അലക്ഷ്യമായി കാറിന്‍റെ ഡോർ തുറന്നു; തൃശൂരിൽ സ്കൂട്ടർ യാത്രക്കാരിയുടെ ജീവൻ നഷ്ടമായി

തൃശൂർ: പെരിഞ്ഞനത്ത് കാറിന്‍റെ ഡോറിൽ തട്ടി സ്കൂട്ടർ യാത്രക്കാരി മരിച്ചു. മതിലകം കാതിക്കോട് സ്വദേശി താളിയാരിൽ അൻവറിന്‍റെ ഭാര്യ ജുബേരി (35) യാണ് മരിച്ചത്. ഞായറാഴ്ച്ച വൈകുന്നേരം പെരിഞ്ഞനം പഞ്ചായത്ത് ഓഫീസിനു സമീപമാണ് അപകടം ഉണ്ടായത്. റോഡരികിൽ നിർത്തിയിട്ടിരുന്ന കാറിന്‍റെ ഡോർ പെട്ടെന്ന് തുറക്കുകയും അതുവഴി വന്ന ജുബേരി ഡോറിൽത്തട്ടി നിലത്ത് വീഴുകയുമായിരുന്നു. തലക്ക് ഗുരുതരമായി പരിക്കേറ്റ ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.