മനുഷ്യ ജീവന്റെ പ്രാധാന്യം തുറന്നുകാട്ടുന്ന ''ബാക്ക് ടു ലൈഫ്'' ഹൃസ്വചിത്രം പുറത്തിറക്കി ഇരിട്ടി അഗ്നിരക്ഷാ സേന
ഇരിട്ടി: ഓരോ ജീവനും പ്രധാനമാണ്. രക്ഷയ്ക്കായി ഓടി എത്തുന്ന രക്ഷകന്റെ ജീവനും ഏറെ വെല്ലുവിളികള്‍ ഉയര്‍ത്തുകയാണ്. രക്ഷാപ്രവര്‍ത്തകരുടെ ജീവിതം തുറന്നു കാട്ടുന്ന ദൃശ്യാവിഷ്‌ക്കാരവുമായി ഇരിട്ടി അഗ്നിരക്ഷാ സേന രംഗത്ത്. ബാക്ക് ടു ലൈഫ് എന്ന പേരില്‍ ഈഗിള്‍സ് ഐ ഇരിട്ടിയുടെ ബാനറില്‍ പുറത്തിറങ്ങിയ ടെലിഫിലിമിന്റെ റിലീസിങ്ങ് സ്വിച്ചോണ്‍ കര്‍മ്മം കണ്ണൂര്‍ റീജിയണല്‍ ഫയര്‍ ഓഫീസര്‍ പി. രജ്ഞിത്ത് നിര്‍വ്വഹിച്ചു.
ഓവുചാലില്‍ കുടുങ്ങിയ വയോധികനെ രക്ഷപ്പെടുത്താനുള്ള ഫയര്‍ഫോഴ്‌സിന്റെ ജീവന്‍മരണ പോരാട്ടമാണ് ബാക്ക് ടു ലൈഫ് എന്ന ഹ്രസ്വ സിനിമയിലൂടെ പറയുന്നത്. അഗ്നിരക്ഷാസേനയുടെ സേവനം ആവശ്യപ്പെടുന്നവര്‍ ഒരിക്കലും ഫയര്‍മാന്‍മാരുടെ ജീവിതത്തെ ഓര്‍ക്കാറില്ല. അല്‍പമൊന്ന് വൈകിപ്പോയാല്‍ ശകാരിക്കുന്ന സമൂഹത്തിനുള്ള മറുപടിയും ചോദ്യങ്ങള്‍ക്കുള്ള ഉത്തരവുമാണ് പത്തു മിനിറ്റു നീണ്ട ചിത്രീകരണത്തിലൂടെ പങ്കുവെക്കുന്നത്.
ചിത്രത്തിന്റെ തിരക്കഥയും സംവിധാനവും നിര്‍വ്വഹിച്ചിരിക്കുന്നത് ഫയര്‍ ആന്റ് റെസ്‌ക്യൂ ഓഫീസറും ഉളിക്കല്‍ മാട്ടറ സ്വദേശിയുമായ അനീഷ് മാത്യുവാണ്. സിനിമയില്‍ അഭിനയിച്ചിരിക്കുന്നത് ഇരിട്ടി നിലയത്തിലെ ജീവനക്കാരാണ്. ഇരിട്ടി യൂണീറ്റ് സിവില്‍ ഡിഫന്‍സ് ഡെപ്യൂട്ടി വാര്‍ഡന്‍ ഡോളമി കുര്യാച്ചനാണ് ക്യാമറയും എഡിറ്റിംങ്ങും നിര്‍വ്വഹിച്ചത്. ഇരിട്ടി നിലയവും സമീപ പ്രദേശങ്ങളിലുമായാണ് ചിത്രീകരണം പൂര്‍ത്തീകരിച്ചിരിക്കുന്നത്. കണ്ണൂര്‍ വിഷന്‍ ചാനല്‍ റിപ്പോര്‍ട്ടര്‍ ഷിന്റോ തോമസ്, ഹൈവിഷന്‍ ചാനല്‍ റിപ്പോട്ടര്‍ ഉന്‍മേഷ് പായം എന്നിവര്‍ സാങ്കേതിക സഹായങ്ങള്‍ നല്‍കി. തുടക്കം മുതല്‍ അവസാനം വരെ പ്രേഷകരെ അക്ഷമരാക്കുന്ന സീനുകളാണ് ഈ ടെലിഫിലിമിലൂടെ പ്രധാനം ചെയ്യുന്നത്. ഈഗിള്‍സ് ഐ ഇരിട്ടി എന്ന യൂടൂബ് ചാനലിലൂടെയാണ് സിനിമ റിലീസ് ചെയ്തിരിക്കുന്നത്.
ഇരിട്ടി നിലയം റിക്രിയേഷന്‍ ക്ലബ്ബിന്റെ നേതൃത്വത്തില്‍ നടന്ന ചടങ്ങിന് സ്റ്റേഷന്‍ ഓഫീസര്‍ കെ. രാജീവന്‍ അധ്യക്ഷത വഹിച്ചു. ക്ലബ്ബ് സെക്രട്ടറി മെഹറൂഫ് വാഴോത്ത് സ്വാഗതം പറഞ്ഞ ചടങ്ങില്‍ ബൈജു കോട്ടായി, പി.പി. രാജീവന്‍, പി.എച്ച്. നൗഷാദ്, അനീഷ് കുമാര്‍ കീഴ്പ്പള്ളി, ദിലീപ് കുമാര്‍, അനീഷ് മാത്യു, ഡോളമി കുര്യാച്ചന്‍, ബെന്നി കെ സേവ്യര്‍ തുടങ്ങിയവര്‍ സംസാരിച്ചു. ചടങ്ങില്‍ അഗ്നിരക്ഷാ സേന നേരിട്ട 101 സംഭവങ്ങളുടെ ദൃശ്യങ്ങള്‍ വരച്ചു ചേര്‍ത്ത മാഗസീനിന്റെ പേര് പ്രകാശനവും നടന്നു.