പരവൂരിൽ ഒരുവയസുകാരനായ കുഞ്ഞിനൊപ്പം അമ്മ ട്രെയിനിന് മുന്നിൽ ചാടി മരിച്ചു

പരവൂരിൽ ഒരുവയസുകാരനായ കുഞ്ഞിനൊപ്പം അമ്മ ട്രെയിനിന് മുന്നിൽ ചാടി മരിച്ചു


കൊല്ലം: പരവൂരിൽ കു‌‌ഞ്ഞിനൊപ്പം അമ്മ ട്രെയിനിന് മുന്നിൽ ചാടി മരിച്ചു. ഒഴുകുപാറ സ്വദേശി ശ്രീലക്ഷ്മി മകൻ ആരവ് എന്നിവരാണ് മരിച്ചത്. സംഭവത്തിൽ പരവൂര്‍ പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. ഒല്ലാല്‍ ലവല്‍ക്രോസിന് സമീപം വൈകിട്ട് നാലരയോടെയാണ് സംഭവം. തിരുവനന്തപുരത്തേക്ക് വരികയായിരുന്ന നേത്രാവതി എക്സ്പ്രസിന് മുന്നിലേക്ക് ഒരു വയസുകാരനായ മകനുമായി ശ്രീലക്ഷ്മി  എടുത്തു ചാടുകയായിരുന്നു. അപകടമുണ്ടായ ഉടൻ ലോക്കോ പൈലറ്റ് ട്രെയിൻ നിര്‍ത്തി പൊലീസിനെ വിവരം അറിയിച്ചു. 

കൊല്ലം ആര്‍പിഎഫും പരവൂർ പൊലീസും സ്ഥലത്തെത്തി മൃതദേഹം പാരിപ്പള്ളി മെഡിക്കൽ കോളേജിലേക്ക് മാറ്റി. മടവൂര്‍ സ്വദേശിയായ ഗ്രിന്‍റോ ഗിരീഷാണ് ശ്രീലക്ഷ്മിയുടെ ഭര്‍ത്താവ്. ഏതാനും മാസങ്ങൾക്ക് മുമ്പാണ് ഗ്രിന്‍റോ വിദേശത്തേക്ക് പോയത്. പരവൂര്‍ പൊലീസ് അസ്വഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണം തുടങ്ങി. പ്രസവത്തിന് ശേഷം ശ്രീലക്ഷ്മി വിഷാദാവസ്ഥയിലായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്. ഇതാകാം ആത്മഹത്യയിലേക്ക് നയിച്ചതെന്നുമാണ് അന്വേഷണ സംഘത്തിന്‍റെ പ്രാഥമിക നിഗമനം.