അജു ഉൾപ്പെടെ ഉള്ളവർക്കെതിരെയാണ് പരാതി നൽകിയിട്ടുള്ളത്. 

ആതിര ഇപ്പൊൾ എസ് എ ടി ആശുപത്രിയിൽ ചികിത്സയിലാണ്. സംഭവത്തെക്കുറിച്ച് അന്വേഷിച്ചു വരികയാണെന്നും വേണ്ട നടപടി സ്വീകരിക്കുമെന്നും പൂവാർ പൊലീസ് അറിയിച്ചു. സംഭവത്തിൽ ആശുപത്രി അടിച്ച് തകർക്കുകയും, ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന ഡോക്ടറേയും, വനിതാ നേഴ്സിനെ ഉപദ്രവിക്കുകയും ചെയ്ത സംഭവത്തിൽ കുറ്റവാളികളെ ഉടൻ അറസ്റ്റ് ചെയ്ത് മാതൃകാ പരമായി ശിക്ഷിക്കണമെന്ന് ഐഎംഎ തിരുവനന്തപുരം പ്രസിഡന്റ് ഡോ. ജി. എസ് വിജയകൃഷ്ണനും, സെക്രട്ടറി ഡോ. എ അൽത്താഫും ആവശ്യപ്പെട്ടു.