ആകാശ് തില്ലങ്കേരിക്കെതിരെയുള്ള കേസ്; ഒളിവിൽ കഴിയുന്ന പ്രതികളെ കണ്ടെത്താനും അന്വേഷണത്തിനും പോലീസിന്റെ സ്‌പെഷ്യൽസ്‌ക്വാഡ്

ആകാശ് തില്ലങ്കേരിക്കെതിരെയുള്ള കേസ്; ഒളിവിൽ കഴിയുന്ന പ്രതികളെ കണ്ടെത്താനും അന്വേഷണത്തിനും  പോലീസിന്റെ  സ്‌പെഷ്യൽസ്‌ക്വാഡ്ഇരിട്ടി: സാമൂഹിക മാധ്യമത്തിലൂടെ സ്ത്രീത്വത്തെ അപമാനിച്ചതായുള്ള പരാതിയിൽ ജാമ്യമില്ല വകുപ്പ് പ്രകാരം ആകാശ് തില്ലങ്കേരിക്കും മറ്റ് രണ്ട് പേർക്കുമെതിരെ മുഴക്കുന്ന് പോലീസ് റജിസ്റ്റർ ചെയ്ത കേസിൽ ഒളിവിൽ കഴിയുന്ന പ്രതികളെ കണ്ടെത്താൻ പോലീസ് പ്രത്യേക സ്‌ക്വാഡ് രൂപവത്ക്കരിച്ചു. മുഴക്കുന്ന് സി ഐ  രജീഷ് തെരുവത്ത് പീടികയുടേയും മട്ടന്നൂർ സി ഐ   എം. കൃഷ്ണന്റെയും നേതൃത്വത്തിൽ രണ്ട് സ്‌ക്വാഡിനാണ് രൂപം നൽകിയിരിക്കുന്നത്. മന്ത്രി എം.ബി. രാജേഷിന്റെ പേഴ്‌സണൽ സ്റ്റാഫ് അംഗത്തിന്റെ ഭാര്യ നല്കിയ പരാതിയിലാണ് അകാശ് തില്ലങ്കേരിക്കും ആകാശിന്റെ സഹപ്രവർത്തകരായ ജിജോ, ജയപ്രകാശ് എന്നിവർക്കുമെതിരെ കേസെടുത്തത്.  തില്ലങ്കേരി വഞ്ഞേരിയിലെ വീട്ടിൽ കഴിഞ്ഞ രാത്രി രണ്ട് തവണ പോലീസ് പരിശോധനക്കെത്തിയെങ്കിലും ആകാശിനെ  കണ്ടെത്താൻ കഴിഞ്ഞില്ല. മൂന്ന് പേരും ഒളിവിൽപോയി മുൻകൂർ ജാമ്യത്തിനായി  ശ്രമം തുടങ്ങിയിട്ടുമുണ്ട്. മൂന്ന് പേരുടേയും മൊബൈൽ ഫോണും നിശ്ചലമാണ്. ഡി വൈ എഫ് ഐയുടെ യോഗത്തിൽ ആകാശ് തില്ലങ്കേരിയെ വിമർശിച്ചതിന് സാമൂഹ്യ മാധ്യമത്തിലൂടെ അപമാനിച്ചുവെന്നാണ് മൂന്ന് പേർക്കുമെതിരേയുള്ള പരാതി