
പ്രധാനമന്ത്രി ആവാസ യോജനയിൽ നിന്നുള്ള പണം കിട്ടിയതിന് പിന്നാലെ ഉത്തർപ്രദേശിലെ ബാരാബങ്കി ജില്ലയിൽ നാല് യുവതികൾ ഭർത്താക്കന്മാരെ ഉപേക്ഷിച്ച് കാമുകന്മാർക്കൊപ്പം പോയി. പണം തിരിച്ചെടുക്കുന്നതിന് വേണ്ടി ഇപ്പോൾ അധികൃതർ ഈ നാല് യുവതികൾക്കും വേണ്ടി അന്വേഷിച്ചു കൊണ്ടിരിക്കുകയാണ്.
സാമ്പത്തികമായി പിന്നോക്കം നിൽക്കുന്നവർക്ക് ഭവന നിർമ്മാണത്തിന് വേണ്ടി പണം നൽകുന്ന പദ്ധതിയാണ് പ്രധാന മന്ത്രി ആവാസ യോജന. പ്രസ്തുത പദ്ധതിപ്രകാരം കുടുംബനാഥ വീടിന്റെ ഉടമയോ സഹഉടമയോ ആകണമെന്ന കാര്യത്തിലും നിർബന്ധമുണ്ട്. ഇതുപ്രകാരം ഗുണഭോക്താക്കളുടെ ബാങ്ക് അക്കൗണ്ടിലേക്കാണ് ഈ പണം വരുന്നത്.
ആദ്യത്തെ ഗഡുവായി 50,000 രൂപയാണ് ഈ സ്ത്രീകളുടെ അക്കൗണ്ടിൽ വന്നത്. പിന്നാലെ, അവർ വീട്ടുകാരെ ഉപേക്ഷിച്ച് കാമുകന്മാർക്കൊപ്പം പോവുകയായിരുന്നു. ജില്ലാ നഗര വികസന ഏജൻസിയിൽ നിന്നും വീട് പണി എത്രയും പെട്ടെന്ന് തുടങ്ങണം എന്ന് നിരന്തരം അറിയിപ്പുണ്ടായിരുന്നു. എന്നാൽ, പണം ലഭിച്ച ഈ നാല് കുടുംബങ്ങളിൽ നിന്നും ഇതിന് പ്രതികരണം ഒന്നും തന്നെ ലഭിച്ചില്ല. ഇതേ തുടർന്ന് ഉദ്യോഗസ്ഥർ സംഭവം അന്വേഷിക്കുകയായിരുന്നു. അപ്പോഴാണ് ഈ നാല് യുവതികളും കാമുകന്മാർക്കൊപ്പം പോയതായി അറിയുന്നത്.
തങ്ങൾ വളരെ അധികം നിസ്സഹായരാണ് എന്നായിരുന്നു ഭർത്താക്കന്മാർ ഉദ്യോഗസ്ഥരോട് പറഞ്ഞത്. മാത്രമല്ല, ഇതിന്റെ രണ്ടാമത്തെ ഗഡു അതേ അക്കൗണ്ടുകളിലേക്ക് അയക്കരുത് എന്നും ഇവർ ഉദ്യോഗസ്ഥരോട് അപേക്ഷിച്ചു. പണം ദുരുപയോഗം ചെയ്തതിന് തങ്ങൾ കാരണക്കാരാകുമോ, തങ്ങൾക്കും നിയമ നടപടികൾ നേരിടേണ്ടി വരുമോ എന്നൊക്കെയുള്ള ഭയത്തിലാണ് ഇപ്പോൾ ഭർത്താക്കന്മാർ.
ഏതായാലും യുവതികൾ പണവും കൊണ്ട് പോയാലും ആ പണം തിരിച്ചെടുക്കാനുള്ള എല്ലാ വഴികളും നോക്കുന്നുണ്ട് എന്നാണ് ഉദ്യോഗസ്ഥർ പറയുന്നത്