ഉണങ്ങിയ മരം മുറിയ്ക്കാന്‍ നോക്കി; പിന്നീട് കേട്ടത് കൂട്ടനിലവിളി, മരിയക്ക് ജീവന്‍ നഷ്ടമായത് നിമിഷ നേരം കൊണ്ട്

ഉണങ്ങിയ മരം മുറിയ്ക്കാന്‍ നോക്കി; പിന്നീട് കേട്ടത് കൂട്ടനിലവിളി, മരിയക്ക് ജീവന്‍ നഷ്ടമായത് നിമിഷ നേരം കൊണ്ട്


കല്‍പ്പറ്റ: വൈത്തിരിയില്‍ കാപ്പി പറിക്കുന്നതിനിടെ മരക്കൊമ്പ് തലയില്‍ വീണ് തൊഴിലാളി മരിച്ച സംഭവത്തിന്റെ ഞെട്ടലിലാണ്  പൂഞ്ചോല പ്രദേശം. ചാരിറ്റി അംബേദ്ക്കര്‍ കോളനിയിലെ മരിയ ദാസിന്റെ ഭാര്യ മരിയ (57) ആണ് ഇന്ന് രാവിലെ പതിനൊന്നരയോടെ ഉണ്ടായ അപകടത്തില്‍ മരിച്ചത്. പൂഞ്ചോലയിലെ സ്വകാര്യ വ്യക്തിയുടെ തോട്ടത്തില്‍ കാപ്പി പറിക്കുന്നതിനിടെയായിരുന്നു അപകടം. 

ഉണങ്ങി നില്‍ക്കുന്ന മരം മറ്റു തൊഴിലാളികളോടൊപ്പം ചേര്‍ന്ന് മുറിച്ച് തള്ളിയിടാനുള്ള ശ്രമത്തിനിടെ മരക്കൊമ്പ് പൊട്ടിവന്ന് മരിയയുടെ തലയിലിടിക്കുകയായിരുന്നു. വീഴ്ചയില്‍ മരിയ മരത്തടിക്ക് അടിയിലായിപോയി. കൂടെയുള്ളവര്‍ ചേര്‍ന്ന് മരത്തടി ഇവരുടെ ദേഹത്ത് നിന്ന് മാറ്റി താഴെ തോട്ടത്തിലുണ്ടായിരുന്ന ഉടമയെ അറിയിക്കുകയും, സമീപത്തെ റിസോര്‍ട്ടിലുണ്ടായിരുന്നവരടക്കം ചേര്‍ന്ന് ഉടന്‍ വൈത്തിരി താലൂക്കാശുപത്രിയിലെത്തിക്കുകയുമായിരുന്നു. എന്നാല്‍ ആശുപത്രിയിലേക്കുള്ള വഴിമധ്യേ തന്നെ മരിയക്ക് ജീവന്‍ നഷ്ടമായിരുന്നുവെന്ന് വൈത്തിരി പഞ്ചായത്ത് ഏഴാംവാര്‍ഡ് അംഗം ഡോളി ഏഷ്യനെറ്റ് ന്യൂസ് ഓണ്‍ലൈനിനോട് പറഞ്ഞു. 

തിരുനെല്‍വേലി സ്വദേശികളായ മരിയദാസും മരിയയും 35 വര്‍ഷം മുമ്പാണ് ജോലിക്കായി വൈത്തിരിയിലെത്തുന്നത്. ഭര്‍ത്താവ് മരിയദാസും കല്‍പ്പറ്റയില്‍ സ്വകാര്യ വ്യക്തിയുടെ തോട്ടത്തിലെ തൊഴിലാളിയാണ്. വര്‍ഷങ്ങളായി വാടക വീട്ടില്‍ താമസിക്കുകയായിരുന്ന ഇവരുടെ പേര് ഇത്തവണ ലൈഫ് ഭവന പദ്ധതി പട്ടികയില്‍ ഉള്‍പ്പെടുത്തിയിരുന്നതായും വാര്‍ഡ് അംഗം ഡോളി പറഞ്ഞു. വൈത്തിരി താലൂക്ക് ആശുപത്രിയിലുള്ള മൃതദേഹം പോസ്റ്റുമാര്‍ട്ടം നടപടികള്‍ക്ക് ശേഷം ബന്ധുക്കള്‍ക്ക് വിട്ടു നല്‍കും. സാലമോന്‍, റൂബന്‍ എന്നിവരാണ് മക്കള്‍. രണ്ട് പേരും തിരുനെല്‍വേലിയിലാണ്. മക്കളും മറ്റു ബന്ധുക്കളുമെത്തിയ ശേഷം മൃതദേഹം തിരുനെല്‍വേലിയിലേക്ക് കൊണ്ടുപോകും.