കൊച്ചിയിലെത്തിയ വിമാനത്തിന്റെ ടോയിലെറ്റിൽ മൂന്നര കിലോ സ്വർണം, ശുചിമുറി കേന്ദ്രീകരിച്ച് കടത്ത് പദ്ധതി പാളി

കൊച്ചിയിലെത്തിയ വിമാനത്തിന്റെ ടോയിലെറ്റിൽ മൂന്നര കിലോ സ്വർണം, ശുചിമുറി കേന്ദ്രീകരിച്ച് കടത്ത് പദ്ധതി പാളി


കൊച്ചി: വിമാനത്തിന്റെ ശുചി മുറിയിൽ ഒളിപ്പിച്ച് കടത്താൻ ശ്രമിച്ച മൂന്നര കിലോ സ്വർണം  നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ പിടികൂടി. മാലിദ്വീപിൽ നിന്നെത്തിയ ഇൻഡിഗോ വിമാനത്തിന്റെ ശുചി മുറിയിൽ നിന്നാണ് ഡയറക്ടറേറ്റ് ഓഫ് റെവന്യു ഇന്റലിജൻസ് സ്വർണം പിടികൂടിയത്. മസ്കറ്റിൽ നിന്നും മാലി വഴി നെടുന്പാശേരിയിൽ എത്തിയ വിമാനം പിന്നീട് ഹൈദരാബാദിലേക്ക് പോകേണ്ടതായിരുന്നു. മസ്കറ്റിൽ  നിന്നുമെത്തിയ ആരെങ്കിലുമാകാം സ്വർണം കൊണ്ടുവന്നതെന്നാണ് സംശയം. ഇത് ശുചി മുറിയിലൊളിപ്പിച്ചത് നെടുമ്പാശേരിയിൽ നിന്നും കയറിയ ആരെങ്കിലും വഴി ഹൈദരാബാദിലിറക്കാൻ ആയിരിന്നുരിക്കാം പദ്ധതി എന്നാണ് നിഗമനം.


അതേസമയം, കള്ളക്കടത്തുകാർ കടലിൽ ഉപേക്ഷിച്ച 10.5 കോടി രൂപ വിലമതിക്കുന്ന 17.74 കിലോ സ്വർണം വീണ്ടെടുത്ത് ഇന്ത്യൻ കോസ്റ്റ് ഗാർഡ്. കഴിഞ്ഞ ദിവസം മധുരക്ക് സമീപത്തെ രാമനാഥപുരത്താണ് സംഭവം. ഇന്ത്യൻ കോസ്റ്റ് ​ഗാർഡും ഡിപ്പാർട്ട്‌മെന്റ് ഓഫ് റവന്യൂ ഇന്റലിജൻസും നടത്തിയ സംയുക്ത ഓപ്പറേഷനിലാണ് മൂന്ന് പേർ ചേർന്ന് നടത്തിയ സ്വർണക്കടത്ത് നീക്കം പരാജയപ്പെടുത്തിയത്. ശ്രീലങ്കയിൽ നിന്ന് നാടൻ ബോട്ടിൽ സ്വർണം കടത്തുകയായിരുന്നു സംഘം. ബോട്ട് ഇന്ത്യൻ കോസ്റ്റ് ഗാർഡ് പിടികൂടിയപ്പോൾ രാമനാഥപുരം ജില്ലയിലെ മണ്ഡപം തീരത്ത് ഇവർ സ്വർണം കടലിൽ എറിഞ്ഞു. സ്വർണം വീണ്ടെടുക്കാൻ കോസ്റ്റ് ഗാർഡ് സ്‌റ്റേഷൻ സ്‌കൂബാ ഡൈവർമാരെ വിന്യസിച്ചു. ഏറെ നേരത്തെ തിരച്ചിലിനൊടുവിൽ സ്കൂബാ സംഘം സ്വർണം വീണ്ടെടുത്തു. 

 ശ്രീലങ്കയിൽ നിന്ന് മണ്ഡപം തീരത്തേക്ക് സ്വർണം കടത്തുന്നതായി റവന്യൂ ഇന്റലിജൻസ് വകുപ്പിന് രഹസ്യവിവരം ലഭിച്ചതിനെ തുടർന്നാണ് പരിശോധന നടത്തിയത്. ശ്രീലങ്കയിലെ സാമ്പത്തിക പ്രതിസന്ധിയുടെ പശ്ചാത്തലത്തിൽ, മയക്കുമരുന്ന്, ബീഡി ഇലകൾ, വളങ്ങൾ, വസ്ത്രങ്ങൾ എന്നിവയും അനധികൃതമായി കടത്തുന്നുവെന്നും റിപ്പോർട്ടുകളുണ്ടായിരുന്നു. കോസ്റ്റ് ഗാർഡ് സ്റ്റേഷൻ ഡിആർഐയുടെ സംയുക്ത സംഘത്തോടൊപ്പം ഒരു ഇന്റർസെപ്റ്റർ ബോട്ട് വിന്യസിച്ചു. ബുധനാഴ്ച രാത്രി ഇന്റർസെപ്റ്റർ ബോട്ട് സംശയാസ്പദമായ ഒരു ബോട്ട് തടഞ്ഞുനിർത്തി. എന്നാൽ ബോട്ടിൽ തിരച്ചിൽ നടത്തിയപ്പോൾ കള്ളക്കടത്തുകാർ സ്വർണം കടലിൽ എറിഞ്ഞതായി ഉദ്യോഗസ്ഥർ കണ്ടെത്തി.