'ആകാശ് തില്ലങ്കേരി ക്വട്ടേഷൻ രാജാവ്; ഷുഹൈബ് വധത്തിൽ സിപിഎമ്മിന് പങ്കില്ല': എംവി ജയരാജൻ

'ആകാശ് തില്ലങ്കേരി ക്വട്ടേഷൻ രാജാവ്; ഷുഹൈബ് വധത്തിൽ സിപിഎമ്മിന് പങ്കില്ല': എംവി ജയരാജൻ


കണ്ണൂർ : യൂത്ത് കോൺഗ്രസ് നേതാവ് എടയന്നൂരിലെ ഷുഹൈബിന്റെ വധത്തിൽ സിപിഎമ്മിന് പങ്കില്ലെന്ന് കണ്ണൂർ സിപിഎം ജില്ലാ സെക്രട്ടറി എംവി ജയരാജൻ. കേസിലെ ഒന്നാം പ്രതിയായ ആകാശ് തില്ലങ്കേരി നടത്തുന്നത്  മാപ്പ് സാക്ഷിയാകാനുളള ശ്രമമാണെന്ന് എംവി ജയരാജൻ വാർത്താസമ്മേളനത്തിൽ ആരോപിച്ചു. ഈ കേസിൽ ഒരു അന്വേഷണത്തെയും പാർട്ടി ഭയക്കുന്നില്ല. യഥാർത്ഥ പ്രതികളാണ് പൊലീസ് പിടിയിലായത്. മാലിന്യ നിക്ഷേപ കേന്ദ്രമായി ആകാശ് തില്ലങ്കേരി മാറിയെന്നും ജയരാജൻ പരിഹസിച്ചു. 

ക്വട്ടേഷൻ രാജാവാണ് ആകാശ്. താൻ ക്വട്ടേഷൻ നടത്തിയെന്നും കൊല നടത്തിയെന്നും ആകാശ് തന്നെ പറയുന്നു. ഏത് നേതാവാണ് കൊല നടത്താൻ ആവശ്യപ്പെട്ടത് എന്ന് ആകാശ് പറയട്ടേ. ആകാശിനെതിരെ പൊലീസ് അന്വേഷണം നടത്തണമെന്നും ജയരാജൻ ആവശ്യപ്പെട്ടു. ആകാശ് തില്ലങ്കേരിയടക്കം ക്രിമിനൽ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നവർക്കെതിരെ ഉചിതമായ നിയമ നടപടി സ്വീകരിക്കണം. കാപ്പ ചുമത്തണമെങ്കിൽ അതും വേണം. ഒരു ക്വട്ടേഷൻ സംഘത്തിനും പാർട്ടിയുടെ സഹായം കിട്ടില്ലെന്നും ജയരാജൻ പറഞ്ഞു.